വംശീയതക്ക് എതിരായ ടീ ഷർട്ട്, ലൂയിസ് ഹാമിൾട്ടൻ ഫോർമുല വൺ അന്വേഷണം നേരിട്ടേക്കും.

- Advertisement -

ടുസ്കാൻ ഗ്രാന്റ് പ്രീയിൽ തന്റെ രാഷ്ട്രീയം വ്യക്തമാക്കിയ ബ്രിട്ടീഷ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു എതിരെ ഫോർമുല വൺ അധികൃതർ അന്വേഷണം നടത്തിയേക്കും. ടുസ്കാൻ ഗ്രാന്റ് പ്രീയിൽ റേസ് തുടങ്ങുന്നതിനു മുമ്പും ട്രോഫി മേടിക്കാനും ‘ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം’ എന്നു എഴുതിയ ടീ ഷർട്ട് അണിഞ്ഞാണ് ഹാമിൾട്ടൻ എത്തിയത്. പോലീസ് അതിക്രമങ്ങൾക്കും വംശീയതക്കും എതിരായ വലിയ സന്ദേശം ആയിരുന്നു ഹാമിൾട്ടൻ നൽകിയത്. ആറു മാസം മുമ്പ് പൊലീസുകാരാൽ 8 തവണ വെടിയേറ്റു സ്വന്തം വീട്ടിൽ വച്ചാണ് ബ്രെയോണ ടൈലർ എന്ന കരുത്തവർഗ്ഗക്കാരി കൊല്ലപ്പെടുന്നത്. ലോകം മുഴുവൻ ഉയർന്നു വന്ന പ്രതിഷേധത്തിന്റെ ഭാഗം ആവുക ആയിരുന്നു ഹാമിൾട്ടൻ.

അവരുടെ പേര് പറയുക എന്നു എഴുതിയ ബ്രെയോണ ടൈലറിന്റെ ഫോട്ടോയും ടീ ഷർട്ടിൽ ഉണ്ടായിരുന്നു. അതേസമയം രാഷ്ട്രീയകാര്യങ്ങൾ ഫോർമുല വണ്ണിൽ പ്രകടമാക്കരുത് എന്ന നിയമം ഹാമിൾട്ടൻ ലംഘിച്ചോ എന്ന കാര്യം ആണ് ഫോർമുല വൺ അധികൃതർ അന്വേഷിക്കുക. എന്നാൽ ഇത് രാഷ്ട്രീയം അല്ല മാനുഷിക വിഷയം ആണെന്ന നിലപാട് ആണ് മെഴ്‌സിഡസിന്. എല്ലാ അർത്ഥത്തിലും ഹാമിൾട്ടനെ പിന്തുണക്കും എന്നും അവർ അറിയിച്ചു. സ്വന്തം വീട്ടിൽ കൊല്ലപ്പെടാൻ മാത്രം വംശീയത കാരണം ആവുന്നു എങ്കിൽ ആ കൊലപാതകം ചെയ്തവ വംശീയ വെറിയന്മാർ സ്വതന്ത്രരായി നടക്കുന്നു എങ്കിൽ അതിനു എതിരെ ശ്രദ്ധ ക്ഷണിക്കേണ്ടത് തന്റെ കടമ ആണെന്നാണ് ഹാമിൾട്ടൻ പറഞ്ഞത്. വംശീയതക്ക് എതിരെ നിരവധി നിലപാടുകൾ ആണ് ഫോർമുല വൺ ഈ സീസണിൽ എടുത്തത്, ഹാമിൾട്ടൻ ആവട്ടെ അതിന്റെ മുന്നണി പോരാളിയും ആയിരുന്നു. ഈ നിലപാട് കാരണം ഹാമിൾട്ടനെ ഫോർമുല വൺ ശിക്ഷിക്കുമോ എന്നു കണ്ടറിയണം.

Advertisement