ഇന്ത്യയ്ക്ക് ദയനീയ പരാജയം

ഓസ്ട്രേലിയന്‍ പര്യടനത്തിനിറങ്ങിയ ഇന്ത്യന്‍ സീനിയര്‍ പുരുഷ ഹോക്കി ടീമിനും നാണം കെട്ട തോല്‍വി. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനുട്ടില്‍ ബ്ലേക്ക് ഗോവേഴ്സ് ആണ് ഓസ്ട്രേലിയയ്ക്ക് ആദ്യ ഗോള്‍ നേടിക്കൊടുത്തത്. 20ാം മിനുട്ടില്‍ ജെറിമി ഹേവാര്‍ഡ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കുമ്പോള്‍ സ്കോര്‍ 2-0 എന്ന നിലയില്‍ ഓസ്ട്രേലിയ ലീഡ് ചെയ്യുകയായിരുന്നു.

പിന്നീട് രണ്ടാം പകുതിയില്‍ ഗോള്‍ പിറക്കാതിരുന്നപ്പോള്‍ മത്സരം ഇതേ സ്കോര്‍ ലൈനില്‍ അവസാനിക്കുമെന്ന് കരുതിയെങ്കിലും മിനുട്ടുകള്‍ അവശേഷിക്കെ 59ാം മിനുട്ടില്‍ ജെറിമി തന്റെ രണ്ടാം ഗോള്‍ നേടിയപ്പോള്‍ അവസാന മിനുട്ടില്‍ ബ്ലേക്കും തന്റെ രണ്ടാം ഗോള്‍ നേടി ഇന്ത്യയ്ക്ക് ദയനീയ തോല്‍വി നല്‍കുകയായിരുന്നു.