സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതിരുന്നിട്ടും യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന് ജയം. ഇറ്റലിയെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചത്. സെവിയ്യ താരം ആന്ദ്രേ സിൽവ നേടിയ ഗോളാണ് മത്സരത്തിന് വിധി നിർണ്ണയിച്ചത്.
രാജ്യന്തര മത്സരങ്ങളിൽ നിന്ന് വിശ്രമം അനുവദിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ മത്സരത്തിന് ഇറങ്ങിയത്. ഇറ്റലിയാവട്ടെ പോളണ്ടിനെതിരായ മത്സരത്തിൽ ഇറങ്ങിയതിൽ നിന്ന് 9 മാറ്റങ്ങളുമായാണ് മത്സരത്തിന് ഇറങ്ങിയത്. ഗോൾ കീപ്പർ ഡോണരുമയും ചെൽസി താരം ജോർജിഞ്ഞോയും മത്സരമാണ് ടീമിൽ സ്ഥാനം നിലനിർത്തിയത്.
മത്സരത്തിന്റെ 48മത്തെ മിനുട്ടിലാണ് ആന്ദ്രേ സിൽവ ഗോൾ നേടിയത്. ബ്രൂമയുടെ ക്രോസ്സ് സിൽവ ഗോളാക്കുകയായിരുന്നു. ഗോൾ പോസ്റ്റിൽ ഇറ്റലി ഗോൾ കീപ്പർ ഡോണരുമയുടെ മികച്ച രക്ഷപെടുത്തലുകളാണ് ഇറ്റലി കൂടുതൽ ഗോൾ വഴങ്ങുന്നതിൽ നിന്ന് രക്ഷപെട്ടത്. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ ഇറ്റലി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും പോർച്ചുഗൽ മത്സരം സ്വന്തമാക്കുകയായിരുന്നു. ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് എത്താനും പോർചുഗലിനായി.