കാറിന്റെ പ്രശ്നങ്ങൾ മറികടന്ന് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കണ്ട് ഹാമിൾട്ടൻ, വെർസ്റ്റാപ്പൻ രണ്ടാമത്

- Advertisement -

അവസാന ലാപ്പുകളിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായി ബ്രിട്ടീഷ് ഗ്രാന്റ് പ്രീ. സ്വന്തം നാട്ടിൽ പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ അവസാന ലാപ്പിൽ കാറിന്റെ ടയറുകൾക്ക് നേരിട്ട പ്രശ്നങ്ങൾ അതിജീവിച്ച് ആണ് റേസിൽ ഒന്നാമത് എത്തിയത്. ഇത് ഏഴാം തവണയാണ് മെഴ്‌സിഡസ് ഡ്രൈവർ ആയ ഹാമിൾട്ടൻ ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ ജയം കാണുന്നത്. ബ്രിട്ടീഷ് ഗ്രാന്റ് പ്രീ റെക്കോർഡ് കൂടിയാണ് ഇത്.  അവസാന ലാപ്പിൽ റെഡ് ബുള്ളിന്റെ മാക്‌സ് വെർസ്റ്റാപ്പൻ കടുത്ത വെല്ലുവിളി ആണ് ഹാമിൾട്ടനു മേൽ ഉയർത്തിയത്. എന്നാൽ ബ്രിട്ടീഷ് ഡ്രൈവർ ഈ വെല്ലുവിളി അതിജീവിച്ചു.

അതേസമയം അപ്രതീക്ഷിതമായി ഫെരാരിയുടെ ചാൾസ് ലെക്ലെർക്ക് ആണ് മൂന്നാമത് എത്തിയത്. തുടർച്ചയായ രണ്ടാമത്തെ തവണയാണ് ലെക്ലെർക്ക് ബ്രിട്ടീഷ് ഗ്രാന്റ് പ്രീയിൽ മൂന്നാമത് എത്തുന്നത്. ഇരു മെഴ്‌സിഡസ് കാറുകളുടെയും ടയറുകൾക്ക് പ്രശ്നം നേരിട്ടത് ആണ് റേസിൽ കണ്ടത്.  റേസിൽ ഉടനീളം ഹാമിൾട്ടനു പിറകിൽ രണ്ടാമത് ആയി തുടർന്ന സഹ മെഴ്‌സിഡസ് ഡ്രൈവർ വെട്ടോറി ബോട്ടാസിന്റെ കാറിന്റെ ടയറുകൾക്ക് മൂന്ന് ലാപ്പുകൾ മാത്രം ബാക്കി നിൽക്കെ വലിയ പ്രശ്നങ്ങൾ നേരിട്ടു.  ഇതോടെ പിറ്റ് ഇടവേള എടുക്കാൻ നിർബന്ധിതമായ ബോട്ടാസിനെ മറ്റ് കാറുകൾ എളുപ്പം മറികടന്നു. 11 സ്ഥാനത്ത് ആയി റേസ് അവസാനിപ്പിച്ച ബോട്ടാസിന് കിരീടപോരാട്ടത്തിൽ വലിയ തിരിച്ചടി ആയി ഇത്.

അതേസമയം ജയം ബോട്ടാസിന് മേലുള്ള തന്റെ ലീഡ് ഉയർത്താൻ ഹാമിൾട്ടനു സഹായകമായി. നിർമാതാക്കളുടെ പോരാട്ടത്തിൽ മെഴ്‌സിഡസ് ബഹുദൂരം മുന്നിൽ തന്നെയാണ്. അവസാനം അപ്രതീക്ഷിതമായി നേരിട്ട വെല്ലുവിളി അതിജീവിച്ച് ജയം കണ്ടത് ഹാമിൾട്ടനു ആശ്വാസമായി. അതേസമയം ഇരു കാറുകളും സമാനമായ രീതിയിലുള്ള പ്രശ്നങ്ങൾ നേരിട്ടത് അടുത്ത റേസിൽ പരിഹരിക്കാൻ ആവും മെഴ്‌സിഡസ് ശ്രമം. റേസ് ജയിക്കാൻ ആയില്ല എങ്കിലും നിലവിൽ ഡ്രൈവർമാരുടെ പോരാട്ടത്തിൽ ബോട്ടാസിന് പിറകിൽ 6 പോയിന്റുകൾ പിറകിൽ മൂന്നാമത് ഉള്ള റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പന് ഈ ഫലം വലിയ ആത്മവിശ്വാസം പകരും.

Advertisement