കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി, ഭാവി പരസ്യമാക്കാതെ ഡെംബലെ

കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതിയിൽ സാവിക്ക് കീഴിൽ ബാഴ്‌സലോണ ലാലീഗയിൽ തിരിച്ചു വരവ് നടത്തിയപ്പോൾ മികച്ച പ്രകടനവുമായി ടീമിനെ സഹായിച്ച താരങ്ങളിൽ ഒരാളായിരുന്നു ഓസ്മാൻ ഡെമ്പലെ. താരത്തിന്റെ പോരാട്ട വീര്യം സാവിയുടെ പ്രശംസക്ക് പാത്രമാവുകയും, ഡ്രസിങ് റൂമിൽ മറ്റ് താരങ്ങൾക്ക് മാതൃകയായി ഡെമ്പലെയെ സാവി ചൂണ്ടിക്കാണിക്കുകയും വരെ ചെയ്തിരുന്നു. എങ്കിലും ബാഴ്‌സലോണ പുതുതായി സമർപ്പിച്ച കരാർ അംഗീകരിക്കാൻ ഡെമ്പലെയും ഏജന്റും തയ്യാറായിരുന്നില്ല. പല ഘട്ടങ്ങളിലായി ചർച്ച നടക്കുകയും ബാഴ്‌സ തങ്ങളുടെ ഓഫർ വർധിപ്പിക്കുകയും ചെയ്തിട്ടും താരത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും തുടർന്ന് ഉണ്ടായില്ല.ഇപ്പോൾ ബാഴ്‌സലോണയുമായുള്ള തന്റെ കരാർ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയും തന്റെ ഭാവി പരിപാടികൾ വ്യക്തമാക്കാതെ ഇരിക്കുകയാണ് ഒസ്മാൻ ഡെമ്പലെ.

സാവിയുടെ പ്രിയ താരങ്ങളിൽ ഒരാളാണ് ഡെമ്പലെ. സാവി തന്നെ ക്ലബ്ബിൽ സമ്മർദ്ദം ചെലുത്തി ഡെമ്പലെയെ ടീമിൽ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഡെമ്പലെ തിരിച്ചും ടീമിൽ തുടരാനുള്ള തന്റെ ആഗ്രഹം കോച്ചിനോട് അറിയിക്കുകയും ചെയ്തു.
20220626 130733
എന്നാൽ ബാഴ്‌സലോണ സമർപ്പിച്ച പുതിയ കരാറിൽ ഒപ്പുവെക്കാൻ താരവും ഏജന്റും തയ്യാറായില്ല. പ്രതീക്ഷിച്ചതിലും കുറവ് വരുമാനം ആണ് ലഭിക്കുന്നത് എന്നതാണ് പ്രധാന കാരണം. പിഎസ്ജി, ചെൽസി തുടങ്ങിയ വമ്പന്മാർ പണക്കിലുക്കവുമായി താരത്തിന്റെ പിറകെ ഉണ്ട് താനും. എന്നാൽ ഈ ടീമുകളുമായും താരം ചർച്ച നടത്തിയതായോ ഏതെങ്കിലും തരത്തിൽ ഉള്ള കരാറുകളിൽ എത്തിയതായോ ഒരു സൂചനയും പുറത്തു വന്നിട്ടില്ല.

തങ്ങൾ മുന്നോട്ടു വെച്ച അവസാന കരാറിന് ശേഷം പിന്നീട് താരത്തിന്റെ എജെന്റിൽ നിന്നുള്ള പ്രതികരണത്തിന് വേണ്ടി ബാഴ്‌സ കാത്തിരിക്കുകയാണ്. ഇനി അഭിപ്രയം ആരാഞ്ഞു താരത്തിന്റെ അടുത്തോട്ടു പോകുന്നില്ല എന്നതാണ് മാനേജ്‌മെന്റ് തീരുമാനം. ജൂൺ മുപ്പതോടെ താരം ഫ്രീ ഏജന്റ് ആവും.

പിഎസ്ജി, ചെൽസി എന്നിവർ ഡെമ്പലെയെ എത്തിക്കാൻ ശ്രമിക്കുന്നുണ്ട്. ടൂഷലിന്റെ സാന്നിധ്യം താരത്തെ സ്വാധീനിക്കുമെന്ന കണക്ക് കൂട്ടലിൽ ആണ് ചെൽസി. എമ്പാപ്പെ ടീം വിടുകയാണെങ്കിൽ പകരക്കാരനായി പിഎസ്ജി കണ്ട താരമായിരുന്നു ഡെമ്പലെ. എമ്പാപ്പെ ടീമിൽ തുടർന്നെങ്കിലും ഡെമ്പലെയിലുള്ള താൽപര്യം ഫ്രഞ്ച് ടീം വിട്ടിട്ടില്ല.ബയേണും താരത്തെ ടീമിൽ എത്തിക്കാൻ ആഗ്രഹിക്കുന്നതായി സൂചനകൾ ഉണ്ട്. സാവി നൽകുന്ന പരിഗണന തന്നെയാണ് ഡെമ്പലെയെ ബാഴ്‌സയിൽ തുടരാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകം. അടുത്ത കാലത്തെ തന്റെ മികച്ച പ്രകടനത്തിന് സാവിയുടെ സാന്നിധ്യം സഹായിച്ചതായി ഡെമ്പലെ കരുതുന്നു.

പുതിയ സാമ്പത്തിക മാറ്റങ്ങൾക്ക് അരങ്ങൊരുങ്ങിയ ബാഴ്‌സയിൽ നിലവിൽ സമർപ്പിച്ചതിലും നല്ല കരാർ നൽകാൻ ടീമിനാവും എന്ന പ്രതീക്ഷയാണ് തരത്തിന്റെ ഏജന്റിനുള്ളത് എന്നാണ് സൂചനകൾ.പക്ഷെ ലെവന്റോവ്സ്കി അടക്കം പുതിയ താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്ന ബാഴ്സ ഇനിയൊരു കരാറുമായി ഡെമ്പലെയെ സമീപിക്കാൻ ഉള്ള സാധ്യതയും വളരെ വിരളമാണ്.