വനിത യൂറോയിൽ ഡെന്മാർക്കിനെ നാലു ഗോളുകൾക്ക് തകർത്തു കരുത്ത് കാട്ടി ജർമ്മനി

Wasim Akram

20220709 030058
Download the Fanport app now!
Appstore Badge
Google Play Badge 1

വനിത യൂറോയിൽ കറുത്ത കുതിരകൾ ആവും എന്നു കരുതിയ ഡെന്മാർക്കിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് തകർത്തു തങ്ങളുടെ കരുത്ത് തെളിയിച്ചു എട്ടു തവണ യൂറോപ്യൻ ജേതാക്കൾ ആയ ജർമ്മൻ ടീം. ബ്രന്റ്ഫോർഡ് കമ്യൂണിറ്റി സ്റ്റേഡിയത്തിൽ ചെൽസി ക്യാപ്റ്റൻ പെർണില ഹാർഡറിന്റെ ഡെന്മാർക്കിനു എതിരെ ജർമ്മൻ മാസ്റ്റർ ക്ലാസ് ആണ് കാണാൻ ആയത്. അട്ടിമറി ലക്ഷ്യം ഇട്ടു എത്തിയ ഡെന്മാർക്ക് ആദ്യം അവസരങ്ങൾ തുറന്നു മറുവശത്ത് ജർമ്മനിയും അവസരങ്ങൾ സൃഷ്ടിച്ചു. പത്താം മിനിറ്റിൽ 25 വാരം അകലെ നിന്നുള്ള ബയേണിന്റെ ലിന മഗുള്ളിന്റെ ഉഗ്രൻ അടി ബാറിൽ തട്ടി മടങ്ങി.

20220709 024900

എന്നാൽ ഇരുപതാം മിനിറ്റിൽ ലിന മഗുൾ ഡെന്മാർക്ക് പ്രതിരോധം ഭേദിച്ച് മികച്ച ഒരു ഷോട്ടിലൂടെ ഗോൾ കണ്ടത്തി. 1-0 നു അവസാനിച്ച ആദ്യ പകുതിക്ക് ശേഷം ജർമ്മൻ പടയോട്ടം ആണ് രണ്ടാം പകുതിയിൽ കാണാൻ ആയത്. 57 മത്തെ മിനിറ്റിൽ ലിനയുടെ കോർണറിൽ നിന്നു ഡെന്മാർക്ക് കീപ്പറെ മറികടന്നു ഹെഡറിലൂടെ ലീ ഷെർലെ ആണ് ജർമ്മൻ മുൻതൂക്കം ഇരട്ടിയാക്കിയത്. 78 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ ലെന ലാറ്റവെയിൻ ഗോളുകളുടെ എണ്ണം മൂന്നാക്കി മാറ്റി. ലെന സോഫി ഒഡറോഫിന്റെ ഹെഡർ പാസിൽ നിന്നായിരുന്നു ലെനയുടെ ഗോൾ

86 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ സിഡ്‌നി ലോഹ്മാന്റെ ക്രോസിൽ നിന്നു മറ്റൊരു പകരക്കാരിയും ടീം ക്യാപ്റ്റനും ആയ അലക്സാന്ദ്ര പോപ് ഹെഡറിലൂടെ ഗോൾ നേടി ജർമ്മൻ ജയം പൂർത്തിയാക്കുക ആയിരുന്നു. വലിയ ടൂർണമെന്റുകളിൽ താരത്തിന്റെ ആദ്യ ഗോൾ ആയിരുന്നു ഇത്. അവസാന നിമിഷം പോപ്പിനെ വീഴ്ത്തിയതിനു രണ്ടാം മഞ്ഞ കാർഡ് കണ്ട കാതറിൻ കുഹ്ൽ പുറത്ത് പോയത് ഡെന്മാർക്കിന്‌ മറ്റൊരു തിരിച്ചടിയായി. ലിന മകുൾ മാസ്റ്റർ ക്ലാസ് ആയിരുന്നു മത്സരത്തിൽ കാണാൻ ആയത്. നിലവിൽ ഗ്രൂപ്പ് ബിയിൽ വമ്പൻ ജയത്തോടെ ജർമ്മനി സ്പെയിനിനെ മറികടന്നു ഒന്നാമത് എത്തി.