ബാഴ്‌സലോണയുടെ ഐറ്റാന ബൊന്മാറ്റി ലോകകപ്പിന്റെ താരം, മികച്ച യുവതാരമായി സൽ‍മ

ലോകകപ്പിൽ ഗോൾഡൻ ബോൾ നേട്ടം സ്വന്തമാക്കി സ്‌പെയിനിന്റെ ബാഴ്‌സലോണ താരം ഐറ്റാന ബൊന്മാറ്റി. ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചു ലോകകപ്പ് ഉയർത്തിയ സ്പെയിനിനു ആയി ലോകകപ്പിൽ 3 ഗോളുകളും 2 അസിസ്റ്റുകളും ആണ് താരം നൽകിയത്. തികച്ചും അലക്സിയ ഇല്ലാതിരുന്ന സ്പാനിഷ് മധ്യനിരയുടെ ആത്മാവ് ബൊന്മാറ്റി തന്നെ ആയിരുന്നു. ബാഴ്‌സലോണക്ക് ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗും നേടി കൊടുത്ത ബൊന്മാറ്റി ഇപ്രാവശ്യം ബാലൻ ഡിയോർ നേടും എന്നുറപ്പാണ്.

5 കളികളിൽ നിന്നു 5 ഗോളുകൾ നേടിയ ജപ്പാന്റെ 23 കാരിയായ ഹിനാറ്റ മിയാസാവ ആണ് ഗോൾഡൻ ബൂട്ട് നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇംഗ്ലീഷ് ഗോൾ കീപ്പർ മേരി ഏർപ്സ് ആണ് മികച്ച ഗോൾ കീപ്പറുടെ ഗോൾഡൻ ഗ്ലൗവ് നേടിയത്. ഫൈനലിൽ പെനാൽട്ടി അടക്കം രക്ഷിച്ച ഏർപ്സ് ലോകകപ്പിൽ ഗോൾഡൻ ഗ്ലൗവ് നേടുന്ന ആദ്യ ഇംഗ്ലീഷ് ഗോൾ കീപ്പർ ആണ്. ഇംഗ്ലണ്ടിന് ഫൈനൽ വരെ എത്താൻ താരം നിർണായക പങ്ക് ആണ് വഹിച്ചത്.

അതേസമയം 19 കാരിയായ ബാഴ്‌സലോണയുടെ സ്പാനിഷ് താരം സൽ‍മ പാരലുലോ ലോകകപ്പിലെ മികച്ച യുവതാരം ആയി തിരഞ്ഞെടുക്കപ്പെട്ടു. ക്വാർട്ടർ ഫൈനലിൽ പകരക്കാരിയായി ഇറങ്ങി എക്സ്ട്രാ സമയത്ത് ഗോൾ നേടിയ സൽ‍മ പകരക്കാരിയായി ഇറങ്ങി സെമിഫൈനലിലും ഗോൾ നേടിയിരുന്നു. 2018 ൽ അണ്ടർ 17 ലോകകപ്പ്, 2022 ൽ അണ്ടർ 20 ലോകകപ്പ് കിരീടങ്ങൾ ഉയർത്തിയ സൽ‍മ 19 മത്തെ വയസ്സിൽ ലോകകപ്പ് ഉയർത്തുകയും മികച്ച യുവതാരത്തിനുള്ള അവാർഡും സ്വന്തമാക്കി. നിലവിലെ അണ്ടർ 20 ലോകകപ്പ് ചാമ്പ്യനും ലോക ചാമ്പ്യനും ആയ സൽ‍മ ഇത്തരം ഒരു നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ ഫുട്‌ബോൾ താരമാണ്.

വനിത ലോകകപ്പിൽ ഓസ്‌ട്രേലിയയെ വീഴ്ത്തി മൂന്നാം സ്ഥാനം നേടി സ്വീഡൻ

വനിത ലോകകപ്പിൽ മൂന്നാം സ്ഥാനക്കാർക്ക് ആയുള്ള പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു സ്വീഡൻ. ലോകകപ്പിൽ ഇത് നാലാം തവണയാണ് സ്വീഡൻ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുന്നത്. അതേസമയം ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ആദ്യമായാണ് അവർ ലോകകപ്പിൽ നാലാം സ്ഥാനത്ത് എത്തുന്നത്. സ്വീഡന് നേരിയ മുൻതൂക്കം ഉണ്ടായ മത്സരത്തിൽ തുടക്കത്തിൽ ലഭിച്ച അവസരങ്ങൾ ഓസ്‌ട്രേലിയക്ക് മുതലാക്കാൻ ആയില്ല. 30 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടിയിലൂടെയാണ് സ്വീഡൻ മത്സരത്തിൽ മുന്നിൽ എത്തിയത്.

