ആഴ്‌സണൽ വനിത ടീം പരിശീലകൻ രാജി വെച്ചു

വലിയ സമ്മർദ്ദങ്ങൾക്ക് ഒടുവിൽ ആഴ്‌സണൽ വനിത ടീം പരിശീലകൻ ആയ ജൊനാസ് എയിഡവാൾ രാജി വെച്ചു. കഴിഞ്ഞ 3 കൊല്ലമായി ആഴ്‌സണൽ പരിശീലകൻ ആയ ജൊനാസ് ക്ലബിന് 2 തവണ ലീഗ് കപ്പ് കിരീടം നേടി നൽകിയിട്ടുണ്ട്. എന്നാൽ പുതിയ സീസണിൽ വളരെ മോശം തുടക്കം ആണ് ക്ലബിന് ഉണ്ടായത്. ലീഗിൽ കളിച്ച നാലു കളികളിൽ നിന്നു ഒരു ജയം അടക്കം 5 പോയിന്റുകൾ മാത്രം ആണ് നിലവിൽ ആഴ്‌സണലിന് ഉള്ളത്.

ചാമ്പ്യൻസ് ലീഗിൽ ബയേണിനോട് 5-2 ന്റെ കനത്ത പരാജയം ഏറ്റുവാങ്ങിയതും ജൊനാസിന് തിരിച്ചടിയായി. സീസണിൽ ക്ലബ് സൂപ്പർ താരം വിവിയനെ മിയദെമയുടെ കരാർ പുതുക്കേണ്ട എന്ന തീരുമാനം അടക്കം പരിശീലകരിൽ ആരാധകർ തൃപ്തർ അല്ലായിരുന്നു. നിലവിൽ പരിശീലകനു കീഴിൽ കളിക്കാൻ പല ആഴ്‌സണൽ താരങ്ങൾക്കും അതൃപ്തി ഉണ്ടെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. നിലവിൽ സഹപരിശീലക റീനെ സ്ലെജേർസ് ആഴ്‌സണലിന്റെ താൽക്കാലിക ചുമതല ഏറ്റെടുക്കും.

ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് ആഴ്‌സണൽ വനിതകൾ

വനിത സൂപ്പർ ലീഗ് രണ്ടാം മത്സരത്തിൽ സീസണിലെ ആദ്യ ജയം കുറിച്ച് ആഴ്‌സണൽ വനിതകൾ. മാഞ്ചസ്റ്റർ സിറ്റിയോട് ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ ആഴ്‌സണൽ ലെസ്റ്റർ സിറ്റിയുടെ മികച്ച പോരാട്ടം അതിജീവിച്ചു ആണ് ഏകപക്ഷീയമായ ഒരു ഗോളിന് ജയം കണ്ടത്.

ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം പകുതിയിൽ ലെസ്റ്റർ സിറ്റിയുടെ പിഴവിൽ നിന്നു അലസിയോ റൂസോ നൽകിയ പാസിൽ നിന്നു 55 മത്തെ മിനിറ്റിൽ ഫ്രിദ മാനം ആണ് ആഴ്‌സണലിന് വിജയഗോൾ സമ്മാനിച്ചത്. ജയത്തോടെ ലീഗിൽ ആഴ്‌സണൽ മൂന്നാം സ്ഥാനത്ത് എത്തി. ആദ്യ 2 കളികളും ജയിച്ച ചെൽസിയും, മാഞ്ചസ്റ്റർ യുണൈറ്റഡും ആണ് ആദ്യ 2 സ്ഥാനങ്ങളിൽ.

