ഡിപെയ് യുവന്റസിലേക്കില്ല

Nihal Basheer

20220826 175658

മെംഫിസ് ഡിപെയ് യുവന്റസിലേക്ക് എത്തില്ലെന്ന് ഉറപ്പായി. താരവുമായി യുവന്റസ് ചർച്ചകൾ നടത്തി വരികയായിരുന്നു. ഡിപെയെ ഫ്രീ ഏജന്റ് ആയി മാറ്റാൻ ബാഴ്‌സലോണയും സമ്മതം അറിയിച്ചിരുന്നു. ടീമുകൾ തമ്മിൽ ധാരണയിൽ എത്തിയെങ്കിലും താരം ഉയർന്ന സാലറി ചോദിച്ചതോടെ ചർച്ചകൾ വഴി മുട്ടിയിരുന്നു. ഇതിടെ യുവന്റസ് മറ്റ് താരങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. മുൻ നിരയിൽ മൊറാടക്ക് പകരം താരത്തെ തേടുകയായിരുന്നു യുവന്റസ്. അർക്കാഡുയിസ് മിലിക്കിനെ ഇതിനിടയിൽ അടുത്ത ലക്ഷ്യമായി ടീം കണ്ടെത്തി.

മിലിക്കുമായുള്ള ചർച്ചകൾ പെട്ടെന്ന് തന്നെ പൂർത്തീകരിച്ച് കൈമാറ്റം പൂർത്തിയാക്കിയതോടെ ഡിപെയ് പൂർണമായും ചിത്രത്തിൽ നിന്നും പുറത്തായി. ഇതോടെ ബാഴ്‌സ വിടണമെങ്കിൽ താരത്തിന് പുതിയ തട്ടകം തേടേണ്ടത് നിർബന്ധമായി വന്നിരിക്കുകയാണ്. ഈ അവസരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തങ്ങളുടെ മുൻ താരം കൂടിയായ ഡിപെയ്ക്ക് വേണ്ടി ശ്രമിച്ചേക്കും എന്ന് മിറർ അടക്കമുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ സൂചിപ്പിച്ചു. മുൻ നിരയിൽ അവസരങ്ങൾ കുറവാകും എന്നതിനാൽ ബാഴ്‌സ വിടാൻ ഡിപെയ് സന്നദ്ധനാണ്. ട്രാൻസ്‌ഫർ വിൻഡോയിൽ കുറഞ്ഞ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എത്രയും പുതിയ ക്ലബ്ബ് തേടാൻ ആവും താരത്തിന്റെ നീക്കം.