ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ; ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിനരികെ

Newsroom

ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറിനരികെ. നിര്‍ണായകമായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഡല്‍ഹിയെയാണ് തോല്‍പ്പിച്ചത്. ജാര്‍ഖണ്ഡിനായി അലീഷ ടിഗ്ഗ ഇരട്ടഗോള്‍ നേടി. 24, 63 മിനുട്ടുകളിലായിരുന്നു ഗോള്‍. 55 ാം മിനുട്ടില്‍ അഞ്ജലിയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയും നേടി ആറ് പോയിന്റുമായി ജാര്‍ഖണ്ഡ് ഗ്രൂപ്പ് ഡിയില്‍ ഒന്നാമതെത്തി. നാല് പോയിന്റുമായി ഗോവയാണ് ഗ്രൂപ്പില്‍ രണ്ടാമത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന ഗോവ കര്‍ണാടക മത്സരത്തില്‍ ഗോവ ജയിക്കുകയാണെങ്കില്‍ ഗോവ ക്വാര്‍ട്ടറിന് യോഗ്യത നേടും. മത്സരം സമനിലയിലോ തോല്‍വിയിലോ അവസാനിക്കുകയാണെങ്കില്‍ ജാര്‍ഖണ്ഡ് ക്വാര്‍ട്ടറില്‍ പ്രവേശിക്കും. ജാര്‍ഖണ്ഡിനോട് പരാജയപ്പെട്ടതോടെ ഡല്‍ഹി ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്തായി.

ആദ്യ പകുതി

കഴിഞ്ഞ മത്സരത്തില്‍ തോല്‍വി ഏറ്റുവാങ്ങിയ ജാര്‍ഖണ്ഡ് ആദ്യ ഇലവനില്‍ അഞ്ച് മാറ്റങ്ങളുമായിയാണ് നിര്‍ണായക മത്സരത്തിന് ഇറങ്ങിയത്. മാറ്റം തുടക്കംമുതല്‍ തന്നെ കളികളത്തില്‍ പ്രകടമായി. ആദ്യ മിനുട്ട് മുതല്‍ ആക്രമിച്ച് കളിച്ച ജാര്‍ഖണ്ഡിന് 15 ാം മിനുട്ടില്‍ ആദ്യ അവസരമെത്തി. ഡല്‍ഹി ഗോള്‍കീപ്പര്‍ പന്ത് ക്ലിയര്‍ ചെയ്യവെ ലഭിച്ച പന്ത് ജാര്‍ഖണ്ഡ് സ്‌ട്രൈക്കര്‍ മമ്ത കുമാരിക്ക് ലഭിച്ചു. ഗോളിനായി ശ്രമിച്ചെങ്കിലും പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക് പോയി. 24 ാം മിനുട്ടില്‍ ജാര്‍ഖണ്ഡ് ലീഡ് നേടി. ഡല്‍ഹി ഗോള്‍കീപ്പറുടെ പിഴവില്‍ നിന്ന് ലഭിച്ച പന്തില്‍ അലീഷ ടിഗ്ഗയാണ് ഗോളാക്കിമാറ്റിയത്. ഗോള്‍വഴങ്ങിയതിന് ശേഷം ഡല്‍ഹി ഉണര്‍ന്നു കളിച്ചെങ്കിലും ഗോളൊന്നും നേടാന്‍ സാധിച്ചില്ല.

രണ്ടാം പകുതി

55 ാം മിനുട്ടില്‍ ഡല്‍ഹി സമനില പിടിച്ചു. അഞ്ജലിയുടെ വകയായിരുന്നു ഗോള്‍. 62 ാം മിനുട്ടില്‍ ജാര്‍ഖണ്ഡിന് ലീഡ് നേടാന്‍ അവസരം ലഭിച്ചെങ്കിലും അലീഷ ടിഗ്ഗ നഷ്ടപ്പെടുത്തു. 63 ാം മിനുട്ടില്‍ ജാര്‍ഖണ്ഡ് വീണ്ടും ലീഡ് നേടി. ബോക്‌സിന് അകത്ത് ഇടതുവിങില്‍ നിന്ന് അലിഷ ടിഗ്ഗക്ക് ലഭിച്ച പന്ത് മനോഹരമായി രണ്ടാം പോസ്റ്റിലേക്ക് അടിച്ചായിരുന്നു ഗോള്‍. അലീഷയുടെ രണ്ടാം ഗോളാണിത്. ഗോള്‍ വഴങ്ങിയതിന് ശേഷം നിറംമങ്ങിയ ഡല്‍ഹി ഗോള്‍പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ട ജാര്‍ഖണ്ഡിനെ തേടി നിരവധി ഗോള്‍ അവസരങ്ങളെത്തി. എന്നാല്‍ ഗോളൊന്നും നേടാന്‍ സാധിച്ചില്ല.