ഗോളുമായി മിയദെമ, ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ

വനിത സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ കിരീടത്തിനു ആയി പൊരുതുന്ന ആഴ്‌സണൽ മാഞ്ചസ്റ്റർ സിറ്റി പോര് സമനിലയിൽ അവസാനിച്ചു. 2-2 എന്ന സ്കോറിന് ആണ് ആഴ്‌സണലിന്റെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 40,000 നു മുകളിൽ കാണികൾക്ക് മുമ്പിൽ വെച്ചു നടന്ന മത്സരം അവസാനിച്ചത്. ആഴ്‌സണൽ ഇതിഹാസതാരം വിവിയനെ മിയദെമയുടെ മാഞ്ചസ്റ്റർ സിറ്റിക്ക് ആയുള്ള അരങ്ങേറ്റവും ഇന്ന് കണ്ടു. എട്ടാം മിനിറ്റിൽ കാറ്റലിൻ ഫോർഡിന്റെ മികച്ച ക്രോസ് ഗോൾ ആക്കാൻ ബ്ലാക്ക്സ്റ്റെനിയസിന് ആയില്ലെങ്കിലും പിന്നാലെ എത്തിയ ഫ്രിദ മാനം ഇത് ഗോൾ ആക്കി മാറ്റി. തുടർന്ന് ഇരു ടീമുകളും മികച്ച അവസരങ്ങൾ സൃഷ്ടിച്ചു.

ബെത്ത് മീഡ്

ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ട് മുമ്പ് മിയദെമയുടെ ഷോട്ട് ആഴ്‌സണൽ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. ഇതോടെ കളിക്കുന്ന 16 ടീമുകൾക്ക് എതിരെയും സൂപ്പർ ലീഗിൽ ഗോൾ നേടുന്ന താരമായി മിയദെമ. തന്റെ മുൻ ക്ലബിന് എതിരെ ഗോൾ ആഘോഷിക്കാൻ താരം നിന്നില്ല. രണ്ടാം പകുതിയിൽ 58 മത്തെ മിനിറ്റിൽ ജെസിക്ക പാർക്കിന്റെ ബോക്സിനു പുറത്തുള്ള ശ്രമം ഗോൾ ആയതോടെ ആഴ്സണൽ ഞെട്ടി. തുടർന്ന് സമനില ഗോളിന് ആയി ആഴ്‌സണൽ ശ്രമം. 81 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ റോസ കഫായിയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടക്കിയെങ്കിലും റീബോണ്ടിൽ ഗോൾ നേടിയ മറ്റൊരു പകരക്കാരിയായ ബെത്ത് മീഡ് ആഴ്‌സണലിന് സമനില സമ്മാനിക്കുക ആയിരുന്നു. ജീവിതപങ്കാളികൾ ആയ മിയദെമ സിറ്റിക്കായും മീഡ് ആഴ്‌സണലിനും ആയി ഗോൾ നേടി പ്രത്യേകതയും മത്സരത്തിന് ഉണ്ട്.

ഇഞ്ച്വറി സമയത്ത് രണ്ടു ഗോളുകൾ, വമ്പൻ തിരിച്ചു വരവ് നടത്തി ആഴ്‌സണൽ വനിതകൾ

എമിറേറ്റ്‌സിൽ മത്സരം കാണാൻ എത്തിയ വലിയ കാണികൾക്ക് മുന്നിൽ വനിത സൂപ്പർ ലീഗിൽ സീസണിലെ ആദ്യ ജയം കുറിച്ച് ആഴ്‌സണൽ വനിതകൾ. ആസ്റ്റൺ വില്ലക്ക് എതിരെ ഇഞ്ച്വറി സമയത്ത് നേടിയ രണ്ടു ഗോളുകളുടെ മികവിൽ 2-1 നു ആണ് ആഴ്‌സണൽ ജയം കുറിച്ചത്. കഴിഞ്ഞ കളിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഇഞ്ച്വറി സമയത്ത് സമനില നേടിയ ആഴ്‌സണൽ നന്നായി ആണ് മത്സരം തുടങ്ങിയത്. എന്നാൽ 25 മത്തെ മിനിറ്റിൽ ആഴ്‌സണലിനെ ഞെട്ടിച്ചു സ്റ്റാനിഫോർത്തിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ പച്ചേകോ ഗോൾ നേടി.

രണ്ടാം പകുതിയിൽ ജയിക്കാൻ ആയി ആഴ്‌സണൽ നിരന്തരം ആക്രമണം നടത്തി. എന്നാൽ വില്ല പ്രതിരോധം ഇതെല്ലാം തടഞ്ഞു. 85 മത്തെ മിനിറ്റിൽ ഏതാണ്ട് ഒരു വർഷത്തിനു ശേഷം എ.സി.എൽ ഇഞ്ച്വറി മാറിയെത്തിയ ബെത്ത് മീഡ് കളത്തിലേക്ക് മടങ്ങിയെത്തി. ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ വിക്ടോറിയ പെലോവയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ കേറ്റി മകെബെ ആഴ്‌സണലിന് സമനില ഗോൾ സമ്മാനിച്ചു. തുടർന്ന് 2 മിനിറ്റിനുള്ളിൽ മീഡിന്റെ പാസിൽ നിന്നു തന്റെ ലീഗിലെ ആഴ്‌സണലിന് ആയുള്ള ആദ്യ ഗോൾ നേടിയ അലസിയ റൂസോ ആഴ്‌സണലിന് സീസണിലെ മൂന്നാം മത്സരത്തിൽ ആദ്യ ജയം സമ്മാനിക്കുക ആയിരുന്നു.

അവസാനം ലൂയിസ് റുബിയാലസ് രാജി വെച്ചു

കടുത്ത സമ്മർദ്ദങ്ങൾക്ക് ഒടുവിൽ സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ് രാജി വെച്ചു. വനിത ലോകകപ്പ് വിജയത്തിന് ശേഷം സമ്മതം ഇല്ലാതെ സ്പാനിഷ് താരം ജെന്നി ഹെർമോസയെ ചുംബിച്ച റുബിയാലസ് കടുത്ത പ്രതിഷേധം ആണ് നേരിട്ടത്. തുടർന്ന് ഇതിനെ പ്രതിരോധിക്കാൻ റുബിയാലസും സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷനും നടത്തിയ ശ്രമങ്ങൾ കടുത്ത നാണക്കേട് ആണ് ഉയർത്തിയത്.

അന്താരാഷ്ട്ര സമ്മർദ്ദത്തിനു പുറമെ വ്യാഴാഴ്ച ഹെർമോസ കേസ് കൂടി നൽകിയതോടെ റുബിയാലസ് രാജി വെക്കാൻ നിർബന്ധിതൻ ആവുക ആയിരുന്നു. യുഫേഫ വൈസ് പ്രസിഡന്റ് സ്ഥാനവും റുബിയാലസ് ഒഴിയും. തന്റെ നിരപരാധിത്വം ഭാവിയിൽ തെളിയിക്കും എന്നും തനിക്ക് ഭാവിയിലും സത്യത്തിലും പ്രതീക്ഷ ഉണ്ട് എന്നുമാണ് രാജിക്ക് പിറകെ റുബിയാലസ് സാമൂഹിക മാധ്യമങ്ങൾ വഴി പ്രതികരിച്ചത്.

റൂബിയാലസിന്റെ ചെയ്തികളിൽ മാപ്പപേക്ഷിച്ച് സ്പാനിഷ് ഫെഡറേഷൻ; വിൽഡ പരിശീലക സ്ഥാനത്ത് നിന്നും പുറത്ത്

ലോകകപ്പ് നേടി രണ്ടാഴ്ച്ച പിന്നിടുമ്പോൾ കെട്ടടങ്ങാത്ത വിവാദങ്ങളിൽ നടപടിയുമായി സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ. വനിതാ ടീം കോച്ച് ഹോർഗെ വിൽഡയെ പുറത്താക്കിയതായി ഫെഡറേഷൻ അറിയിച്ചു. “റോയൽ സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ, പ്രസിഡന്റ് പെഡ്രോ റോച്ചയുടെ ആഭിമുഖ്യത്തിൽ കൈക്കൊണ്ട തീരുമാനങ്ങളുടെ ഭാഗമായി വനിതാ ഫുട്ബോൾ പരിശീലക, സ്‌പോർട് ഡയറക്ടർ സ്ഥാനങ്ങളിൽ നിന്നും ഹോർഗെ വിൽഡയെ പുറത്താക്കുന്നു. 2015 മുതൽ ഈ സ്ഥാനത്ത് നിന്നും ടീമിന് വേണ്ടി നടത്തിയ പ്രവർത്തങ്ങളിലും ലോകകപ്പ് വിജയത്തിലും അദ്ദേഹത്തെ അഭിനന്ദിക്കുന്നു”, ഫെഡറേഷൻ ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. ഇതോടെ വനിതാ താരങ്ങളുടെ നീണ്ട പ്രതിഷേധത്തിനാണ് ഒടുവിൽ വിജയം കാണുന്നത്. നേരത്തെ വിൽഡക്കെതിരെ നടപടി എടുക്കുന്നതിൽ പ്രതിഷേധിച്ചു നിരവധി പ്രമുഖ താരങ്ങൾ ലോകകപ്പിൽ സ്പാനിഷ് ജേഴ്‌സി അണിയാൻ വിസമ്മതിച്ചിരുന്നു.

