1 മില്യൺ പൗണ്ട്! ഒലിവിയ സ്മിത്തിനു ആയി ലോകറെക്കോർഡ് തകർക്കാൻ ആഴ്‌സണൽ

വനിത ഫുട്‌ബോളിലെ ട്രാൻസ്‌ഫർ ലോകറെക്കോർഡ് തുകക്ക് ലിവർപൂളിൽ നിന്നു കനേഡിയൻ താരം ഒലിവിയ സ്മിത്തിനെ സ്വന്തമാക്കാൻ ആഴ്‌സണൽ. 20 കാരിയായ കനേഡിയൻ മുന്നേറ്റനിര താരത്തിന് ആയി ഒരു മില്യൺ പൗണ്ട് ആഴ്‌സണൽ മുന്നോട്ട് വെച്ചു എന്നും ലിവർപൂൾ ഇത് സ്വീകരിച്ചു എന്നുമാണ് റിപ്പോർട്ട്. ഈ ആഴ്ച തന്നെ താരം ആഴ്‌സണലിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പ് വെച്ചേക്കും.

ഇതോടെ വനിത ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ 1 മില്യൺ പൗണ്ട് താരമായി സ്മിത്ത് മാറും. നയോമി ഗിർമക്ക് ആയി ചെൽസി സൃഷ്ടിച്ച റെക്കോർഡ് ആണ് ഇതോടെ തകരുക. കഴിഞ്ഞ സീസണിൽ പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണിൽ നിന്നു ലിവർപൂളിൽ എത്തിയ ഒലിവിയ സ്മിത്ത് മികച്ച പ്രകടനം ആണ് വനിത സൂപ്പർ ലീഗിൽ കാണിച്ചത്. 15 കളികളിൽ നിന്നു 6 ഗോളുകൾ നേടിയ താരം അവരുടെ ഏറ്റവും മികച്ച താരമായിരുന്നു. ഈ സീസണിൽ യൂറോപ്യൻ കിരീടം നേടിയ ആഴ്‌സണൽ വനിതകൾ കഴിഞ്ഞ സീസണുകളിൽ ചെൽസി കയ്യടക്കി വെച്ചിരിക്കുന്ന ലീഗ് കിരീടം ഇത്തവണ നേടാൻ ഉറച്ചു തന്നെയാണ് ട്രാൻസ്ഫറുകൾ എല്ലാം നടത്തുന്നത്.

ലിവർപൂൾ ക്യാപ്റ്റനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ

ലിവർപൂൾ വനിത ടീം ക്യാപ്റ്റൻ ടെയ്‌ലർ ഹിന്റ്സിനെ ടീമിൽ എത്തിച്ചു ആഴ്‌സണൽ. ലിവർപൂൾ കരാർ അവസാനിച്ച ഹിന്റ്സിനെ ഫ്രീ ട്രാൻസ്ഫറിൽ 3 വർഷത്തെ കരാറിൽ ആണ് ആഴ്‌സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ലിവർപൂൾ കരിയറിന് ശേഷമാണ് 26 കാരിയായ ജമൈക്കൻ മധ്യനിര താരം ലിവർപൂൾ വിടുന്നത്.

2012 ൽ 12 വയസ്സുള്ളപ്പോൾ ആഴ്‌സണൽ അക്കാദമിയിൽ ചേർന്ന ഹിന്റ്സ് 2018 വരെ ആഴ്‌സണലിൽ ആയിരുന്നു. തുടർന്ന് എവർട്ടണിലേക്ക് മാറിയ താരം ആഴ്‌സണൽ സീനിയർ ടീമിന് വേണ്ടി ഇത് വരെ ബൂട്ട് കെട്ടിയിരുന്നില്ല. രണ്ടാം വരവിൽ യൂറോപ്യൻ ചാമ്പ്യന്മാർ ആയ ആഴ്‌സണലിന് വലിയ കരുത്ത് ആവും ഹിന്റ്സ്.

നിലവിലെ ജേതാക്കളായ ചെൽസിയെ അട്ടിമറിച്ചു വനിത സൂപ്പർ ലീഗിലേക്കുള്ള മടങ്ങിവരവ് ആഘോഷിച്ചു ലിവർപൂൾ

ഇംഗ്ലീഷ് വനിത സൂപ്പർ ലീഗിലേക്ക് പ്രമോഷൻ ലഭിച്ചു വന്നുള്ള തിരിച്ചു വരവിൽ നിലവിലെ ജേതാക്കൾ ആയ ചെൽസിയെ അട്ടിമറിച്ചു ലിവർപൂൾ വനിതകൾ. മൂന്നു പെനാൽട്ടി ഗോളുകൾ കണ്ട മത്സരത്തിൽ 2-1 നു ആണ് ലിവർപൂൾ ചെൽസിയെ അട്ടിമറിച്ചത്. റെക്കോർഡ് കാണികൾക്ക് മുന്നിൽ തുടക്കത്തിൽ ലിവർപൂളിന് പിഴച്ചു. ഒരു മിനിറ്റ് ആവും മുമ്പ് അവർ പെനാൽട്ടി വഴങ്ങി. അനായാസം പെനാൽട്ടി ലക്ഷ്യം കണ്ട ഫ്രാൻ കിർബി ചെൽസിക്ക് മുൻതൂക്കം സമ്മാനിച്ചു. തുടർന്നു അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ചെൽസിക്ക് തിരിച്ചടിയായി.

രണ്ടാം പകുതിയിൽ മില്ലി ബ്രൈറ്റിന്റെ ഹാന്റ് ബോളിന് ലഭിച്ച പെനാൽട്ടി 67 മത്തെ മിനിറ്റിൽ തന്റെ സൂപ്പർ ലീഗ് അരങ്ങേറ്റത്തിൽ അമേരിക്കൻ താരം കേറ്റി സ്റ്റെൻഗൽ ഗോൾ ആക്കി മാറ്റി. വിജയഗോളിന് ആയി ആക്രമിച്ചു കളിച്ച ലിവർപൂൾ ഒരു പെനാൽട്ടി കൂടി നേടിയപ്പോൾ 87 മത്തെ മിനിറ്റിൽ കേറ്റി ലിവപൂളിന് ജയം സമ്മാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന എവർട്ടണിനു എതിരായ ഡാർബിക്ക് മുമ്പ് ജയം ലിവർപൂളിന് വലിയ ആത്മവിശ്വാസം പകരും. ഇന്ന് നടന്ന മറ്റ് മത്സരങ്ങളിൽ ആസ്റ്റൺ വില്ല ആവേശപോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3 വീഴ്ത്തി. അതേസമയം ടോട്ടൻഹാം ലെസ്റ്റർ സിറ്റിയെ 2-1 നു തോൽപ്പിച്ചപ്പോൾ വെസ്റ്റ് ഹാം എവർട്ടണിനെ ഒരു ഗോളിന് മറികടന്നു.

Exit mobile version