ആഴ്സണൽ മുന്നേറ്റ താരം നിക്കോളാസ് പെപ്പെയെ ടീമിലേക്കെതിക്കാൻ ഓജിസി നീസ്. ഐവറികോസ്റ്റ് താരത്തെ ലോണിൽ എത്തിക്കാനുള്ള അവരുടെ നീക്കങ്ങൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണെന്ന് ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് മത്സരത്തിനുള്ള ടീമിൽ നിന്നും താരത്തെ ആഴ്സ്ണൽ മാറ്റി നിർത്തിയിരുന്നു.
ഫ്രഞ്ച് ലീഗിലേക്കുള്ള താരത്തിന്റെ മടങ്ങിപ്പോക്ക് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഒരു വർഷത്തെ ലോണിൽ താരത്തെ എത്തിക്കാനാണ് നീസ് ശ്രമിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ താരത്തിന്റെ ഭാവിയെ കുറിച്ചു തീരുമാനം എടുക്കേണ്ടത് ആഴ്‌സനലിനും ആവശ്യമാണ്.
ഇരുപതിയെഴുകാരനായ പെപ്പെ 2019ലാണ് ലില്ലേയിൽ നിന്നും റെക്കോർഡ് തുകക്ക് ആഴ്‌സനലിൽ എത്തുന്നത്. ഏകദേശം എഴുപതിയൊൻപതോളം മില്യൺ യൂറോക്കാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തിയത്. നൂറ്റിപ്പന്ത്രണ്ട് മത്സരങ്ങളിൽ നിന്നും ഇരുപത്തി ഏഴു ഗോളുകൾ ആഴ്സണൽ ജേഴ്സിയിൽ നേടി.
ആദ്യ രണ്ടു സീസണുകളിൽ ടീമിൽ ഇടം പിടിക്കാൻ കഴിഞ്ഞെങ്കിലും ലില്ലേയിലെ ഗോളടി മികവ് ആഴ്സണലിൽ തുടരാൻ ആയില്ല. ഫോം നിലനിർത്താൻ കഴിയാത്തത് തിരിച്ചടി ആയതോടെ കഴിഞ്ഞ സീസണിൽ പലപ്പോഴും ബെഞ്ചിൽ ആയി സ്ഥാനം. ടീമുകൾ തമ്മിലുള്ള ചർച്ചകൾ പൂർത്തിയവുന്നതോടെ കൈമാറ്റത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തു വരും.