ഇതിന് പുറമെ മുൻ പ്രസിഡന്റ് റൂബിയാലസിന്റെ ചെയ്തികളിൽ ഫുട്ബോൾ ലോകത്തോട് മാപ്പപേക്ഷിച്ചും സ്പാനിഷ് ഫെഡറേഷൻ മുന്നോട്ടു വന്നു. എല്ലാ ഫുട്ബോൾ ഇൻസ്റ്റിറ്റ്യൂഷനുകളും, താരങ്ങളും, പ്രത്യേകിച്ച് സ്പാനിഷ്, ഇംഗ്ലണ്ട് ദേശിയ താരങ്ങൾ, ഫുട്ബോൾ ആരാധകർ എന്നിവരെ എല്ലാം എടുത്തു പറഞ്ഞാണ് മാപ്പപേക്ഷ നടത്തിയിരിക്കുന്നത്. യാതൊരു ന്യായീകരികരണവും ഇല്ലാത്ത ചെയ്‌തിയാണ് റൂബിയാലസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും, ഇത് സ്പാനിഷ് കായിക താരങ്ങളെയോ ഭരണ കർത്താക്കളെയോ സമൂഹത്തെയോ പ്രതിനിധാനം ചെയ്യുന്നത് അല്ലെന്നും ഫെഡറേഷൻ അടിവരയിട്ടു. കൂടാതെ അന്താരാഷ്ട്ര തലത്തിൽ തന്നെ രാജ്യത്തിനും കായിക രംഗത്തിനും ഈ സംഭവം അപമാനം സൃഷ്ടിച്ചു എന്നും സ്പാനിഷ് ഫുട്ബോൾ ഫെഡറേഷൻ അംഗീകരിച്ചു.

റൂബിയാലസിനെ അന്വേഷണ വിധേയനായി ഫിഫ സസ്‌പെന്റ് ചെയ്തു

സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റൂബിയാലസിനെ അന്വേഷണ വിധേയനായി ഫിഫ സസ്‌പെന്റ് ചെയ്തു. 90 ദിവസത്തേക്ക് ആണ് ഫിഫ റൂബിയാലസിനെ സസ്‌പെന്റ് ചെയ്തത്. വനിത ലോകകപ്പ് ഫൈനലിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെർമോസയെ അനുവാദം ഇല്ലാതെ ചുണ്ടിൽ ചുംബിച്ച റൂബിയാലസിന്റെ നടപടി ഫുട്‌ബോൾ ലോകത്ത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. താൻ രാജി വെക്കില്ല എന്നു റുബിയാലസ് പ്രഖ്യാപിച്ചതും വിവാദം കടുപ്പിച്ചു. നിലവിൽ റൂബിയാലസിനോട് ഹെർമോസയെ ബന്ധപ്പെടാൻ പാടില്ല എന്നും ഫിഫ പറഞ്ഞിട്ടുണ്ട്.

അതേസമയം എല്ലാവരെയും ഞെട്ടിച്ചു ഹെർമോസക്ക് എതിരെ നിയമ നടപടി സ്വീകരിക്കും എന്നു സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സ്പാനിഷ് ടീമിൽ റുബിയാലസിനെ മാറ്റുന്നത് വരെ ഇനി കളിക്കില്ലെന്നു ലോകകപ്പ് ജയിച്ച മുഴുവൻ താരങ്ങൾ അടക്കം എല്ലാവരും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സ്പാനിഷ് ലോകകപ്പ് ടീമിലെ മുഖ്യ പരിശീലകൻ ഹോർജെ വിൽഡ ഒഴിച്ചു എല്ലാ പരിശീലക അംഗങ്ങളും രാജി വെച്ചത് ആയും റിപ്പോർട്ട് വന്നു. റുബിയാലസിന് എതിരെ ലാ ലീഗ ക്ലബ് സെവിയ്യയും ഔദ്യോഗികമായി രംഗത്ത് വന്നു.

