ബെൽജിയം ഗ്രാന്റ് പ്രീയിലും മെഴ്‌സിഡസ് ആധിപത്യം, കരിയറിലെ 89 ജയവുമായി ഹാമിൾട്ടൻ

ബെൽജിയം ഗ്രാന്റ് പ്രീയിലും ആധിപത്യം തുടർന്ന് മെഴ്‌സിഡസ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ എതിരാളികൾക്ക് ഒരവസരവും നൽകിയില്ല. മെഴ്‌സിഡസിന്റെ വെറ്റാറി ബോട്ടാസ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ മൂന്നാമത് എത്തി. റേസിൽ ഉടനീളം ആദ്യ മൂന്ന് സ്ഥാനത്ത് റേസ് തുടങ്ങിയവർ തന്നെ അവസാനം വരെ തുടരുന്നത് ആണ് കാണാൻ സാധിച്ചത്. ജയത്തോടെ ലോക കിരീടത്തിലേക്കുള്ള തന്റെ ലീഡ് ഹാമിൾട്ടൻ ഉയർത്തി. ബെൽജിയം ഗ്രാന്റ് പ്രീയിൽ ഇത് നാലാം തവണയാണ് ഹാമിൾട്ടൻ ജയം കാണുന്നത്.

കരിയറിൽ ആവട്ടെ ഇത് 89 തവണയാണ് ബ്രിട്ടീഷ് ഡ്രൈവർ റേസിൽ ജയം കാണുന്നത്. ഏഴാം ലോക കിരീടം തന്നെയാണ് തന്റെ ലക്ഷ്യം എന്നു ഒരിക്കൽ കൂടി ഹാമിൾട്ടൻ ട്രാക്കിൽ ഉറപ്പിച്ചു പറഞ്ഞു. ജയത്തിനു ശേഷം ഇന്നലെ അന്തരിച്ച ഹോളിവുഡ് നടനും ബ്ളാക്ക് പാന്തർ നായകനും ആയ ചാഡ്വിക് ബോസ്മാനെ ഓർത്ത ഹാമിൾട്ടൻ ‘വക്കാണ്ട ഫോർഎവർ’ അടയാളവും കാണിച്ചു. മൂന്നാമത് എത്തിയ മാക്‌സ് വെർസ്റ്റാപ്പന്റെ തുടർച്ചയായ ആറാം പോഡിയം ഫിനിഷ് കൂടിയായിരുന്നു ഇത്. സെബാസ്റ്റ്യൻ വെറ്റൽ 13 സ്ഥാനത്തും ചാൾസ് ലെക്ലെർക്ക് 15 സ്ഥാനത്തും ആണ് റേസ് അവസാനിപ്പിച്ചത് എന്നതിനാൽ തന്നെ ഫെരാരിക്ക് വളരെ മോശം ദിനം ആയിരുന്നു ഇന്ന്.