കരിയറിലെ തൊണ്ണൂറാം ജയവും ആയി ലൂയിസ് ഹാമിൾട്ടൻ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഫോർമുല വൺ സീസണിൽ ആദ്യമായി കാണികളെ ഭാഗികമായി പ്രവേശിപ്പിച്ചു നടത്തിയ ടുസ്കാൻ ഗ്രാന്റ് പ്രീയിൽ ജയവുമായി ബ്രിട്ടീഷ് മെഴ്‌സിഡസ് ഡ്രൈവർ ലൂയിസ് ഹാമിൾട്ടൻ. നിരവധി നാടകീയ രംഗങ്ങൾക്ക് ആണ് റേസ് സാക്ഷിയായത്. കാറുകൾ തമ്മിൽ വലിയ കൂട്ടിയിടി കണ്ട റേസിൽ റെഡ് ബുള്ളിന്റെ വെർസ്റ്റാപ്പൻ അടക്കം എട്ടു കാറുകൾക്ക് റേസ് പൂർത്തിയാക്കാൻ ആയില്ല. 2 പ്രാവശ്യം ചുവന്ന കോടി വീശിയതിനാൽ നിർത്തി വെക്കേണ്ടി വന്ന റേസ് മൂന്നു പ്രാവശ്യം ആണ് പുനരാരംഭിക്കേണ്ടി വന്നത്. എന്നാൽ ഈ വെല്ലുവിളികളെ എല്ലാം അതിജീവിച്ച് ആയിരുന്നു ഹാമിൾട്ടൻ ജയം കണ്ടത്. കരിയറിൽ 95 മത്തെ പ്രാവശ്യം പോൾ പൊസിഷനിൽ റേസ് തുടങ്ങിയ ഹാമിൾട്ടൻ ഏതാണ്ട് എല്ലാ സമയത്തും മുന്നിട്ട് നിന്നാണ് കരിയറിലെ 90 മത്തെ ഗ്രാന്റ് പ്രീ ജയം കണ്ടത്.

മെഴ്‌സിഡസിന്റെ തന്നെ വൊറ്ററി ബോട്ടാസ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. അതേസമയം ആദ്യമായി പോഡിയത്തിൽ ഇടം കണ്ടത്തിയ റെഡ് ബുള്ളിന്റെ അലക്‌സാണ്ടർ ആൽബോൺ ആണ് റേസിൽ മൂന്നാമത് ആയത്. അതേസമയം വീണ്ടും നിരാശയുടെ ദിവസം ആയിരുന്നു ഫെരാരിക്ക് ഇത്. രണ്ടു ഡ്രൈവർമാരും ഫെരാരിക്ക് നിരാശ നൽകി. ജയത്തിനു ശേഷം ‘ബ്ലാക്ക് ലൈവ്‌സ് മാറ്റർ’ സന്ദേശം ഉയർത്തി കാണിച്ച ഹാമിൾട്ടൻ പോലീസിനാൽ കൊല്ലപ്പെട്ട കരുത്തവംശജയായ ബ്രെയോണ ടൈലറിനെ കൊന്ന പോലീസ്കാരെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട ജേഴ്‌സി അണിഞ്ഞാണ് ട്രോഫി മേടിക്കാൻ വന്നത്. ബ്രെയോണ ടൈലറിന്റെ ചിത്രവും ജേഴ്‌സിയിൽ ഹാമിൾട്ടൻ അണിഞ്ഞു. തന്റെ രാഷ്ട്രീയം ഒരിക്കൽ കൂടി ഉറക്കെ പറഞ്ഞ ഹാമിൾട്ടൻ എട്ടാം ലോക കിരീടത്തിലേക്ക് വേഗം വേഗം അടുക്കുകയാണ്. അതേസമയം സമീപകാലത്തെ 100 മത്തെ ജയം ആയിരുന്നു മെഴ്‌സിഡസിന് ഇത്. ഉടമസ്ഥരുടെ ചാമ്പ്യൻഷിപ്പിൽ രണ്ടാമതുള്ള റെഡ് ബുള്ളിനെക്കാൾ വളരെ മുന്നിലാണ് മെഴ്‌സിഡസ് ഇപ്പോൾ.