ആഴ്‌സണൽ താരം സ്റ്റിന ബ്ലാക്ക്സ്റ്റെനിയൻസിനെ വീഴ്ത്തിയതിന് വാർ പരിശോധനക്ക് ശേഷമാണ് റഫറി പെനാൽട്ടി അനുവദിച്ചത്. പെനാൽട്ടി എടുത്ത ബാഴ്‌സലോണ താരം റോൽഫോ അനായാസം പെനാൽട്ടി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിൽ നിന്നു എ.സി മിലാൻ താരം അസ്ലാനി നേടിയ ഉഗ്രൻ ഗോളിൽ സ്വീഡൻ ജയം ഉറപ്പിക്കുക ആയിരുന്നു. താൻ തന്നെ തുടങ്ങിയ നീക്കത്തിന് ഒടുവിൽ ബ്ലാക്ക്സ്റ്റെനിയൻസിന്റെ പാസിൽ നിന്നു ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ അടിയിലൂടെ അസ്ലാനി സ്വീഡന്റെ രണ്ടാം ഗോൾ നേടുക ആയിരുന്നു. തുടർന്ന് സമനിലക്ക് ആയി ഓസ്‌ട്രേലിയ സാം കെറിന്റെ നേതൃത്വത്തിൽ ശ്രമിച്ചു എങ്കിലും സ്വീഡിഷ് പ്രതിരോധം വിട്ട് കൊടുത്തില്ല.

ബാഴ്‌സലോണയുടെ സ്പാനിഷ് താരം ലോകകപ്പിന് ശേഷം ആഴ്‌സണലിൽ ചേരും

ബാഴ്‌സലോണ വനിതകളുടെ സ്പാനിഷ് പ്രതിരോധതാരം ലെയ കോഡിന വനിത ലോകകപ്പ് ഫൈനലിന് ശേഷം ആഴ്‌സണലിൽ ചേരും. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് ആണ് സ്‌പെയിനിന്റെ എതിരാളികൾ. നിലവിൽ താരത്തിന്റെ ട്രാൻസ്‌ഫറിന്റെ കാര്യത്തിൽ ആഴ്‌സണൽ ബാഴ്‌സലോണയും ആയും ധാരണയിൽ എത്തി. തങ്ങളുടെ പ്രതിരോധ താരങ്ങൾ ആയ വില്യംസൺ, അമാന്ത എന്നിവരുടെ പരിക്ക് ആണ് പുതിയ താരത്തെ ടീമിൽ എത്തിക്കാൻ ആഴ്‌സണലിനെ നിർബന്ധിതമാക്കിയത്.

കൂടാതെ ബ്രസീൽ താരം റാഫേല ആഴ്‌സണൽ വിടുകയും ചെയ്തു. 23 കാരിയായ കോഡിന ബാഴ്‌സലോണ യൂത്ത് അക്കാദമി വഴി കളി തുടങ്ങിയ താരമാണ്. 2019 ൽ ബാഴ്‌സയിൽ അരങ്ങേറ്റം കുറിച്ച താരം ഇടക്ക് എ.സി മിലാനിൽ ലോണിലും കളിച്ചു. ബാഴ്‌സയിൽ 2 ചാമ്പ്യൻസ് ലീഗ്, 3 സ്പാനിഷ് ലീഗ് നേട്ടങ്ങളിലും കോഡിന ഭാഗമായി. നിലവിൽ ലോകകപ്പ് ടീമിൽ ആദ്യ 11 ൽ ഇടം കണ്ടത്തിയ കോഡിന സ്വിസർലന്റിന് എതിരെ ഗോളും നേടിയിരുന്നു.

