ഒന്നല്ല രണ്ടല്ല ഒമ്പതു ഗോളിന്റെ സന്തോഷം!! ആൻഡമാന്റെ വല നിറയെ കേരളത്തിന്റെ മികവ്!

Newsroom

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തിലും കേരളത്തിന് വലിയ വിജയം. ഇന്ന് കലൂർ സ്റ്റേഡിയത്തിൽ വെച്ച് ആൻഡമാൻ നിക്കോബാറിനെ നേരിട്ട കേരളം അനായാസം വൻ വിജയം നേടി. എതിരില്ലാത്ത ഒമ്പതു ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ഇന്നത്തെ വിജയം. ആദ്യ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് കേരളം ലക്ഷദ്വീപിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് തുടക്കത്തിൽ ആൻഡമാന്റെ ഗോൾ കീപ്പർ അബ്ദുൽ അസീസിന്റെ പ്രകടനം കേരളത്തിനെ ആദ്യ ഗോൾ നേടാൻ സമയമെടുപ്പിച്ചു.

39ആം മിനുട്ടിൽ ആണ് ആദ്യ ഗോൾ വന്നത്. ഒരു ലോങ് റേഞ്ചർ എഫേർട് പോസ്റ്റിൽ തട്ടി മടങ്ങവെ നിജോ ഗിൽബേർട് പന്ത് ടാബിൻ ചെയ്ത് വലയിൽ ആക്കുക ആയിരുന്നു. ഈ ആദ്യ ഗോളിന് ശേഷം പിന്നെ ഗോൾ മഴ ആയി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ ഇരട്ട ഗോളുകളുമായി ജെസിൻ കേരളത്തെ 3-0നു മുന്നിൽ എത്തിച്ചു.

രണ്ടാം പകുതിയിലും ഗോൾ മഴ തുടർന്നു. 64ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ബിബിൻ തോമസ് ഒരു ഹെഡറിലൂടെ കേരളത്തിന്റെ നാലാം ഗോൾ നേടി. അടുത്തത് അർജുൻ ജയരാജിന്റെ ഗോളായിരുന്നു. അർജുൻ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ബുള്ളറ്റ് ഷോട്ടിലൂടെ ആയിരുന്നു ഗോൾ നേടിയത്. കളിയിലെ ഏറ്റവും മികച്ച ഗോൾ ഇതായിരുന്നു.

80ആം മിനുട്ടിൽ സഫ്നാദ്, 81ആം മിനുട്ടിൽ നിജോ, 85ആം മിനുട്ടിൽ സൽമാൻ, 93ആം മിനുട്ടിൽ വീണ്ടു. സഫ്നാദ് എന്നിവർ ഗോൾ നേടിയതോടെ കേരളം 9-0ന്റെ വിജയം ഉറപ്പിച്ചു.

അവസാന മത്സരത്തിൽ കേരളം ഇനി പോണ്ടിച്ചേരിയെ ആണ് നേരിടേണ്ടത്.