എൻഡോംബലയെ ടീമിൽ എത്തിച്ച് നാപോളി

ടോട്ടനം മിഡ്ഫീൽഡർ താങ്വി എൻഡോമ്പലയെ നാപോളി ടീമിൽ എത്തിച്ചു. ഒരു വർഷത്തെ ലോണിലാണ് ഫ്രഞ്ച് താരം ഇറ്റലിയിലേക്ക് എത്തുന്നത്. സീസണിന് ശേഷം താരത്തെ സ്വന്തമാക്കാനും നാപോളിക്ക് സാധിക്കും. ഇതിന് വേണ്ടി ഏകദേശം മുപ്പത് മില്യൺ യൂറോ വരെ ചെലവാക്കേണ്ടി വരും.

താരത്തെ വാങ്ങേണ്ടത് നിർബന്ധമായി കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ സീസണിന്റെ അവസാനം മാത്രമേ ഇതിനെ കുറിച്ച് നാപോളി തീരുമാനം എടുക്കൂ. ഒരു മില്യൺ യൂറോ ആണ് ലോൺ ഫീ.

2019ലാണ് ലിയോണിൽ നിന്നും എൻഡോമ്പലെ റെക്കോർഡ് തുക്കക് ടോട്ടനത്തിലേക്ക് എത്തുന്നത്. ഏകദേശം അറുപത് മില്യൺ യൂറോയോളം ടോട്ടനം മുടക്കിയിരുന്നു. പക്ഷെ താരത്തിന് വിചാരിച്ച പോലെ തിളങ്ങാൻ ആയില്ല. കോണ്ടെ എത്തിയ ശേഷം അവസരങ്ങൾ പാടെ കുറഞ്ഞതോടെ എൻഡോമ്പലെയെ ലിയോണിലേക്ക് തന്നെ ലോണിൽ അയക്കുകയായിരുന്നു.

ലോണിൽ എത്തിയ താരത്തെ സീസണിന്റെ അവസാനം സ്വന്തമാക്കാൻ ലിയോണും തയ്യാറായില്ല. പുതുതായി ഒരു പിടി താരങ്ങൾ ടീമിലേക്ക് എത്തിയതോടെ ടോട്ടനത്തിന്റെ പദ്ധതിയിൽ സ്ഥാനമില്ലെന്നുറപ്പിച്ച താരം പിന്നീട് ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു. പല പ്രമുഖ താരങ്ങളേയും നഷ്ടമായ നാപോളിയും പുതിയ കളിക്കാരെ എത്തിച്ച് മാറ്റത്തിന്റെ പാതയിലാണ്.