പെനാൽട്ടി പാഴാക്കിയെങ്കിലും ഗോളടിയിൽ ചരിത്രം എഴുതി പോർച്ചുഗല്ലിനെ ജയിപ്പിച്ചു ക്രിസ്റ്റാന്യോ റൊണാൾഡോ!

20210902 023643

അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി ക്രിസ്റ്റാന്യോ റൊണാൾഡോ. യൂറോപ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനു എതിരായ മത്സരത്തിൽ ആണ് റൊണാൾഡോ ചരിത്രം എഴുതിയത്. അയർലൻഡ് ചെറുത്ത് നിൽപ്പ് കണ്ട മത്സരത്തിൽ പോർച്ചുഗൽ മുന്നേറ്റത്തെ നന്നായി പ്രതിരോധിക്കുന്ന അയർലൻഡിനെ ആണ് ആദ്യം കാണാൻ ആയത്. ആദ്യ പകുതിയിൽ 15 മിനിറ്റിൽ വാർ പോർച്ചുഗല്ലിനു അനുവദിച്ച പെനാൽട്ടി പക്ഷെ ലക്ഷ്യത്തിൽ എത്തിക്കാൻ റൊണാൾഡോക്ക് ആയില്ല. അയർലൻഡിന്റെ 19 കാരനായ ഗോൾ കീപ്പർ ഗാവിൻ ബസുനു റൊണാൾഡോയുടെ പെനാൽട്ടി രക്ഷപ്പെടുത്തി. ആദ്യ പകുതിയുടെ അവസാന നിമിഷം മത്സരത്തിന്റെ ഗതിക്ക് വിരുദ്ധമായി മകാർത്തറിന്റെ കോർണറിൽ നിന്നു ഷെഫീൽഡ് യുണൈറ്റഡ് പ്രതിരോധ താരം ഈഗൻ ഹെഡറിലൂടെ അയർലൻഡിനു ആദ്യ ഗോൾ സമ്മാനിച്ചപ്പോൾ പോർച്ചുഗൽ ഞെട്ടി.

രണ്ടാം പകുതിയിൽ നിരന്തരം ആക്രമിക്കുന്ന പോർച്ചുഗല്ലിനെ ആണ് കാണാൻ ആയത്. എന്നാൽ മികച്ച രീതിയിൽ പ്രതിരോധം തീർത്ത അയർലൻഡും ഗോൾ കീപ്പർ ബസുനുവും പോർച്ചുഗല്ലിനു വിലങ്ങു തടിയായി. ഇടക്ക് റൊണാൾഡോയുടെ ഫ്രീകിക്കും അയർലൻഡ് ഗോൾ കീപ്പർ രക്ഷപ്പെടുത്തി. അയർലൻഡ് ചരിത്ര ജയം നേടും എന്നു കരുതിയ നിമിഷത്തിൽ ആണ് 89 മിനിറ്റിൽ ഗോൺസാലോ ഗെഡസിന്റെ കോർണറിൽ നിന്നു അതുഗ്രൻ ഹെഡറിലൂടെ ക്രിസ്റ്റാന്യോ റൊണാൾഡോ അവതരിക്കുന്നത്. ഈ ഗോളോടെ അന്താരാഷ്ട്ര മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി റൊണാൾഡോ മാറി. 109 ഗോളുകൾ നേടിയ ഇറാന്റെ അലി ദയിയുടെ റെക്കോർഡ് തന്റെ 180 മത്സരത്തിൽ 110 ഗോൾ നേടി റൊണാൾഡോ പഴയ കഥയാക്കി.20210902 023619

റൊണാൾഡോ ഗോൾ നേടുന്ന 45 മത്തെ രാജ്യവും 163 മത്തെ എതിരാളികളും ആയി അയർലൻഡ് ഇതോടെ മാറി. എല്ലാവരും സമനില പ്രതീക്ഷിച്ച മത്സരത്തിൽ പക്ഷെ ഒരിക്കൽ കൂടി റൊണാൾഡോ പോർച്ചുഗല്ലിനായി അവതരിക്കുന്നത് ആണ് 97 മത്തെ മിനിറ്റിൽ കണ്ടത്. ജാ മരിയോ നൽകിയ ക്രോസിൽ നിന്നു മറ്റൊരു അതുഗ്രൻ ഹെഡറിലൂടെ ഗോൾ കണ്ടത്തിയ റൊണാൾഡോ പെനാൽട്ടി പാഴാക്കിയതിന്റെ കണക്ക് തീർത്തു പോർച്ചുഗല്ലിനു അവസാന നിമിഷം ജയം സമ്മാനിച്ചു. അന്താരാഷ്ട്ര കരിയറിലെ 111 മത്തെ ഗോൾ. ഫൈനൽ വിസിലിന് ശേഷം ആരാധകരുടെ റൊണാൾഡോ വിളികൾക്ക് കാതോർത്തു ആഘോഷിക്കുന്ന 36 കാരനായ റൊണാൾഡോ ഉടൻ എങ്ങും താൻ ഈ ഗോളടി നിർത്തില്ല എന്ന വ്യക്തമായ സൂചന തന്നെയാണ് നൽകുന്നത്.

Previous articleമൂന്നാം റൗണ്ടിലേക്ക് മുന്നേറി മെദ്വദേവും റൂബ്ലേവും, ഫെലിക്‌സും, അഗ്യുറ്റും! കാസ്പർ റൂഡ്, ദിമിത്രോവ് പുറത്ത്
Next articleഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ! ഗോൾ അടിച്ചു മതി വരാതെ ക്രിസ്റ്റാന്യോ റൊണാൾഡോ!