തന്റെ ആദ്യ ഫോർമുല വൺ ലോക കിരീടത്തിലേക്കുള്ള ദൂരം വീണ്ടും കുറച്ച് ഡച്ച് ഡ്രൈവർ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ. ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ തിങ്ങി കൂടിയ ഡച്ച് ആരാധകർ ആയ ഓറഞ്ച് ആർമിയെ സാക്ഷിയാക്കിയാണ് വെർസ്റ്റാപ്പൻ ഒന്നാമത് എത്തിയത്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ വെർസ്റ്റാപ്പൻ റേസിൽ തുടക്കം മുതലുള്ള മുൻ തൂക്കം റേസിൽ ഉടൻ നിലനിർത്തി. തുടർച്ചയായ മൂന്നാം റേസിൽ ആണ് വെർസ്റ്റാപ്പൻ ജയം കാണുന്നത് കഴിഞ്ഞ അഞ്ച് റേസിലെ നാലാം ജയം. റെഡ് ബുൾ ആവട്ടെ തുടർച്ചയായ അഞ്ചാം റേസിൽ ആണ് ജയം കാണുന്നത്. ഇതോടെ വെർസ്റ്റാപ്പൻ ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പിൽ തന്റെ മുൻ തൂക്കം 32 പോയിന്റുകൾ ആയി ഉയർത്തി. കരിയറിലെ അമ്പതാം ജയം കുറിച്ച വെർസ്റ്റാപ്പൻ പോൾ പൊസിഷൻ, റേസ് ജയം, ഏറ്റവും വേഗമേറിയ ലാപ്പ് എന്നിവയും ഓസ്ട്രിയൻ ഗ്രാന്റ് പ്രീയിൽ നേടി. ആറാമത് ആയി റേസ് തുടങ്ങിയ മെഴ്‌സിഡസ് ഡ്രൈവർ വെറ്റാരി ബോട്ടാസ് ആണ് റേസിൽ രണ്ടാമത് എത്തിയത്. റേസിൽ അഞ്ചു സെക്കന്റ് പിഴ ലഭിച്ചു എങ്കിലും റെസിലെ മികച്ച ഡ്രൈവർ ആയി തിരഞ്ഞെടുത്ത ലാന്റോ നോറിസ് ആണ് റേസിൽ മൂന്നാമത് എത്തിയത്. റേസ് രണ്ടാമത് ആയി തുടങ്ങിയ മക്ലാരന്റെ ബ്രിട്ടീഷ് യുവ ഡ്രൈവർ നോറിസ് കടുത്ത വെല്ലുവിളി അതിജീവിച്ചാണ് പോഡിയത്തിൽ സ്ഥാനം പിടിച്ചത്.
അതേസമയം നാലാമത് ആയി റേസ് തുടങ്ങിയ നിലവിലെ ജേതാവ് മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടനു ഇടക്ക് നടത്തിയ മുന്നേറ്റം നിലനിർത്താൻ ആവാതിരുന്നപ്പോൾ നാലാം സ്ഥാനം കൊണ്ടു തൃപ്തിപ്പടേണ്ടി വന്നു. ഫെരാരിയുടെ കാർലോസ് സെയിൻസ് അഞ്ചാമത് എത്തിയപ്പോൾ റെഡ് ബുള്ളിന്റെ സെർജിയോ പെരസ് ആറാമത് എത്തി. എട്ടാമത് ആയിരുന്നു ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് റേസ് അവസാനിപ്പിച്ചത്. ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പിൽ 150 പോയിന്റുകൾ ഉള്ള ഹാമിൾട്ടനെക്കാൾ 32 പോയിന്റുകൾ മുകളിൽ 182 പോയിന്റുകളുമായി 22 കാരനായ വെർസ്റ്റാപ്പൻ ഒന്നാമത് നിൽക്കുകയാണ്. തന്റെ എട്ടാം ലോക കിരീടം നേടാൻ ഹാമിൾട്ടനു കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നുറപ്പാണ്. അതേസമയം നിർമാതാക്കളുടെ പോരാട്ടത്തിൽ 242 പോയിന്റുകൾ ഉള്ള മെഴ്‌സിഡസിനെക്കാൾ വെർസ്റ്റാപ്പന്റെയും പെരസിന്റെയും മികവിൽ 44 പോയിന്റുകൾ മുന്നിലാണ് നിലവിൽ റെഡ് ബുൾ. സമീപകാലത്ത് മെഴ്‌സിഡസിന്റെയും ഹാമിൾട്ടന്റെയും ആധിപത്യത്തിനു റെഡ് ബുളും വെർസ്റ്റാപ്പനും വിരാമം കുറിക്കും എന്നു ഏതാണ്ട് ഉറപ്പായിരിക്കുക ആണ്.