ഫോർമുല വണ്ണിൽ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ വമ്പൻ അപകടം. സിൽവർ സ്റ്റോൺ സർക്യൂട്ടിൽ റേസ് കാണാൻ എത്തിയ റെക്കോർഡ് കാണികൾക്ക് മുന്നിലാണ് ആരാധകരെ ഞെട്ടിച്ച അപകടം ഉണ്ടായത്. റേസിന്റെ തുടക്കത്തിൽ ബ്രിട്ടന്റെ മെഴ്‌സിഡസ് ഡ്രൈവർ ജോർജ് റസൽ, ആൽഫ ടൗറിയുടെ ഫ്രഞ്ച് ഡ്രൈവർ പിയരെ ഗാസ്‌ലി, ചൈനയുടെ ആൽഫ റോമിയോ ഡ്രൈവർ ചോ ഗാന്യു എന്നിവർ ഉൾപ്പെട്ട അപകടത്തിൽ ചോയുടെ കാർ ഇടിച്ചു മറിയുകയും ഗാലറിയുടെ സമീപത്തെ ബാരിയറിൽ ശക്തമായി ഇടിച്ചു നിൽക്കുകയും ചെയ്യുക ആയിരുന്നു. അത്യന്തം പേടിപ്പെടുത്തുന്ന രംഗം ആയിരുന്നു ഇത്.
ഇതിനു പിറകെ ആസ്റ്റൺ മാർട്ടിന്റെ സെബാസ്റ്റ്യൻ വെറ്റൽ, ആസ്റ്റിന്റെ എസ്റ്റബാൻ ഒകോൻ, ആൽഫ ടൗറിയുടെ യുകി സുനോഡ എന്നിവർ ഉൾപ്പെട്ട അപകടത്തിൽ വില്യംസ് ഡ്രൈവർ അലക്‌സ് ആൽബോണും പെട്ടു. തുടർന്ന് ഉടൻ തന്നെ റേസ് നിർത്തി വച്ചു ചോ, അൽബോൺ എന്നിവർക്ക് വൈദ്യസഹായം നൽകുക ആയിരുന്നു. ആൽബോണിനെ ഹെലികോപ്റ്ററിൽ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോൾ മെഡിക്കൽ സെന്ററിൽ ചോയിനു വൈദ്യസഹായം നൽകുന്നത് തുടരുക ആയിരുന്നു. തുടർന്ന് ഇരു ഡ്രൈവർമാർക്കും ഗുരുതരമായ പരിക്ക് ഏറ്റിട്ടില്ല എന്നും രണ്ടു പേരും സുരക്ഷിതർ ആണ് എന്നും ടീം, ഫോർമുല വൺ അധികൃതർ അറിയിക്കുക ആയിരുന്നു. വൈദ്യസഹായത്തിന് ശേഷം ജോർജ് റസലിനും പരിക്കില്ല എന്നു അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ റേസ് പുനരാരംഭിച്ചിട്ടുണ്ട്.