ഒഡ്രിയോസോളയെ കൂടെ സ്വന്തമാക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ് ശ്രമം

റയൽ മാഡ്രിഡ് റൈറ്റ് ബാക്ക് അൽവരോ ഒഡ്രിയോസോളയെ എത്തിക്കാൻ നോട്ടിങ്ഹാം ഫോറസ്റ്റ്. സ്പാനിഷ് മാധ്യമമായ എഎസ് ആണ് താരത്തിന് വേണ്ടി നോട്ടിങ്ഹാം ശ്രമിച്ചെക്കുമെന്ന സൂചനകൾ നൽകിയത്. റൈറ്റ് ബാക്ക് സ്ഥാനത്ത് കർവഹാൾ, വാസ്ക്വസ് എന്നിവരുണ്ടായിരിക്കെ ആൻസലോട്ടിയുടെ പദ്ധതിയിൽ തനിക്ക് സ്ഥാനമില്ലെന്ന് മനസിലായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. എന്നാൽ നോട്ടിങ്ഹാം താരത്തിന് വേണ്ടി ശ്രമിച്ചേക്കില്ല എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ട്രാൻസ്ഫർ വിൻഡോ അവസാന വാരത്തിലേക്ക് കടക്കാൻ ഇരിക്കെ മാഡ്രിഡ് വിടാൻ ഒഡ്രിയോസോള എത്രയും പെട്ടെന്ന് ശ്രമിച്ചേക്കും.

റയൽ സോസിഡാഡ് താരമായിരുന്ന ഒഡ്രിയോസോള 2018ലാണ് മാഡ്രിഡിലേക്ക് എത്തുന്നത്. കാര്യമായ അവസരങ്ങൾ ലഭിക്കാതിരുന്ന താരം 2020 ൽ ആറു മാസം ബയേണിൽ ലോണിൽ കളിച്ചു. കഴിഞ്ഞ സീസണിൽ ഫിയോറെന്റിനയിലും ലോണിൽ കളിച്ചു. ശേഷം മാഡ്രിഡിലേക്ക് തിരിച്ചെത്തി എങ്കിലും അവസരങ്ങൾ കുറവാകുമെന്ന് ഉറപ്പായ താരം ടീം വിടാനുള്ള ശ്രമത്തിലാണ്. നോട്ടിങ്ഹാം ഫോറസ്റ്റിലേക്ക് കൂടുമാറാൻ കഴിഞ്ഞില്ലെങ്കിൽ താരം മറ്റു ടീമുകൾ തേടിയേക്കും.