അടുത്ത സീസണിൽ മെഴ്‌സിഡസിൽ ഹാമിൾട്ടനു ഒപ്പം ബോട്ടാസിന് പകരം ജോർജ് റസൽ

20210907 221318

ഫോർമുല വൺ ടീം ആയ മെഴ്‌സിഡസുമായുള്ള കരാർ അവസാനിപ്പിച്ചു ഫിൻലാന്റ് ഡ്രൈവർ വെറ്റാരി ബോട്ടാസ്. അടുത്ത സീസൺ മുതൽ ആൽഫ റോമയക്ക് ആയി ആവും ബോട്ടാസ് ഡ്രൈവ് ചെയ്യുക. 2017 ൽ മെഴ്‌സിഡസിൽ എത്തിയ ബോട്ടാസ് ഹാമിൾട്ടനു എന്നും മികച്ച പിന്തുണ ആണ് നൽകി വന്നത്. ടീം നിർദേശങ്ങൾ അനുസരിച്ച് ഹാമിൾട്ടനു വഴിമാറുന്ന ബോട്ടാസിനെയും പലപ്പോഴും കാണാൻ സാധിച്ചു. എന്നാൽ പുതു തലമുറക്ക് അവസരം നൽകാൻ ആണ് മെഴ്‌സിഡസ് തീരുമാനിച്ചത് എന്നു ടീം ഡയറക്ടർ ടോറ്റോ വോൾഫ്‌ വ്യക്തമാക്കി.

മെഴ്‌സിഡസിന്റെ തന്നെ വില്യംസിന്റെ ഡ്രൈവറായ 23 കാരനായ ബ്രിട്ടീഷ് ഡ്രൈവർ ജോർജ് റസൽ മെഴ്‌സിഡസിൽ എത്തുമെന്ന് ഏതാണ്ട് ഉറപ്പ് ആയിരുന്നു. അതിനാൽ തന്നെ എല്ലാരും പ്രതീക്ഷിച്ച പോലെ റസലിനെ ഹാമിൾട്ടന്റെ പങ്കാളിയായി മെഴ്‌സിഡസ് പ്രഖ്യാപിച്ചത് പ്രതീക്ഷിച്ച വാർത്ത ആയിരുന്നു. വില്യംസിൽ കഴിഞ്ഞ മൂന്നു സീസണിൽ മികച്ച പ്രകടനം ആണ് റസൽ നടത്തുന്നത്. കഴിഞ്ഞ സീസണിന്റെ അവസാനം ഒരു റേസിൽ നിന്നു വിട്ടു നിന്ന ഹാമിൾട്ടനു പകരമായി റസൽ മികച്ച റേസ് കാഴ്ച വച്ചതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ടീമിലേക്ക് റസലിനെ ഹാമിൾട്ടൻ സ്വാഗതം ചെയ്തിരുന്നു. ചെറുപ്പവും മികവിലേക്ക് ഉയരാനുള്ള റസലിന്റെ വാശിയും ഹാമിൾട്ടനു വെല്ലുവിളി ആവുമെന്ന് ഉറപ്പാണ്.

Previous articleബിയാങ്കയെ അട്ടിമറിച്ചു മരിയ സക്കാരി, ക്വാർട്ടറിൽ പ്ലിസ്കോവ എതിരാളി
Next articleഅരീക്കോടിനും ഇനി ഒരു പ്രൊഫഷണൽ ക്ലബ്, പുതിയ ഭാവത്തിൽ എഫ് സി അരീക്കോട്!!