അമേരിക്കക്ക് പിന്നാലെ ജപ്പാനെയും പുറത്താക്കി സ്വീഡൻ, ലോകകപ്പിൽ പുതിയ ചാമ്പ്യൻ ഉറപ്പായി

റെക്കോർഡ് ലോക ചാമ്പ്യന്മാർ ആയ അമേരിക്കയെ പ്രീ ക്വാർട്ടർ ഫൈനലിൽ അട്ടിമറിച്ച സ്വീഡൻ ക്വാർട്ടർ ഫൈനലിൽ 2011 ലെ ലോക ചാമ്പ്യന്മാർ ആയ ജപ്പാനെയും അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് സ്വീഡൻ ജയം കണ്ടത്. മത്സരത്തിൽ നേരിയ മുൻതൂക്കം സ്വീഡന് ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ പലപ്പോഴും ജപ്പാൻ സ്വീഡിഷ് പ്രതിരോധം പരീക്ഷിച്ചു. മത്സരത്തിൽ 32 മത്തെ മിനിറ്റിൽ ആഴ്‌സണൽ പ്രതിരോധ താരം അമാന്ത ഇലസ്റ്റെഡ് ഫ്രീകിക്കിൽ നിന്നു ലഭിച്ച അവസരത്തിൽ ഗോൾ നേടി.

മൂന്നു തവണ സ്വീഡിഷ് ഷോട്ടുകൾ ജപ്പാനീസ് പ്രതിരോധം തടഞ്ഞെങ്കിലും ടൂർണമെന്റിലെ തന്റെ നാലാം ഗോൾ നേടിയ അമാന്ത അവരെ മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 51 മത്തെ മിനിറ്റിൽ വാർ പരിശോധനക്ക് ശേഷം ഫുക നഗനോയുടെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട മാഞ്ചസ്റ്റർ സിറ്റി താരം ഫിലിപ്പ സ്വീഡന് രണ്ടാം ഗോൾ സമ്മാനിച്ചു. സെറ്റ് പീസുകളിൽ ജപ്പാനീസ് താരങ്ങളുടെ ഉയരക്കുറവ് സ്വീഡൻ നന്നായി മുതലെടുത്തു. തുടർന്ന് എല്ലാം മറന്നു ആക്രമിക്കുന്ന ജപ്പാനെ ആണ് കളിയിൽ കണ്ടത്.

76 മത്തെ മിനിറ്റിൽ തന്നെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി പക്ഷെ റിക്കോ ഉയെകിക്ക് ലക്ഷ്യം കാണാൻ ആയില്ല. താരത്തിന്റെ പെനാൽട്ടി ബാറിൽ ഇടിച്ചു മടങ്ങുക ആയിരുന്നു. 87 മത്തെ മിനിറ്റിൽ ഫ്രീകിക്കിൽ നിന്നുള്ള ഫുജിനോയുടെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. തുടർന്ന് ലഭിച്ച റീബോണ്ട് ലക്ഷ്യം കണ്ട പകരക്കാരിയായി ഇറങ്ങിയ ഹാനോക ഹയാഷി ജപ്പാന് ആയി ഒരു ഗോൾ മടക്കി. തുടർന്ന് നിരന്തരമുള്ള ജപ്പാനീസ് ആക്രമണങ്ങൾ ആണ് കാണാൻ ആയത്. എന്നാൽ ഇതെല്ലാം പ്രതിരോധിച്ചു സ്വീഡൻ സെമിഫൈനൽ ഉറപ്പിക്കുക ആയിരുന്നു. സെമിയിൽ സ്‌പെയിൻ ആണ് സ്വീഡന്റെ എതിരാളികൾ. ജപ്പാൻ കൂടി പുറത്ത് ആയതോടെ ഈ ലോകകപ്പിൽ പുതിയ ലോക ചാമ്പ്യൻ ഉണ്ടാവും എന്ന കാര്യം ഉറപ്പായി.

വിലക്ക് രണ്ടു മത്സരങ്ങളിൽ മാത്രം, ഇംഗ്ലണ്ട് ഫൈനലിൽ എത്തിയാൽ ലോറൻ ജെയിംസിനു കളിക്കാം

ഫിഫ വനിത ലോകകപ്പിൽ നൈജീരിയക്ക് എതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ നൈജീരിയൻ താരം മിഷേല അലോസിയെ ചവിട്ടിയതിനു ചുവപ്പ് കാർഡ് കണ്ട ഇംഗ്ലീഷ് മുന്നേറ്റനിര താരം ലോറൻ ജെയിംസിന് 2 മത്സരങ്ങളിൽ നിന്നു വിലക്ക്. നൈജീരിയക്ക് എതിരെ ഗോൾ രഹിത സമനിലക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ഇംഗ്ലണ്ട് ജയം കണ്ടത്.

