ശ്രീജിത്ത് വീരനായകന്‍, ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ

FIH പ്രൊലീഗിന്റെ രണ്ടാം പാദത്തില്‍ ഇന്ത്യയ്ക്ക് വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2 എന്ന സ്കോറിന് സമനില പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ ഇന്ത്യ 3-1ന്റെ വിജയം കരസ്ഥമാക്കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യ 2-1ന് മുന്നിലായിരുന്നു. 23ാം മിനുട്ടില്‍ ഓസ്ട്രേലിയയെ ട്രെന്റ് മിട്ടണ്‍ മുന്നിലെത്തിച്ചപ്പോള്‍ രണ്ട് മിനുട്ടിനുള്ളില്‍ രൂപീന്ദര്‍ സിംഗിലൂടെ ഇന്ത്യ സമനില കണ്ടെത്തി. 27ാം മിനുട്ടില്‍ ഹര്‍മ്മന്‍പ്രീത് സിംഗ് ഇന്ത്യയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയില്‍ 46ാം മിനുട്ടിലാണ് അരന്‍ സാല്‍േവസ്കി ഓസ്ട്രേലിയയുടെ സമനില ഗോള്‍ കണ്ടെത്തിയത്. ഷൂട്ടൗട്ടില്‍ ഓസ്ട്രേലിയയ്ക്ക് വേണ്ടി ഡാനിയേല്‍ ബേല്‍ മാത്രമാണ് ഗോള്‍ കണ്ടെത്തിയത്. ടിം ബ്രാന്‍ഡ്, നഥാന്‍ എഫാര്‍മസ്, ജേക്ക് ഹാര്‍വി എന്നിവരുടെ ശ്രമങ്ങള്‍ ശ്രീജിത്ത് തടയുകയായിരുന്നു.

ഇന്ത്യയ്ക്കായി ഹര്‍മ്മന്‍പ്രീത് സിംഗ്, വിവേക് പ്രസാദ്, ലളിത് ഉപാധ്യായ എന്നിവര്‍ ഷൂട്ടൗട്ടില്‍ ഗോളുകള്‍ കണ്ടെത്തി.