തുർക്കിയിൽ ജയം കണ്ടു ബോട്ടാസ്, ചാമ്പ്യൻഷിപ്പിൽ മുന്നിലെത്തി വെർസ്റ്റാപ്പൻ

ഫോർമുല വണ്ണിൽ തുർക്കി ഗ്രാന്റ് പ്രീയിൽ ജയം കണ്ടു മെഴ്‌സിഡസ് ഡ്രൈവർ വെറ്റാറി ബോട്ടാസ്. പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ബോട്ടാസ് ലീഡ് നിലനിർത്തി ഒന്നാം സ്ഥാനം കൈക്കലാക്കുക ആയിരുന്നു. അതേസമയം യോഗ്യതയിൽ ഒന്നാമത് ആയെങ്കിലും എഞ്ചിൻ പിഴവ് മൂലം പെനാൽട്ടി ലഭിച്ചു 11 സ്ഥാനത്ത് ആയി റേസ് തുടങ്ങിയ ലോക ജേതാവ് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൻ തുർക്കിയിൽ അഞ്ചാം സ്ഥാനത്ത് ആയി. റേസിൽ മൂന്നാം സ്ഥാനത്ത് എത്തുമായിരുന്ന ഹാമിൾട്ടനു കാറിന്റെ ടയറു മാറ്റാനുള്ള ടീമിന്റെ തീരുമാനം ആണ് വില്ലൻ ആയത്. ടീമിനോട് അതിരൂക്ഷമായ വിയോജിപ്പ് രേഖപ്പെടുത്തിയ ഹാമിൾട്ടൻ ദേഷ്യത്തോടെയാണ് റേസ് അവസാനിപ്പിച്ചത്. രണ്ടാം സ്ഥാനത്ത് റേസിൽ എത്തിയ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ ഇതോടെ ചാമ്പ്യൻഷിപ്പിൽ 6 പോയിന്റുകൾ മുന്നിലെത്തി.

മൂന്നാമത് ആയിരുന്നു എങ്കിൽ ഒരു പോയിന്റ് വ്യത്യാസം മാത്രം ആയിരുന്നു ഹാമിൾട്ടനു വെർസ്റ്റാപ്പനും ആയി ഉണ്ടാവുക. എന്നാൽ കാറിന്റെ സുരക്ഷയെ കരുതിയാണ് മെഴ്‌സിഡസ് പഴയ ടയറു മാറ്റാൻ വെറും 8 ലാപ്പുകൾ മാത്രം ബാക്കിയുള്ളപ്പോൾ തീരുമാനിച്ചത്. റെഡ് ബുള്ളിന്റെ തന്നെ സെർജിയോ പെരസ് മൂന്നാമത് എത്തിയപ്പോൾ ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് നാലാം സ്ഥാനത്ത് എത്തിയത്. യോഗ്യതയിൽ മൂന്നു തവണ റെക്കോർഡ് ഇട്ടിട്ടും ലഭിച്ച പിഴ ആണ് ഹാമിൾട്ടനെ 11 മത് ആയി റേസ് തുടങ്ങാൻ നിർബന്ധിതമാക്കിയത്. നിലവിൽ 262.5 പോയിന്റുകൾ ഉള്ളപ്പോൾ ഹാമിൾട്ടനു 256.5 പോയിന്റുകൾ ആണ് ഉള്ളത്. സമീപകാലത്തെ ഏറ്റവും ആവേശകരമായ കിരീട പോരാട്ടം ആവും ഫോർമുല വണ്ണിൽ ഇത്തവണ എന്നുറപ്പാണ്.