ഫ്രഞ്ച് താരം സാമുവൽ ഉംറ്റിട്ടി ഫ്രഞ്ച് ലീഗിലേക്ക് തിരിച്ചെത്തി. ലില്ലേ ആണ് താരത്തിന്റെ പുതിയ തട്ടകം. രണ്ടു വർഷത്തേക്കുള്ള കരാറിൽ ഉംറ്റിട്ടിയെ ടീമിൽ എത്തിച്ചതായി ലില്ലേയുടെ ഔദ്യോഗിക പ്രഖ്യാപനം എത്തിക്കഴിഞ്ഞു. നേരത്തെ ഉംറ്റിട്ടിയെ ബാഴ്‌സലോണ കരാറിൽ നിന്നും ഒഴിവാക്കി ഫ്രീ ഏജന്റ് ആവാൻ അനുവദിച്ചിരുന്നു. മൂന്ന് വർഷത്തെ കരാർ ബാക്കിയിരിക്കെയാണ് താരം ബാഴ്‌സലോണ വിട്ടത്. പരിക്ക് മൂലം സമീപകാലത്ത് വളരെയാധികം വിഷമിച്ച ഉംറ്റിട്ടിക്ക് തുടർന്നും ബാഴ്‌സ സ്ക്വാഡിൽ അവസരം ഉണ്ടാവില്ലെന്ന് ഉറപ്പിയിരുന്നു.
ഫ്രാൻസിലേക്ക് തിരിച്ചു വരുമ്പോൾ തന്റെ മുൻ ക്ലബ്ബ് ആയ ലിയോൺ തന്നെയാണ് മനസിൽ ഉണ്ടായിരുന്നത് എന്നും എന്നാൽ ഒടുവിൽ തന്നെ ആവശ്യമുള്ള ക്ലബ്ബ് ആയ ലില്ലേയിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു എന്നും സാമുവൽ ഉംറ്റിട്ടി പ്രതികരിച്ചു. 2018 ലോകകപ്പോടെ പൂർണമായും പരിക്കിന്റെ പിടിയിൽ അമർന്നിരുന്ന താരത്തിന് കഴിഞ്ഞ സീസണിലാണ് ഒടുവിൽ സാധാരണ നിലയിലേക്ക് തിരിച്ചെത്താൻ സാധിച്ചത്. ഇറ്റാലിയൻ ടീമായ ലെച്ചെയിൽ ലോണിൽ കളിക്കുകയായിരുന്നു താരം. 29കാരനായ താരം ഉന്നം വെക്കുന്നതും പഴയ ഫോമിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചെത്താൻ ആയിരിക്കും. ലെച്ചേ, മോൻസ ടീമുകൾക്കും താരത്തെ അടുത്ത സീസണിലേക്ക് എത്തിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും സ്വന്തം നാട്ടിലേക്ക് മടങ്ങാൻ ആയിരുന്നു താരത്തിന്റെ പ്രഥമ പരിഗണന. എന്നാൽ മുൻ ക്ലബ്ബ് ആയ ലിയോണിൽ നിന്നും കാര്യമായ നീക്കങ്ങൾ ഒന്നും ഉണ്ടാവാതെ വന്നതോടെയാണ് ലില്ലേ ജേഴ്‌സി അണിയാൻ ഉംറ്റിട്ടി തീരുമാനിച്ചത്.
Download the Fanport app now!