അതെ പിഴവുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു – റസ്സൽ ഡൊമിംഗോ

Sports Correspondent

Bangladesh

ബംഗ്ലാദേശ് ഒരേ പിഴവുകള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. വളരെ നിസ്സാരമായ നിരാശാജനകമായ തെറ്റുകളാണ് ബംഗ്ലാദേശ് ആവര്‍ത്തിക്കുന്നത്. ഇന്നലെ രണ്ടാം ഏകദിനത്തിലും തോൽവിയേറ്റ് വാങ്ങിയ ശേഷം ഉള്ള റസ്സൽ ഡൊമിംഗോയുടെ പ്രതികരണം ആയിരുന്നു ഇത്.

ആദ്യ മത്സരത്തിൽ മുന്നൂറിന് മേലെ സ്കോര്‍ ചെയ്തിട്ടും രണ്ടാം മത്സരത്തിൽ മുന്നൂറിനടുത്ത് സ്കോര്‍ ചെയ്തിട്ടും ബംഗ്ലാദേശിന് വിജയം നേടുവാന്‍ സാധിച്ചില്ല. കോച്ചെന്ന നിലയിലും ടീം മാനേജ്മെന്റ് എന്ന നിലയിലും ഈ നിസ്സാരമായ പിഴവുകള്‍ ആവര്‍ത്തിക്കപ്പെടുന്നത് കണ്ട് നിൽക്കുവാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഡൊമിംഗോ വ്യക്തമാക്കി.

ഇക്കാര്യങ്ങള്‍ താരങ്ങളോട് സംസാരിച്ചിട്ടുണ്ടെന്നും അത് ആവര്‍ത്തിക്കപ്പെടാതിരിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും എന്നാൽ സമ്മര്‍ദ്ദത്തിൽ അത് ആവര്‍ത്തിക്കപ്പെടുകയാണെന്നും ഡൊമിംഗോ കൂട്ടിചേര്‍ത്തു.

രണ്ട് മത്സരങ്ങളിലും സിംബാബ്‍വേയുടെ തുടക്കത്തിലെ വിക്കറ്റുകള്‍ നേടുവാന്‍ ടീമിന് സാധിച്ചുവെന്നും പിന്നീട് ആ സമ്മര്‍ദ്ദം തുടര്‍ന്ന് സൃഷ്ടിക്കുവാന്‍ ടീമിന് കഴിഞ്ഞില്ലെന്നും ഇഷ്ടം പോലെ ലൂസ് ബോളുകള്‍ ബൗളര്‍മാര്‍ എറിഞ്ഞുവെന്നും ബംഗ്ലാദേശ് മുഖ്യ കോച്ച് പറഞ്ഞു.