മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരം ഇല്ലാതെ നിൽക്കുന്ന ഗോൾ കീപ്പർ ഡീൻ ഹെൻഡേഴ്സണായി നോട്ടിങ്ഹാം ഫോറസ്റ്റ് രംഗത്ത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് തിരികെയെത്തിയ നോട്ടിങ്ഹാം വലിയ ഒരുക്കമാണ് നടത്തുന്നത്. അതിന്റെ ഭാഗമായാണ് നോട്ടിങ്ഹാം ഡീൻ ഹെൻഡേഴ്സണായി രംഗത്ത് വരാൻ കാരണം. ഹെൻഡേഴ്സണും നോട്ടിങ്ഹാമിലേക്ക് പോകാൻ ഒരുക്കമാണ്.
40 മില്യൺ യൂറോയോളം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡീൻ ഹെൻഡേഴ്സിനായി ആവശ്യപ്പെടുന്നത്. ന്യൂകാസിൽ ഉൾപ്പെടെയുള്ള ക്ലബുകളും ഡീനിനായി രംഗത്ത് ഉണ്ട്. എന്നാൽ ഇപ്പോൾ നോട്ടിങ്ഹാം തന്നെയാണ് മുന്നിൽ.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഒരു സീസൺ കൂടെ രണ്ടാം ഗോൾ കീപ്പറായി തുടരാൻ ഡീൻ ഹെൻഡേഴ്സൺ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ജനുവരിയിൽ ന്യൂകാസിൽ താരത്തെ സൈൻ ചെയ്യാൻ ശ്രമിച്ചിരുന്നു എങ്കിലും അത് നടന്നില്ല.
ഒരു സീസൺ മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒന്നാം നമ്പറായി മാറിയിരുന്ന ഡീൻ ഹെൻഡേഴ്സണ് പരിക്കായിരുന്നു തിരിച്ചടി ആയത്. ഡീൻ കൊറോണയും പരിക്കും കാരണം ഈ സീസൺ തുടക്കത്തിൽ പുറത്തായിരുന്നു. ആ സമയം കൊണ്ട് ഡി ഹിയ ഫോമിൽ ആവുകയും ഡീൻ ആദ്യ ഇലവനിൽ നിന്ന് അകലുകയും ചെയ്തു. പിന്നീട് സീസണിൽ ഉടനീളം ഡി ഹിയ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വല കാത്തത്.
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായ ഡീൻ ബെഞ്ചിൽ ഇരിക്കുന്നത് താരത്തിനും നല്ലതല്ല എന്നിരിക്കെ ഡീനിനെ ക്ലബ് വിടാൻ യുണൈറ്റഡും അനുവദിച്ചേക്കും. 40 മില്യൺ ലഭിക്കുക ആണെങ്കിൽ അത് മാഞ്ചസ്റ്റർ യുണൈറ്റഡിന് പുതിയ താരങ്ങളെ വാങ്ങാൻ വലിയ സഹായകമാവുകയും ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ.