മഴ മൂലം നനഞ്ഞ ട്രാക്കിൽ സമീപകാലത്തെ ഏറ്റവും വലിയ തിരിച്ചടി സ്വന്തം രാജ്യത്തിൽ മെഴ്‌സിഡസിന് ഏറ്റപ്പോൾ ഫോർമുല 1 ഇന്ന് സാക്ഷിയായത് നാടകീയതയും ആവേശവും നിറഞ്ഞ ഒരു ഗ്രാന്റ് പ്രീക്ക്. 7 ഡ്രൈവർമാർ അപകടത്തിൽ പെട്ടു പിന്മാറിയ റേസിൽ ഒന്നാം പോൾ പൊസിഷനിൽ ആണ് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടൻ തുടങ്ങിയത്. രണ്ടാമത് റെഡ് ബുള്ളിന്റെ മാർക്ക് വേർസ്റ്റാപ്പനും മൂന്നാമത് ഹാമിൾട്ടന്റെ സഹതാരവും മുഖ്യഎതിരാളിയും ആയ ബോട്ടാസും. ഏറ്റവും അവസാനത്തിലാണ് ഫെരാരി താരവും മുൻ ലോകജേതാവും ആയ സെബ്യാസ്റ്റൃൻ വെറ്റൽ റേസ് തുടങ്ങിയത്. തുടക്കം മുതലെ ഡ്രൈവർമാർ പിന്മാറുന്നത് കണ്ടു റേസിൽ. ഏതാണ്ട് റേസിന്റെ പകുതിയിൽ വച്ച് അത് വരെ നന്നായി ഡ്രൈവ് ചെയ്ത ഫെരാറിയുടെ ചാൾസ് ലെക്ലെർക്ക് അപകടത്തിൽ പെട്ടു പിന്മാറിയപ്പോൾ തുടർച്ചയായ രണ്ടാം വർഷവും ജർമനിയിൽ തങ്ങളുടെ കാർ അപകടത്തിൽ പെട്ട് പിന്മാറുന്ന ദുർഗതി ഫെരാരി നേരിട്ടു.
എന്നാൽ തോട്ട് അടുത്ത നിമിഷം തന്നെ സമാനമായ അപകടത്തിൽ പെട്ട ഹാമിൽട്ടൻ തലനാരിഴയ്ക്ക് ആണ് രക്ഷപ്പെട്ടത്. ഇത് മുതലെടുത്ത് അത് വരെ മുമ്പിൽ ഉണ്ടായിരുന്ന ഹാമിൽട്ടനെ മറികടന്ന വെർസ്റ്റാപ്പൻ റേസിൽ ആധിപത്യം നേടി. ഇതിനിടയിൽ പിറ്റ് ഇടവേള എടുക്കാൻ തെറ്റായ രീതിയിൽ പ്രവേശിച്ച ഹാമിൽട്ടനു 5 സെക്കന്റ് പിഴയും ലഭിച്ചു. പലപ്പോഴും സുരക്ഷാകാറിന്റെ സഹായത്തിൽ നടന്ന റേസിൽ ഹാമിൾട്ടൻ കാർ തകരാർ മൂലം പുറകോട്ടു പിന്തള്ളപ്പോൾ ബോട്ടാസിനെ മറികടന്ന ഡാനിയേൽ ക്യുവിറ്റും ലാൻസ് സ്ട്രോളും പോഡിയം സ്ഥാനങ്ങളിലേക്ക് മുന്നേറി. ഇടക്ക് അവസാന സ്ഥാനത്തേക്കു വരെ ഹാമിൽട്ടൻ പിന്തള്ളപ്പെട്ടപ്പോൾ ഇന്നത്തെ ദിവസം ബ്രിട്ടീഷ് ഡ്രൈവറുടെ അല്ലെന്നു വ്യക്തമായി. ഇതിനിടയിൽ സുരക്ഷാകാറിന്റെ സാന്നിധ്യത്തിൽ ബോട്ടാസിന്റെ കാറും നിയന്ത്രണം വിട്ട് അപകടത്തിൽപെട്ട് പിന്മാറിയപ്പോൾ ഇന്നത്തെ ദിവസം മെഴ്‌സിഡസ് കുറെ കാലങ്ങൾക്കു ശേഷം പോഡിയത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പായി.
ഇതിനിടയിൽ ബോട്ടാസിന്റെ അസാന്നിധ്യം മുതലെടുത്ത് സ്വപ്നതുല്യമായ ഡ്രൈവിങ് പുറത്തെടുത്ത വെറ്റൽ സ്വന്തം നാട്ടുകാർക്ക് മുമ്പിൽ ഫെരാരി ടീമിനെയും ആരാധകരെയും ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. അപാരമായി മുന്നേറിയ വെറ്റൽ ക്യുവിറ്റിനെ മറികടന്നു രണ്ടാം സ്ഥാനത്തിലേക്ക്. എന്നാൽ തന്റെ 7 മത്തെ ഗ്രാന്റ് പ്രീ ജയം കുറിച്ച വേർസ്റ്റാപ്പൻ ഡച്ച് ആരാധകരെ ആവേശത്തിലാക്കി ജയം റെഡ് ബുള്ളിനു സമ്മാനിച്ചു. കരിയറിലെ മൂന്നാമത്തെ മാത്രം പോഡിയം ജയം കണ്ട ടോറോ റോസോയുടെ ക്യുവിറ്റ് മൂന്നാം സ്ഥാനത്തിൽ തൃപ്തനായി. വേർസ്റ്റാപ്പന്റെ ജയത്തെക്കാളും മെഴ്‌സിഡസിനേറ്റ തിരിച്ചടിയേക്കാളും വെറ്റലിന്റെ അവിസ്മരണീയമായ ഡ്രൈവിങ് തന്നെയായിരുന്നു ജർമ്മൻ ഗ്രാന്റ് പ്രീയിലെ കാഴ്ച. തിരിച്ചടി നേരിട്ടെങ്കിലും ഡ്രൈവർമാരിൽ ഹാമിൽട്ടനും നിർമ്മാതാക്കളിൽ മെഴ്‌സിഡസും വളരെ മുന്നിൽ തന്നെയാണ് ഇപ്പോഴും.