സാധാരണ 3 മത്സരങ്ങളിൽ നിന്നു വിലക്ക് ലഭിക്കുമായിരുന്നു എങ്കിലും ഫിഫ അച്ചടക്ക സമിതി 2 മത്സരങ്ങളിൽ മാത്രം താരത്തെ വിലക്കുക ആയിരുന്നു. അങ്ങനെ എങ്കിൽ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയാൽ താരത്തിന് ഫൈനലിൽ കളിക്കാൻ ആവും. നിലവിൽ ക്വാർട്ടർ ഫൈനലിൽ കൊളംബിയ ആണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ മിന്നും പ്രകടനം ആണ് 21 കാരിയായ ചെൽസി താരം പുറത്ത് എടുത്തത്. ലോകകപ്പിൽ ഇത് വരെ 3 ഗോളുകൾ താരം നേടിയിട്ടുണ്ട്. ചൈനക്ക് എതിരെ ഇരട്ടഗോൾ നേടിയ താരം മത്സരത്തിൽ 3 അസിസ്റ്റുകൾ ആണ് നൽകിയത്.

മൊറോക്കോയെ തകർത്തു ഫ്രാൻസ്, ക്വാർട്ടർ ഫൈനലിൽ ഓസ്‌ട്രേലിയ എതിരാളികൾ

ഫിഫ വനിത ലോകകപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ മൊറോക്കോയെ തകർത്തു ഫ്രാൻസ്. ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തിയ മൊറോക്കോയെ എതിരില്ലാത്ത നാലു ഗോളുകൾക്ക് ആണ് ഫ്രാൻസ് തകർത്തത്. ആദ്യ 23 മിനിറ്റിനുള്ളിൽ തന്നെ 3 ഗോളുകൾക്ക് മുന്നിൽ എത്തിയ ഫ്രാൻസ് കളിയുടെ വിധി എഴുതിയിരുന്നു. 15 മത്തെ മിനിറ്റിൽ സാകിനയുടെ പാസിൽ നിന്നു ഡിയാനിയാണ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടിയത്.

ലോകകപ്പിൽ ഡിയാനിയുടെ നാലാം ഗോൾ ആയിരുന്നു ഇത്. 5 മിനിറ്റിനുള്ളിൽ ഡിയാനിയുടെ പാസിൽ നിന്നു കെൻസ ഡാലി ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടി. 23 മത്തെ മിനിറ്റിൽ ഡിയാനിയുടെ പാസിൽ നിന്നു യൂജിൻ ലെ സൊമ്മർ കൂടി ഗോൾ നേടിയതോടെ ഫ്രാൻസ് ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മൊറോക്കോ നന്നായി ആണ് തുടങ്ങിയത്. ഇടക്ക് അവർ ഗോൾ നേടും എന്നും തോന്നി.

എന്നാൽ 70 മത്തെ മിനിറ്റിൽ പകരക്കാരിയായി ഇറങ്ങിയ വിക്കി ബെചോയുടെ ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ യൂജിൻ ലെ സൊമ്മർ ഫ്രാൻസ് ജയം പൂർത്തിയാക്കി. ലോകകകപ്പിൽ ഒരു മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായും 34 കാരിയായ യൂജിൻ ലെ സൊമ്മർ മാറി. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ഓസ്‌ട്രേലിയ ആണ് ഫ്രാൻസിന്റെ എതിരാളികൾ. ശക്തരായ ഇരു ടീമുകളും തമ്മിൽ കടുത്ത മത്സരം തന്നെയാവും നടക്കുക എന്നുറപ്പാണ്.

വില്ലനായി വീണ്ടും ദക്ഷിണ കൊറിയ, ലോകകപ്പിൽ നിന്നു പുറത്തായി ജർമ്മനി, പുതുചരിത്രം എഴുതി മൊറോക്കോ

വനിത ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായി ജർമ്മൻ വനിതകൾ. നേരത്തെ അർജന്റീന, ബ്രസീൽ, ഇറ്റലി, കാനഡ തുടങ്ങിയ വമ്പൻ ടീമുകൾ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ലോകകപ്പിൽ നിന്നു പുറത്തായിരുന്നു. നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയോട് 1-1 ന്റെ സമനില വഴങ്ങിയ ജർമ്മനി അവരുടെ ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് രണ്ടാം റൗണ്ട് കാണാതെ പുറത്തായി.