റുബിയാലസ് സ്ഥാനം ഒഴിയുന്നത് വരെ ഒരു മത്സരവും കളിക്കില്ലെന്നു ലോകകപ്പ് നേടിയ സ്പാനിഷ് ടീം പ്രഖ്യാപനം

സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ലൂയിസ് റുബിയാലസ് ഒഴിയുന്നത് വരെ ഒരു മത്സരവും കളിക്കില്ലെന്നു ഒരുമിച്ച് തീരുമാനം എടുത്തു ലോകകപ്പ് നേടിയ സ്പാനിഷ് വനിത ടീം. ലോകകപ്പ് നേടിയ 23 അംഗങ്ങൾക്ക് പുറമെ 56 വനിത താരങ്ങളും ഒപ്പിട്ട് പുറത്തിറക്കിയ പത്രക്കുറിപ്പിൽ ആണ് സ്പാനിഷ് വനിത ടീം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. സ്പാനിഷ് താരം ജെന്നി ഹെർമാസോയെ സമ്മതത്തോടെ ആണ് ചുംബിച്ചത്, തനിക്ക് എതിരെ നടക്കുന്ന നീക്കം കപട ഫെമിനിസം ആണ് എന്ന് തുടങ്ങിയ റുബിയാലസിന്റെ വാദങ്ങൾക്ക് എതിരെ ജെന്നി ഹെർമാസോയും രംഗത്ത് വന്നു.

തന്നെ അപ്രതീക്ഷിതമായി സമ്മതം ഇല്ലാതെയാണ് റുബിയാലസ് ചുംബിച്ചത് എന്നു പറഞ്ഞ ഹെർമാസോ ഇത്തരം ന്യായീകരണങ്ങൾ നൽകാൻ ഒരു സ്ത്രീയും നിർബന്ധിത ആവരുത് എന്നും കൂട്ടിച്ചേർത്തു. അതേസമയം സ്പാനിഷ് സർക്കാരിലെ വലിയ വിഭാഗം റുബിയാലസിന് എതിരെ രംഗത്ത് വന്നിരുന്നു. അതോടൊപ്പം റുബിയാലസിന് എതിരായ പ്രതിഷേധം കാരണം ചില സ്പാനിഷ് ഫെഡറേഷൻ അംഗങ്ങൾ രാജിയും വെച്ചിരുന്നു. ഇതിനു പുറമെ ഫിഫയും റുബിയാലസിന് എതിരായ അന്വേഷണവും ശിക്ഷാനടപടിയും തുടങ്ങിയിട്ടുണ്ട്. നിലവിൽ രാജ്യത്തിനു അകത്തും പുറത്തും നടക്കുന്ന ഈ കടുത്ത പ്രതിഷേധങ്ങൾ റുബിയാലസ് അതിജീവിക്കുമോ എന്നത് കണ്ടറിയാം.

സ്പാനിഷ് ഫുട്‌ബോളിനെ നാണിപ്പിച്ചു രാജി വെക്കില്ല എന്നാവർത്തിച്ചു ലൂയിസ് റുബിയാലസ്

സ്പാനിഷ് ഫുട്‌ബോളിനെ വീണ്ടും നാണക്കേടിലേക്ക് തള്ളി വിട്ട് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ്. സ്‌പെയിൻ വനിതകളുടെ ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് താരം ജെന്നി ഹെർമാസോയെ ബലം പ്രയോഗിച്ച് ചുംബിച്ച റുബിയാലസിന് എതിരെ കനത്ത പ്രതിഷേധങ്ങൾ ആണ് ഉയർന്നത്. തുടർന്ന് ഇന്ന് നടക്കുന്ന യോഗത്തിന് ശേഷം റുബിയാലസ് രാജി പ്രഖ്യാപിക്കും എന്നായിരുന്നു വാർത്തകൾ. എന്നാൽ ഫെഡറേഷൻ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിച്ച റുബിയാലസ് താൻ രാജി വെക്കില്ല എന്നു ആക്രോശിക്കുക ആയിരുന്നു.

