ആൾജിരിയൻ ലെഫ്റ്റ് ബാക്ക് റാമി ബെൻസബൈനി ഡോർട്മുണ്ടിലേക്ക്. സീസണോടെ നിലവിലെ ടീമായ മോഞ്ചൻഗ്ലാഡ്ബാക്കുമായുള്ള കരാർ അവസാനിക്കുന്ന താരം ഫ്രീ ഏജന്റ് ആയാണ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്. മോഞ്ചൻഗ്ലാഡ്ബാക്കിൽ തുടരില്ലെന്ന് ഇരുപതിയെഴുകാരൻ നേരത്ത അറിയിച്ചിരുന്നു. താരം ഡോർട്മുണ്ടിലെ മെഡിക്കൽ പരിശോധന അടക്കം എല്ലാ നടപടികളും പൂർത്തിയാക്കിയെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ദീർഘകാലം ടീമിന്റെ ലെഫ്റ്റ് ബാക്ക് ആയി കളിച്ച ഗ്വെരെറോ ടീം വിടുന്നെന്ന് പ്രഖ്യാപിച്ചതിന് പിറകെയാണ് ഡോർട്മുണ്ട് പകരക്കാരനായ താരത്തിന്റെ ട്രാൻസ്ഫർ നീക്കം പൂർത്തിയാക്കിയത്.
നേരത്തെ ഫ്രഞ്ച് ടീമായ റെന്നെയിൽ നിന്നാണ് ബെൻസബൈനി മോഞ്ചൻഗ്ലാഡ്ബാക്കിലേക്ക് എത്തുന്നത്. ഇതിനായി ജർമൻ ടീം 8 മില്യൺ യൂറോയോളം ചെലവാക്കി. കഴിഞ്ഞ സീസണുകളിൽ ലീഗിലെ തന്നെ ഏറ്റവും മികച്ച ലെഫ്റ്റ് ബാകുകളിൽ ഒരാളാണ്. ഇതുവരെ ഇരുപത്തിയഞ്ചു ഗോളും എട്ട് അസിസ്റ്റും ഈ ചുരുങ്ങിയ കളത്തിനുള്ളിൽ സ്വന്തം പേരിൽ കുറിച്ചു. നിലവിലെ സീസണിൽ ആറു തവണ വളകുലുക്കി. ജനുവരി മുതൽ തന്നെ താരത്തിന് പിറകെ ഡോർട്മുണ്ട് ഉള്ളതായി സൂചനകൾ ഉണ്ടായിരുന്നു.