2018 പുരുഷ ലോകകപ്പിൽ ജർമ്മനിക്ക് മുന്നിലും വഴി മുടക്കിയത് ദക്ഷിണ കൊറിയ ആയിരുന്നു. 70 ശതമാനം സമയവും പന്ത് കൈവശം വെച്ച ജർമ്മനി 14 ഷോട്ടുകൾ ആണ് മത്സരത്തിൽ ഉതിർത്തത്. ആദ്യ മത്സരത്തിൽ മൊറോക്കോയെ 6-0 നു തകർത്തു വന്ന ജർമ്മനിക്ക് കൊറിയക്ക് എതിരെ മൊറോക്കോ കൊളംബിയക്ക് എതിരെ നേടുന്നതിലും മികച്ച റിസൽട്ട് ആയിരുന്നു വേണ്ടത്. എന്നാൽ ആറാം മിനിറ്റിൽ തന്നെ ലീ യങിന്റെ പാസിൽ നിന്നു സോ ഹ്യുൻ ചോ നേടിയ ഗോളിൽ ജർമ്മനി പിറകിൽ പോയി.

ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ ഹൂത്തിന്റെ പാസിൽ നിന്നു അലക്സാൻഡ്ര പോപ്പ് ജർമ്മനിക്ക് ആയി സമനില ഗോൾ നേടി. രണ്ടാം പകുതിയിൽ പോപ്പ് ഒരിക്കൽ കൂടി ജർമ്മനിയെ മുന്നിൽ എത്തിച്ചു. എന്നാൽ വാർ ഈ ഗോൾ ഓഫ് സൈഡ് വിളിച്ചതോടെ ജർമ്മനിയുടെ ആഘോഷം അവസാനിച്ചു. തുടർന്ന് വിജയഗോളിന് ആയി ജർമ്മനി ശ്രമിച്ചു എങ്കിലും ദക്ഷിണ കൊറിയൻ പ്രതിരോധം കുലുങ്ങിയില്ല. ആദ്യ മത്സരത്തിൽ ജർമ്മനിയോട് തകർന്ന മൊറോക്കോയുടെ വമ്പൻ തിരിച്ചു വരവ് ആണ് ലോകകപ്പിൽ കണ്ടത്. ദക്ഷിണ കൊറിയയെ തോൽപ്പിച്ച അവർ ഇന്ന് നിർണായക മത്സരത്തിൽ ആദ്യ 2 മത്സരങ്ങൾ ജയിച്ചു വന്ന കൊളംബിയെയും തോൽപ്പിച്ചു.

എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു അവരുടെ ജയം. പന്ത് കൈവശം വെച്ചതിൽ കൊളംബിയ ആധിപത്യം കണ്ട മത്സരത്തിൽ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് 49 മത്തെ മിനുട്ടിൽ മൊറോക്കോയുടെ ചിസ്ലൻ ചെബാക്കിന്റെ പെനാൽട്ടി കൊളംബിയൻ ഗോൾ കീപ്പർ രക്ഷിച്ചു. എന്നാൽ റീബോണ്ട് ഗോൾ ആക്കി മാറ്റിയ അനിസ ലഹ്മാരി ആഫ്രിക്കൻ അറബ് രാജ്യത്തിന്റെ നായിക ആയി മാറി. രണ്ടാം പകുതിയിൽ കൊളംബിയൻ മുന്നേറ്റങ്ങൾ രക്ഷിച്ച മൊറോക്കോ ഗോൾ കീപ്പറും ജയത്തിൽ നിർണായക പങ്ക് ആണ് വഹിച്ചത്. അവസാന പതിനാറിൽ കൊളംബിയ ജമൈക്കയെ നേരിടുമ്പോൾ മൊറോക്കോക്ക് ഫ്രാൻസ് ആണ് എതിരാളികൾ.

ലോകകപ്പ് ഹാട്രിക് നേടി മണിക്കൂറുകൾക്ക് അകം ലിയോണിൽ ചേർന്നു ഡിയാനി

വനിത ലോകകപ്പിൽ ഹാട്രിക് നേടുന്ന ആദ്യ ഫ്രഞ്ച് താരമായി മണിക്കൂറുകൾക്ക് ഉള്ളിൽ ഫ്രഞ്ച് ചാമ്പ്യന്മാർ ആയ ലിയോണിലേക്ക് കൂറുമാറി ഡിയാനി. പനാമക്ക് എതിരെ ആയിരുന്നു താരത്തിന്റെ ഹാട്രിക്. 6 വർഷം പി.എസ്.ജിക്ക് ആയി കളിച്ച താരം 2027 വരെയുള്ള കാരാറിന് ആണ് ലിയോണിൽ ചേർന്നത്.

താരത്തിന്റെ വരവ് ലിയോൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റു ക്ലബുകളുടെ ഓഫർ നിരസിച്ചു ആണ് 28 കാരിയായ ഫ്രഞ്ച് താരം ലിയോണിൽ ചേരുന്നത്. പരിക്ക് വലച്ച കഴിഞ്ഞ സീസണിലും 17 കളികളിൽ നിന്നു 17 ഗോളുകൾ നേടിയ ഡിയാനി തന്നെ ആയിരുന്നു ഫ്രഞ്ച് ലീഗിലെ മികച്ച താരം. കൂടുതൽ കരുത്തർ ആയ ലിയോണിനു ഒപ്പം കൂടുതൽ നേട്ടങ്ങൾ ആവും ലോകകപ്പ് കഴിഞ്ഞു താരം ലക്ഷ്യം വെക്കുക.

ചരിത്രം എഴുതി ജമൈക്ക, ബ്രസീലും ലോകകപ്പിൽ നിന്നു പുറത്ത്, ഫ്രാൻസ് മുന്നോട്ട്

വനിത ലോകകപ്പിൽ നിന്നു അർജന്റീനക്ക് പിന്നാലെ നിലവിലെ കോപ്പ അമേരിക്ക ചാമ്പ്യന്മാർ ആയ ബ്രസീലും പുറത്ത്. ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ജമൈക്കയോട് അവർ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. മത്സരത്തിൽ 73 ശതമാനം സമയവും പന്ത് കൈവശം വെച്ച ബ്രസീൽ 18 ഷോട്ടുകൾ ആണ് ഉതിർത്തത്. എന്നാൽ തുടർച്ചയായ മൂന്നാം മത്സരത്തിലും ലോകകപ്പിൽ ഗോൾ വഴങ്ങാതിരുന്ന ജമൈക്ക ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി 5 പോയിന്റുകളും ആയി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി.

തന്റെ ആറാം ലോകകപ്പ് കളിച്ച ഇതിഹാസ താരം മാർത്തക്ക് ലോകകപ്പിൽ ഒരു ഗോൾ പോലും നേടാൻ ആയില്ല എന്നതും ശ്രദ്ധേയമായി. ഈ ടൂർണമെന്റിനു ശേഷം മാർത്ത ഫുട്‌ബോളിൽ നിന്നു വിരമിക്കും. അതേസമയം ആദ്യ ലോകകപ്പ് കളിച്ച പനാമയെ മൂന്നിനു എതിരെ ആറു ഗോളുകൾക്ക് മറികടന്ന ഫ്രാൻസ് ഗ്രൂപ്പ് ജേതാക്കൾ ആയി അവസാന പതിനാറിലേക്ക് മുന്നേറി. ഫ്രാൻസ് ആധിപത്യം കണ്ട മത്സരത്തിൽ രണ്ടാം മിനിറ്റിൽ മാർത്ത കോക്സിലൂടെ പനാമ മുന്നിൽ എത്തിയതോടെ ഫ്രാൻസ് ഞെട്ടി. എന്നാൽ 21 മത്തെ മിനിറ്റിൽ മല്ലെ ലെക്രാർ ഫ്രാൻസിന് ആയി സമനില ഗോൾ നേടി.

28 മത്തെ മിനിറ്റിൽ ഗോൾ നേടിയ ഡിയാനി 37 മത്തെ മിനിറ്റിൽ പെനാൽട്ടിയും ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗോൾ നേടിയ ലെ ഗരക് ഫ്രാൻസിന് നാലാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ മറ്റൊരു പെനാൽട്ടിയിലൂടെ തന്റെ ഹാട്രിക് പൂർത്തിയാക്കിയ ഡിയാനി ഫ്രാൻസിന് ആയി ലോകകപ്പിൽ ഹാട്രിക് ഗോളുകൾ നേടുന്ന ആദ്യ വനിത താരമായി മാറി. 64 മത്തെ മിനിറ്റിൽ യോമിറ പിൻസോന്റെ പെനാൽട്ടിയിലൂടെയും 87 മത്തെ മിനിറ്റിൽ ലിനത് സെന്റെനോയുടെ ഗോളിലും പനാമ 2 ഗോളുകൾ കൂടി മടക്കി. എന്നാൽ ഇഞ്ച്വറി സമയത്ത് നൂറാം മിനിറ്റിൽ ഗോൾ നേടിയ വിക്കി ബെചോ ഫ്രാൻസ് ജയം പൂർത്തിയാക്കി.