ഹെർമാസോയുടെ സമ്മതത്തോടെ താരം മുൻ കൈ എടുത്താണ് താൻ താരത്തെ ചുംബിച്ചത് എന്നു പറഞ്ഞ റുബിയാലസ് അത് വലിയ ചുംബനം അല്ല എന്നും കപട ഫെമിനിസ്റ്റുകൾ ആണ് പ്രശ്നം ഉണ്ടാക്കുന്നത് എന്നും ആരോപിച്ചു. ഒപ്പം വനിത ഫുട്‌ബോൾ പരിശീലകൻ ഹോർഹെ വിൽഡക്ക് 2 മില്യൺ യൂറോ വാർഷിക വരുമാനത്തിൽ നാലു വർഷത്തെ കരാറും റുബിയാലസ് പരസ്യമായി ഓഫർ ചെയ്തു. താൻ രാജി വെക്കില്ല എന്നു റുബിയാലസ് പ്രഖ്യാപിക്കുമ്പോൾ സ്പാനിഷ് പുരുഷ, വനിത പരിശീലകർ അടക്കമുള്ള ഭൂരിഭാഗം അംഗങ്ങളും കയ്യടിക്കുക ആണ് എന്നത് സ്‌പെയിനിന് വലിയ നാണക്കേട് ഉണ്ടാക്കി.

പ്രതിഷേധം ഫലം കാണുന്നു, സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് നാളെ സ്ഥാനം ഒഴിഞ്ഞേക്കും

സ്‌പെയിനിന്റെ വനിത ലോകകപ്പ് ഫൈനൽ വിജയത്തിന് ശേഷം മെഡൽ നൽകുന്ന ചടങ്ങിൽ സ്പാനിഷ് താരം ജെന്നി ഹെർമോസയുടെ ചുണ്ടിൽ അനുവാദം കൂടാതെ ചുംബനം നൽകിയ സ്പാനിഷ് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ലൂയിസ് റുബിയാലസ് നാളെ സ്ഥാനം ഒഴിഞ്ഞേക്കും എന്നു റിപ്പോർട്ട്. ലോകകപ്പ് വിജയത്തിന് ശേഷം സ്പാനിഷ് മാഹാരാജ്ഞിയും രാജകുമാരിയും അടുത്ത് നിൽക്കുമ്പോൾ ലോകം മൊത്തം കാണുമ്പോൾ ആണ് റുബിയാലസ് ഈ പ്രവർത്തനം നടത്തിയത്. ഡ്രസിങ് റൂമിലും തുടർന്ന് അദ്ദേഹം നടത്തിയ പരാമർശങ്ങളും വിമർശനം നേരിട്ടിരുന്നു.

തന്റെ അനുവാദം ഇല്ലാതെയാണ് റുബിയാലസ് തന്നെ ചുംബിച്ചത് എന്നു അപ്പോൾ തന്നെ തുറന്നു പറഞ്ഞ ഹെർമോസ തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. നേരത്തെ രാജ്യത്തിനു അപമാനം ഉണ്ടാക്കിയ റുബിയാലസ് സ്ഥാനം ഒഴിയണം എന്നു ഗെറ്റഫെ, റയൽ സോസിദാഡ്, ഒസാസുന, അത്ലറ്റികോ മാഡ്രിഡ് എന്നീ നാലു സ്പാനിഷ് ക്ലബുകളും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കാഡിസും അവരുടെ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്ന് ഫിഫ ഔദ്യോഗികമായി റുബിയാലസിന് എതിരെയുള്ള നടപടികൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു. ഇതിനു ഇടയിൽ ആണ് നാളെ നടക്കുന്ന പ്രത്യേക ഫുട്‌ബോൾ അസോസിയേഷൻ മീറ്റിങിൽ റുബിയാലസ് തന്റെ രാജി പ്രഖ്യാപിക്കും എന്ന വാർത്ത റുബിയാലസും ആയി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്പാനിഷ് ഫുട്‌ബോളിനും രാജ്യത്തിനു ഒട്ടാകെയും ഈ സംഭവം വലിയ നാണക്കേട് തന്നെയാണ് ഉണ്ടാക്കിയത്.

