മെക്‌സിക്കോയിലും വെർസ്റ്റാപ്പൻ, ലോക കിരീടത്തിലേക്ക് അടുത്തു ഡച്ച് ഡ്രൈവർ

Screenshot 20211108 025634

ഫോർമുല വണ്ണിൽ മെക്സിക്കൻ ഗ്രാന്റ് പ്രീയിൽ ജയം കണ്ടു റെഡ് ബുള്ളിന്റെ ഡച്ച് ഡ്രൈവർ മാക്‌സ് വെർസ്റ്റാപ്പൻ. ഇത് കരിയറിൽ ആദ്യമായാണ് വെർസ്റ്റാപ്പൻ മെക്സിക്കൻ ഗ്രാന്റ് പ്രീ ജയിക്കുന്നത്. റേസിൽ മൂന്നാമത് ആയാണ് തുടങ്ങിയത് എങ്കിലും പോൾ പൊസിഷനിൽ തുടങ്ങിയ മെഴ്‌സിഡസിന്റെ ബോട്ടാസിനെയും രണ്ടാമതുള്ള ഹാമിൾട്ടനെയും തുടക്കത്തിൽ തന്നെ മറികടന്നു വെർസ്റ്റാപ്പൻ റേസിൽ ആധിപത്യം സ്വന്തമാക്കി. തുടക്കത്തിൽ പ്രശ്നം നേരിട്ട ബോട്ടാസ് 17 സ്ഥാനത്തേക്ക് ആണ് പിന്തള്ളപ്പെട്ടത്. എന്നാൽ റേസിൽ ഉടനീളം വെർസ്റ്റാപ്പനെ വെല്ലുവിളിക്കാൻ ശ്രമിച്ച ഹാമിൾട്ടൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. അതേസമയം മൂന്നാം സ്ഥാനത്ത് എത്തിയ റെഡ് ബുള്ളിന്റെ മെക്സിക്കൻ ഡ്രൈവർ സെർജിയോ പെരസ് അവസാന ലാപ്പിൽ അടക്കം കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടനു നൽകിയത്.

മൂന്നാം സ്ഥാനത്ത് പോഡിയത്തിൽ ഇടം പിടിച്ച പെരസ് മെക്‌സിക്കോയിൽ പോഡിയത്തിൽ റേസ് അവസാനിപ്പിക്കുന്ന ആദ്യ മെക്സിക്കൻ ഡ്രൈവറും ആയി. ആൽഫയുടെ ഗാസ്‌ലി നാലാമത് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക്, കാർലോസ് സൈൻസ് എന്നിവർ ആണ് അഞ്ചും ആറും സ്ഥാനത്ത് എത്തിയത്. അതേസമയം 15 സ്ഥാനത്ത് ആണ് മെഴ്‌സിഡസിന്റെ ബോട്ടാസ് റേസ് അവസാനിപ്പിച്ചത്. സീസൺ അവസാനിക്കാൻ വെറും നാലു റേസുകൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിൽ ഹാമിൾട്ടനെക്കാൾ 19 പോയിന്റുകൾ മുന്നിലാണ് വെർസ്റ്റാപ്പൻ. തന്റെ ആദ്യ കിരീടം തേടി വെർസ്റ്റാപ്പനും റെക്കോർഡ് എട്ടാം ലോക കിരീടം നേടി ഹാമിൾട്ടനും ഇനിയുള്ള റേസുകളിൽ കാറുമായി ഇറങ്ങുമ്പോൾ ട്രാക്കിന്‌ തീ പിടിക്കും എന്നുറപ്പാണ്.

Previous articleലീഗിൽ തുടർച്ചയായ ആറാം മത്സരവും ജയിച്ചു ആഴ്‌സണൽ, വെസ്റ്റ് ഹാമിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്തു
Next articleപെനാൽട്ടി പാഴാക്കി മാർട്ടിനസ്, ആവേശം നിറച്ച മിലാൻ ഡാർബി സമനിലയിൽ