വനിത ലോകകപ്പിൽ നിന്നു അർജന്റീന പുറത്ത്, ഇറ്റലിയെ ഞെട്ടിച്ചു ദക്ഷിണാഫ്രിക്കയും മുന്നോട്ട്

വനിത ലോകകപ്പിൽ നിന്നു അർജന്റീന ആദ്യ റൗണ്ടിൽ പുറത്ത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ സ്വീഡനോട് അവർ 2 ഗോളുകൾക്ക് പരാജയപ്പെടുക ആയിരുന്നു. ലോകകപ്പിൽ ഒരു മത്സരത്തിൽ ജയിക്കാൻ പോലും അർജന്റീനക്ക് ആയില്ല, അതേസമയം മൂന്നു മത്സരങ്ങളും ജയിച്ച സ്വീഡൻ ഗ്രൂപ്പ് ജേതാക്കൾ ആയി. നിറയെ മാറ്റങ്ങളും ആയി എത്തിയ സ്വീഡൻ രണ്ടാം പകുതിയിൽ 66 മത്തെ മിനിറ്റിൽ റബേക്കയുടെ ഗോളിൽ മുന്നിൽ എത്തി.

തുടർന്ന് 90 മത്തെ മിനിറ്റിൽ ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട എലിൻ റൂബൻസൻ അർജന്റീന പരാജയം ഉറപ്പിച്ചു. പ്രീ ക്വാർട്ടറിൽ റെക്കോർഡ് ജേതാക്കൾ ആയ അമേരിക്ക ആണ് സ്വീഡന്റെ എതിരാളികൾ. അതേസമയം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാർക്ക് ആയിട്ടുള്ള പോരാട്ടത്തിൽ ഇറ്റലിയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക ചരിത്രം എഴുതി. ചരിത്രത്തിൽ ആദ്യമായി ആണ് ദക്ഷിണാഫ്രിക്ക പ്രീ ക്വാർട്ടറിൽ എത്തുന്നത്. തിരിച്ചു വന്നു 3-2 ന്റെ ജയം ആണ് ആഫ്രിക്കൻ ടീം നേടിയത്. മത്സരത്തിൽ 11 മത്തെ മിനിറ്റിൽ അരിയാന കരൂസോയുടെ പെനാൽട്ടി ഗോളിൽ ഇറ്റലി മത്സരത്തിൽ മുന്നിലെത്തി.

എന്നാൽ 32 മത്തെ മിനിറ്റിൽ ഒർസിയുടെ സെൽഫ് ഗോൾ ദക്ഷിണാഫ്രിക്കക്ക് തുണയായി. താരം നൽകിയ ബാക്ക് പാസ് ഗോൾ ആവുക ആയിരുന്നു. രണ്ടാം പകുതിയിൽ 67 മത്തെ മിനിറ്റിൽ ഹിൽദ മഗയിയ മനോഹരമായ ഗോളിലൂടെ ആഫ്രിക്കൻ ടീമിന് മത്സരത്തിൽ മുൻതൂക്കം നൽകി. 74 മത്തെ മിനിറ്റിൽ തന്റെ രണ്ടാം ഗോൾ നേടിയ കരൂസോ മത്സരത്തിൽ ഇറ്റലിയെ വീണ്ടും ഒപ്പം എത്തിച്ചു. എന്നാൽ ഇഞ്ച്വറി സമയത്ത് 92 മത്തെ മിനിറ്റിൽ ഹിൽദ മഗയിയയുടെ പാസിൽ നിന്നു ഗോൾ നേടിയ തെമ്പി ഗറ്റ്ലാന ദക്ഷിണാഫ്രിക്കക്ക് സ്വപ്നജയം സമ്മാനിച്ചു. പ്രീ ക്വാർട്ടറിൽ ശക്തരായ ഹോളണ്ട് ആണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ.