ഡച്ച് സൂപ്പർ താരത്തെ ടീമിൽ എത്തിച്ചു ബാഴ്‌സലോണ വനിതകൾ

ഇരുപതുകാരിയായ ഡച്ച് സൂപ്പർ താരം എസ്മി ബ്രുഗ്റ്റ്സിനെ ടീമിൽ എത്തിച്ചു ബാഴ്‌സലോണ വനിതകൾ. ഈ വർഷം ഡച്ച് ക്ലബ് പി.എസ്.വി ഐന്തോവനും ആയുള്ള കരാർ അവസാനിച്ച താരം നാലു വർഷത്തെ കരാറിന് ആണ് ബാഴ്‌സലോണയും ആയി കരാർ ഒപ്പ് വെച്ചത്. ഇതിനകം തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ ആയാണ് ബ്രുഗ്റ്റ്സ് പരിഗണിക്കപ്പെടുന്നത്.

3 വർഷം മുമ്പ് പി.എസ്.വിക്ക് ആയി അരങ്ങേറ്റം കുറിച്ച താരം അവർക്ക് ആയി 50 കളികളിൽ നിന്നു 12 ഗോളുകൾ ആണ് നേടിയത്. ഈ കഴിഞ്ഞ വനിത ലോകകപ്പിൽ വിയറ്റ്‌നാമിനു എതിരെ 25 വാര അകലെ 2 ഗോളുകൾ നേടിയ താരം ലോകകപ്പിലും നന്നായി കളിച്ചിരുന്നു. ചെറുപ്പകാലത്ത് ബാഴ്‌സലോണ മൈതാനം സന്ദർശിച്ച ഫോട്ടോ പങ്ക് വെച്ചു ഇത് തന്റെ സ്വപ്ന യാഥാർത്ഥ്യം ആണെന്നാണ് താരം പ്രതികരിച്ചത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തിന് ആയി ശ്രമിച്ചിരുന്നു.

ഓൽഗ ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയതും ജയിച്ചതും എല്ലാം അച്ഛൻ മരിച്ചത് അറിയാതെ!

സ്‌പെയിൻ തങ്ങളുടെ പ്രഥമ വനിത ലോകകപ്പ് നേടിയതിനു പിന്നാലെ സങ്കടകരമായ വാർത്ത പുറത്ത് വിട്ടു സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ. ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിന് എതിരെ ഏക ഗോൾ നേടിയ ക്യാപ്റ്റൻ ഓൽഗ കാർമോണയുടെ അച്ഛന്റെ മരണ വാർത്തയാണ് അവർ പുറത്ത് വിട്ടത്. ലോകകപ്പ് ഫൈനലിന് മുമ്പ് താരത്തിന്റെ അച്ഛൻ മരിച്ചിരുന്നു എങ്കിലും താരം ഈ വാർത്ത അറിയുന്നത് ഫൈനലിന് ശേഷം ആയിരുന്നു.

ഈ ദുഖകരമായ നിമിഷത്തിൽ ഓൽഗക്കും കുടുംബത്തിനും ഒപ്പം നിൽക്കുന്നു എന്നു പറഞ്ഞ സ്പാനിഷ് ഫെഡറേഷൻ എല്ലാവരും താരത്തിന് ഒപ്പം ആണെന്നും ഓൽഗ സ്പാനിഷ് ചരിത്രത്തിന്റെ ഭാഗം ആണെന്നും കൂട്ടിച്ചേർത്തു. ലോകകപ്പ് ഫൈനലിൽ താൻ നേടിയ ഗോൾ ഈ അടുത്ത് തന്റെ അമ്മയെ നഷ്ടമായ തന്റെ ഏറ്റവും അടുത്ത സുഹൃത്തിന് ആയിരുന്നു ഓൽഗ സമർപ്പിച്ചത്. ജേഴ്‌സി ഉയർത്തി ആയിരുന്നു റയൽ മാഡ്രിഡ് താരമായ ഓൽഗ അത് പ്രകടിപ്പിച്ചത്.

Exit mobile version