ഓസ്‌ട്രേലിയക്കെതിരെ വമ്പൻ ജയവുമായി ഇംഗ്ലണ്ട്

- Advertisement -

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് വമ്പൻ ജയം. കുറഞ്ഞ സ്കോറിന് പുറത്തായിട്ടും ഓസ്‌ട്രേലിക്കെതിരെ മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്താണ് ഇംഗ്ലണ്ട് 24 റൺസിന്റെ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 9 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് മാത്രമാണ് എടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ 207 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ജയത്തോടെ പരമ്പര 1-1ന് സമനിലയിലാക്കാൻ ഇംഗ്ലണ്ടിനായി.

ഇംഗ്ലണ്ട് ഉയർത്തിയ 232 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 2 വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് എന്ന നിലയിൽ നിന്ന് അവിശ്വസനീയമായ രീതിയിൽ തകരുകയായിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ഫിഞ്ച് 73 റൺസും മർകസ് ലബഷെയിൻ 48 റൺസും അലക്സ് കാരി 36 റൺസുമെടുത്ത് പുറത്തായി. മൂന്ന് വിക്കറ്റ് വീതം നേടിയ ക്രിസ് വോക്‌സും ജോഫ്രാ ആർച്ചറും ചേർന്നാണ് ഇംഗ്ലണ്ടിന് ജയം നേടിക്കൊടുത്തത്.

നേരത്തെ 42 റൺസ് നേടിയ ക്യാപ്റ്റൻ മോർഗാന്റെയും 39 റൺസ് എടുത്ത ജോ റൂട്ടിന്റെയും ബാറ്റിംഗ് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ തുടർന്ന് തകർച്ചയെ നേരിട്ട ഇംഗ്ലണ്ടിന് വേണ്ടി വാലറ്റത്ത് 37 റൺസ് എടുത്ത ടോം കുരാനും 35 റൺസ് എടുത്ത് പുറത്താവാതെ നിന്ന ആദിൽ റാഷിദുമാണ് ഇംഗ്ലണ്ടിന് പൊരുതാവുന്ന സ്കോർ നൽകിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാമ്പ 3 വിക്കറ്റും മിച്ചൽ സ്റ്റാർക്ക് രണ്ട് വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ അവസാന മത്സരം ബുധനാഴ്ച നടക്കും.

Advertisement