ഫോർമുല വണ്ണിൽ ചലനം സൃഷ്ടിക്കാൻ ജർമ്മൻ വമ്പന്മാരായ ഓഡി.
2026 മുതൽ ഫോർമുല വണ്ണിന്റെ ഭാഗം ആവാൻ ജർമ്മൻ കാർ നിർമാതാക്കളായ ഓഡി. നിലവിൽ 2026 മുതൽ പവർ യൂണിറ്റ് നിർമാതാക്കളായി തങ്ങൾ ഉണ്ടാവും എന്നു ഓഡി ചെയർമാൻ അറിയിച്ചു. ലെ മാൻസ്, ഡി.ടി.എം, ഫോർമുല ഇയിൽ ഒക്കെ തിളങ്ങാൻ ആയ തങ്ങൾക്ക് ഫോർമുല വണ്ണിലും തിളങ്ങാൻ ആവും എന്ന പ്രതീക്ഷയാണ് ഓഡി ചെയർമാൻ പങ്ക് വച്ചത്.
നിലവിൽ സ്വന്തം ടീം ഇറക്കുമോ അല്ല എഞ്ചിൻ മാത്രം നൽകുക ആണോ തങ്ങൾ ചെയ്യുക എന്ന കാര്യത്തിൽ ഓഡി വ്യക്തത വരുത്തിയിട്ടില്ല. സ്വന്തം ടീം ഉണ്ടോ എന്നതിനെ കുറിച്ച് വരും ദിനങ്ങളിൽ ആവും ഓഡി നിലപാട് വ്യക്തമാക്കുക. നിലവിൽ ആൽഫ റോമെയോ നടത്തുന്ന സ്വിസ് കമ്പനി സോബർ ടീമിനെ ആവും ഓഡി ഏറ്റെടുക്കുക. ഓഡിയുടെ പ്രഖ്യാപനത്തിനു പിന്നാലെ 2023 ൽ തങ്ങൾ സോബറും ആയുള്ള ബന്ധം അവസാനിപ്പിക്കുന്നത് ആയി ആൽഫ റോമെയോയും പ്രഖ്യാപിച്ചു.
ഓഡിയുടെ തീരുമാനത്തെ ചരിത്രപരം എന്നാണ് ഫോർമുല വൺ അധികൃതർ വിളിച്ചത്. പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങൾക്കും ഒപ്പം ഓഡിയുടെ സാങ്കേതിക മികവ് ഫോർമുല വണ്ണിൽ ചലനങ്ങൾ സൃഷ്ടിക്കുമോ എന്നു കാത്തിരുന്നു കാണാം. അതേസമയം 2026 ൽ റെഡ് ബുള്ളിന് എഞ്ചിൻ പ്രധാനം ചെയ്തു പോർഷെയും ഫോർമുല വണ്ണിൽ അരങ്ങേറ്റം നടത്തും എന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ആവേശകരമായ ഭാവി തന്നെയാണ് ഫോർമുല വണ്ണിനെ കാത്തിരിക്കുന്നത് എന്നുറപ്പാണ്.
Story Highlight : Audi to enter Formula One from 2026 season.