ഹിജാബ് അണിഞ്ഞു ലോകകപ്പിൽ കളിച്ചു ചരിത്രം എഴുതി മൊറോക്കൻ താരം

വനിത ഫിഫ ലോകകപ്പിൽ സീനിയർ തലത്തിൽ ഹിജാബ് അണിഞ്ഞു കളിക്കാൻ ഇറങ്ങുന്ന ചരിത്രത്തിലെ ആദ്യ താരമായി മൊറോക്കൻ പ്രതിരോധ താരം നൊഹയില ബെൻസിന. ഇന്ന് ദക്ഷിണ കൊറിയക്ക് എതിരായ മത്സരത്തിൽ ആണ് താരം ഹിജാബ് കളിച്ചു കളിക്കാൻ ഇറങ്ങിയത്. മത്സരത്തിൽ ജയം കണ്ട മൊറോക്കോ വനിത ലോകകപ്പിൽ തങ്ങളുടെ ചരിത്രത്തിലെ ആദ്യ ജയവും കുറിച്ചു.

മൊറോക്കൻ ആർമി ടീം താരം കൂടിയാണ് 25 കാരിയായ നൊഹയില. താരത്തിന്റെ ലോകകപ്പിലെ ആദ്യ മത്സരം ആയിരുന്നു ഇത്. ചരിത്രത്തിലെ ആദ്യ ലോകകപ്പ് ആണ് മൊറോക്കോക്ക് ഇത്. തങ്ങളെക്കാൾ 55 റാങ്കുകൾ മുന്നിലുള്ള ദക്ഷിണ കൊറിയക്ക് എതിരായി പക്ഷെ അവർ ചരിത്രം കുറിക്കുക ആയിരുന്നു. ഗ്രൂപ് എച്ചിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കൊളംബിയക്ക് എതിരെ അത്ഭുതം ആവർത്തിക്കാൻ ആയാൽ മൊറോക്കോക്ക് പ്രീ ക്വാർട്ടറിൽ പ്രവേശിക്കാൻ ആവും.

97 മത്തെ മിനിറ്റിലെ ഗോളിൽ ജർമ്മനിയെ വീഴ്ത്തി കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടറിൽ

രണ്ടു തവണ ലോകകപ്പ് ജേതാക്കൾ ആയ ജർമ്മനിയെ ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തിൽ വീഴ്ത്തി കൊളംബിയ ലോകകപ്പ് പ്രീ ക്വാർട്ടറിൽ. ആദ്യ പകുതിയിൽ ജർമനിക്ക് കുറച്ചു അവസരങ്ങൾ ലഭിച്ചു എങ്കിലും അവർക്ക് അത് മുതലാക്കാൻ ആയില്ല. 52 മത്തെ മിനിറ്റിൽ കാരബാലിയുടെ പാസിൽ നിന്നു അതുഗ്രൻ ഗോൾ നേടിയ ലിന്റ കൈസെദോ കൊളംബിയയെ മത്സരത്തിൽ മുന്നിൽ എത്തിച്ചു. ലോകകപ്പിൽ 18 കാരിയായ റയൽ മാഡ്രിഡ് താരം നേടുന്ന രണ്ടാം ഗോൾ ആയിരുന്നു ഇത്.

തുടർന്നും ജർമ്മനിയെ മികച്ച രീതിയിൽ തടയുന്ന കൊളംബിയയെ ആണ് കാണാൻ ആയത്. എന്നാൽ 89 മത്തെ മിനിറ്റിൽ കാറ്റലിന പെരസ് ലെന ഓടർഡോഫിനെ പെനാൽട്ടി ബോക്സിൽ വീഴ്ത്തിയതോടെ ജർമ്മനിക്ക് അനുകൂലമായി പെനാൽട്ടി ലഭിച്ചു. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട അലക്സാൻഡ്രിയ പോപ്പ് അവർക്ക് പ്രതീക്ഷ നൽകി. എന്നാൽ ഇഞ്ച്വറി സമയത്ത് 97 മത്തെ മിനിറ്റിൽ ലെയ്സി സാന്റോസിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ മാനുവല വെനഗാസ് കൊളംബിയക്ക് സ്വപ്നജയം സമ്മാനിച്ചു. ഇതോടെ ദക്ഷിണ കൊറിയ ടൂർണമെന്റിൽ നിന്നു പുറത്തായി. ജർമ്മനിക്ക് ആവട്ടെ അടുത്ത റൗണ്ടിൽ കടക്കാൻ അടുത്ത മത്സരത്തിൽ ദക്ഷിണ കൊറിയയെ തോൽപ്പിക്കുകയും വേണം.

Exit mobile version