ഫോർമുല വണ്ണിൽ സീസൺ പകുതിയോളം അവസാനിച്ചപ്പോള്‍, 258 പോയിന്റുമായി റെഡ് ബുള്ളിന്റെ മാക്സ് വേർസ്റ്റപ്പെൻ ഒന്നാമത് തുടരുകയാണ്. തന്റെ തൊട്ടു താഴെയുള്ള ഫെറാറിയുടെ ചാൾസ് ലെക്ലെർക്കിനേക്കാള്‍ 80 പോയിന്റിന്റെ മുൻതൂക്കമുണ്ട് വേർസ്റ്റപ്പെന്. റെഡ്ബുള്ളിന്റെ തന്നെ സെർജിയോ പേരെസ് 173 പോയന്റുമായി മൂന്നാം സ്ഥാനത്ത് ആണ്. ഇതുവരെ പതിമൂന്ന് റേസുകൾ പൂർത്തിയായപ്പോൾ അതിൽ എട്ട് തവണയും വിജയം വേർസ്റ്റപ്പെന്റെ കൂടെ ആയിരുന്നു . മൂന്ന് തവണ ഫെറാറിയുടെ ലെക്ലെർക്കും ഒരു തവണ വീതം ഫെറാറിയുടെ സെയിൻസും റെഡ്ബുള്ളിന്റെ പെരെസും വിജയം നേടി.
ഉടമസ്ഥരുടെ പോയിന്റ് പട്ടികയിൽ 431 പോയിന്റോടെ റെഡ്ബുള്ളാണ് ഒന്നാം സ്ഥാനത്ത്. ഈ സീസൺ തുടക്കത്തില്‍ ഫെറാറി പുറത്തെടുത്ത പ്രകടനം പിന്നീടുള്ള റേസുകളിൽ അവർക്ക് പുറത്തെടുക്കാൻ ആയില്ല. നിരവധി തവണ എൻജിൻ തകരാർ മൂലവും കാർ അപകടത്തിൽ പെട്ടും ഫെറാറിക്ക് റേസ് മുഴുവിപ്പിക്കാൻ സാധിച്ചിരുന്നില്ല. ഈ അവസരം മുതലെടുത്തു മെഴ്‌സിഡസ് ഉടമസ്ഥരുടെ പോയിൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഫെറാറിയുടെ തൊട്ടു താഴെ എത്തി. കഴിഞ്ഞ വർഷം ഏറ്റവും മോശം പ്രകടനം നടത്തുകയും അവസാന സ്ഥാനം കരസ്ഥമാക്കുകയും ചെയ്ത ഹാസ്, ഈ വർഷം മികച്ച പ്രകടനം പുറത്തെടുത്തു പട്ടികയിൽ ഏഴാം സ്ഥാനത്താണ്. വിഖ്യാത താരം മൈക്കിൾ ഷുമാക്കറുടെ മകൻ മിക്ക് ഷുമാക്കറിന് തന്റെ കരിയറിലെ ആദ്യ പോയിന്റുകൾ ഈ വർഷം ഹാസിനു വേണ്ടി മത്സരിച്ചു നേടാൻ കഴിഞ്ഞു.
ഇനി ഒമ്പത് റേസുകൾ മാത്രമാണ് സീസണിൽ ബാക്കിയുള്ളത്. അടുത്ത റേസ് ഓഗസ്റ്റ് 28 ന് ബെൽജിയത്തിൽ വച്ചാണ് നടക്കുക . ഇനിയുള്ള റേസുകൾ ഫെറാറിക്കും മെഴ്‌സിഡസിനും നിർണായകമാണ്. കൂടുതൽ പിഴവുകൾ വരുത്താതെ മത്സരിക്കുക എന്നതാണ് ആദ്യ മൂന്നു സ്ഥാനത്തുമുള്ള ടീമുകളുടെയും പ്രധാന ലക്ഷ്യം. ഏറെ ആകാംഷയോടെ ആവും ഫോർമുല വൺ ആരാധകർ ഇനിയുള്ള മത്സരങ്ങൾ ഉറ്റുനോക്കുന്നത്. കിരീടം നിലനിർത്താൻ വേർസ്റ്റപ്പെനു ആവുമോ അല്ല ലെക്ലെർക് ഫെറാറിയും ആയി അത്ഭുതം കാണിക്കുമോ എന്നത് കാത്തിരുന്നു തന്നെ കാണാം.