ഓവൻ വിൻഡാലിനെ ടീമിൽ എത്തിക്കാൻ അയാക്സ്

ഡച്ച് ലീഗിലെ തന്നെ എസെഡ് അൽക്മാർ പ്രതിരോധ താരം ഓവൻ വിൻഡാലിനെ ടീമിൽ എത്തിക്കാൻ ഉറച്ച് അയാക്സ്. ക്ലബ്ബുമായും താരത്തിന്റെ ഏജന്റുമായും ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. താരത്തിൽ നോട്ടമിട്ടിരുന്ന മറ്റ് ക്ലബ്ബുകൾ പിൻവാങ്ങിയതോടെ വലിയ വിലപേശൽ ഇല്ലാതെ തന്നെ വിൻഡാലിനെ എത്തിക്കാവുമെന്ന പ്രതീക്ഷയിൽ ആണ് അയാക്സ്.

നോസേർ മസൗയി ബയെണിലേക്ക് ചേക്കേറുകയും തഗ്ലിയാഫിഗോ ടീം വിടുമെന്ന് ഏകദേശം ഉറപ്പായതിനും പിന്നാലെയാണ് പുതിയ പ്രതിരോധ താരത്തെ എത്തിക്കാനുള്ള ശ്രമങ്ങൾ അയാക്‌സ് ആരംഭിച്ചത്.പ്രതിരോധത്തിലും വിങ്ങുകളിലൂടെയുള്ള ആക്രമണത്തിലും ഒരു പോലെ തിളങ്ങാൻ കഴിയുന്ന വിൻഡാൽ തങ്ങളുടെ ശൈലിക്ക് ഇണങ്ങിയ താരമാണെന്ന് അയാക്‌സ് കരുതുന്നു.

2016ൽ എസെഡ് സീനിയർ ടീമിന് വേണ്ടി അരങ്ങേറി. 2019 മുതൽ ടീമിലെ സ്ഥിരം സാന്നിധ്യമാണ്. അവസാന സീസണിൽ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. ആകെ 163 മത്സരങ്ങളിലാണ് ഇരുപത്തിരണ്ടുകാരൻ എസെഡിന് വേണ്ടി കളത്തിൽ ഇറങ്ങിയത്.നെതർലണ്ട്സ് ദേശിയ ടീമിന് വേണ്ടി പതിനൊന്ന് മത്സരങ്ങളിലും ഇറങ്ങിയിട്ടുണ്ട്.