പിഎസ്ജിയുടെ ഗോൾകീപ്പറെ സ്വന്തമാക്കി ഫ്രാങ്ക്ഫർട്ട്

പിഎസ്ജിയുടെ ഗോൾ കീപ്പർ കെവിൻ ട്രാപ്പ് ബുണ്ടസ് ലീഗയിൽ തിരിച്ചെത്തി. ഫ്രാങ്ക്ഫർട്ടാണ് ട്രാപ്പിനെ പെർമനന്റ് ഡീലിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ലോണിൽ എത്തിയ ട്രാപ്പിനെ 5 വർഷത്തെ കരാറിലാണ് ഫ്രാങ്ക്ഫർട്ട് പാരിസിൽ നിന്നും ജർമ്മനിയിൽ എത്തിച്ചത്. മൂന്നു വർഷത്തിന് ശേഷം ട്രാപ്പ് തന്റെ പഴയ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ കഴിഞ്ഞ സീസണിൽ തിരിച്ചെത്തിയിരുന്നു. രണ്ടു ലീഗ് കിരീടങ്ങളടക്കം പത്ത് ട്രോഫികളാണ് പിഎസ്ജിയോടൊപ്പം താരം മൂന്നു വർഷത്തിൽ സ്വന്തമാക്കിയത്. 63 ലീഗ് 1 മത്സരങ്ങളിൽ ട്രാപ്പ് പിഎസ്ജിയുടെ വല കാത്തു.

ജർമ്മനിക്ക് വേണ്ടി മൂന്നു മത്സരങ്ങളിൽ ജേഴ്സിയണിഞ്ഞ താരം, കോൺഫെഡറെഷൻ കപ്പ് നേടിയ ജർമ്മൻ ടീമിലും ഉൾപ്പെട്ടിരുന്നു. ജോവാക്കിം ലോ പ്രഖ്യാപിച്ച റഷ്യൻ ലോകകപ്പിനായുള്ള അവസാന ഇരുപതിമൂന്നംഗ സ്‌ക്വാഡിൽ ട്രാപ്പ് ഇടം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഫ്രാങ്ക്ഫർട്ടിനായി മികച്ച പ്രകടനമാണ് ട്രാപ്പ് പുറത്തെടുത്തത്.