കണ്ണീരിൽ കുതിർന്നു നിന്ന റേസിംഗ് ട്രാക്കിൽ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ചരിത്രം എഴുതി. നേരത്തെ ഫോർമുല 2 ബെൽജിയം ഗ്രാന്റ് പ്രി ഉപേക്ഷിച്ചെങ്കിലും ഫോർമുല 1 വിചാരിച്ചത് പോലെ നടത്താൻ എഫ്. എ. ഐ തീരുമാനിക്കുകയായിരുന്നു. തന്റെ ആദ്യ ഗ്രാന്റ് പ്രി ജയം ആണ് മൊണോക്കയുടെ യുവ ഡ്രൈവർ ഇന്ന് ബെൽജിയം ഗ്രാന്റ് പ്രീയിൽ കുറിച്ചത്. ഇന്നലെ യോഗ്യതക്കിടെ അപകടത്തിൽ മരിച്ച ആന്തണി ഹുബർട്ടിനു അനുശോചനം അർപ്പിച്ചാണ് റേസ് തുടങ്ങിയത്. എല്ലാവരും കാറിൽ ‘ആന്തണിക്കായി റേസ് ചെയ്യുക’ എന്നും കുറിച്ച് വച്ചു. 19 മത്തെ ലാപ്പിൽ ഹുബർട്ടിനായി കാണികളും എണീറ്റ് നിന്നു കയ്യടിച്ചു. റേസിൽ പോൾ പൊസിഷനിൽ തുടങ്ങിയ ഫെരാരിയുടെ ലെക്ലെർക്കിന് മികച്ച തുടക്കം ആണ് ലഭിച്ചത്.
രണ്ടാമത് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടനും മൂന്നാമത് ഫെരാരിയുടെ സെബാസ്റ്റ്യൻ വെറ്റലും റേസ് തുടങ്ങി. ആദ്യം മുന്നിൽ കയറാൻ വെറ്റലിന് ആയെങ്കിലും ഹാമിൾട്ടൻ ലീഡ് തിരിച്ചു പിടിച്ചു. തുടക്കത്തിൽ തന്നെ റെയ്ക്കോന്റെ കാറുമായി കൂട്ടിയിടിച്ച റെഡ് ബുള്ളിന്റെ മാക്‌സ് വേർസ്റ്റാപ്പൻ റേസിൽ നിന്ന് പുറത്തായത് ഡച്ച് ആരാധകർക്ക് വലിയ നിരാശ പകർന്നു. റേസിൽ ഉടനീളം വലിയ വെല്ലുവിളി ആണ് ലെക്ലെർക്കിന് ഹാമിൾട്ടൻ നൽകിയത്. ഇതിനിടയിൽ വെറ്റലിനെ മറികടന്ന ഹാമിൾട്ടന്റെ ടീം അംഗം ബോട്ടാസ് മൂന്നാം സ്ഥാനത്തേക്കും എത്തി. അവസാന ലാപ്പിൽ വരെ ലെക്ലെർക്കിന്റെ ഫെരാരിക്ക് വലിയ വെല്ലുവിളി ഉയർത്തി ലോകജേതാവ്.
എന്നാൽ ഹാമിൾട്ടന്റെ വെല്ലുവിളി അതിജീവിച്ച ലെക്ലെർക്ക് തന്റെ ആദ്യ ഗ്രാന്റ് പ്രി ജയം കുറിച്ചു. റേസിന് ശേഷം ആകാശത്തിലേക്ക് കൈകൾ ഉയർത്തി ലെക്ലെർക്ക്. കാറിൽ എഴുതിയ ‘ആന്തണിക്കായി റേസ് ചെയ്യുക’ എന്നു കാറിൽ എഴുതിയതിൽ ചൂണ്ടികാണിക്കുകയും ചെയ്തു യുവ ഡ്രൈവർ. തന്റെ സ്വപ്നം സഫലമായെങ്കിലും ഈ ജയം തനിക്ക് ആസ്വദിക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നു പറഞ്ഞ ലെക്ലെർക്ക് ജയം സുഹൃത്ത് കൂടിയായ ഹുബർട്ടിനു സമർപ്പിക്കുകയും ചെയ്തു. വരും വർഷങ്ങളിലെ സൂപ്പർ സ്റ്റാർ എന്നറിയപ്പെടുന്ന ലെക്ലെർക്കിന്റെ ആദ്യ ജയം ആണിത്. രണ്ടാമത് എത്തിയ ഹാമിൾട്ടൻ മൂന്നാമത് എത്തിയ ബോട്ടാസിനെക്കാൾ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ലീഡ് 65 പോയിന്റ് ആയി ഉയർത്തി. അതേസമയം 326 പോയിന്റുകൾ ഉള്ള ഫെരാരിയേക്കാൾ 471 പോയിന്റുകളുമായി ബഹുദൂരം മുന്നിലാണ് മെഴ്‌സിഡസ്.