ആൻഡർലെച്ചിൽ നിന്നും സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ സിറ്റി

ആൻഡർലെച്ച് പ്രതിരോധ താരം സെർജിയോ ഗോമസിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയുടെ നീക്കം. ബ്രൈറ്റണിൽ നിന്നും കുക്കുറെയ്യയെ എത്തിക്കാനുള്ള നീക്കങ്ങൾ വിജയം കാണില്ലെന്ന് ഉറപ്പായതോടെയാണ് സിറ്റി മറ്റ് സാധ്യതകൾ തേടിയത്. സിൻചെങ്കോ കൂടി ടീം വിട്ടതോടെ ഇടത്-വലത് ബാക്ക് സ്ഥാനങ്ങളിലേക്ക് ടീമിൽ ആകെ രണ്ടു താരങ്ങൾ മാത്രമുള്ള അവസ്ഥയാണുള്ളത്. ഈ സ്ഥാനത്തേക്കാണ് ഇരുപത്തിയൊന്ന്കാരനായ താരത്തെ സിറ്റി കാണുന്നത്.

മുൻ ബാഴ്‌സ യൂത്ത് ടീം അംഗമായ സെർജിയോ ഗോമസ് ബറൂസിയ ഡോർട്മുണ്ടിൽ നിന്നാണ് ബെൽജിയൻ ക്ലബ്ബിലേക്ക് എത്തുന്നത്. കരിയറിന്റെ തുടക്കത്തിൽ ഇടത് വിങ്ങിൽ കളിച്ചിരുന്ന താരം പിന്നീട് ഇടത് ബാക്ക് സ്ഥാനത്തേക്ക് മാറുകയായിരുന്നു. അവസാന സീസണിൽ ലീഗിൽ അഞ്ചു ഗോളും പന്ത്രണ്ട് അസിസ്റ്റും കണ്ടെത്താൻ ആയിരുന്നു. ഇരുപത്തിയൊന്ന്കാരനായ താരത്തെ എത്തിച്ച ശേഷം മറ്റ് ടീമുകളിലേക്ക് ലോണിൽ കൈമാറാൻ ആണ് സിറ്റിയുടെ പദ്ധതി. ജിറോണയാണ് താരത്തെ ലോണിൽ എത്തിക്കാൻ നിലവിൽ സന്നദ്ധരായിട്ടുള്ളത്. ബെൽജിയൻ ക്ലബ്ബുമായുള്ള ചർച്ചകൾ പൂർത്തിയവുന്ന മുറക്ക് സ്പാനിഷ് താരം സിറ്റിയിലേക്ക് എത്തിച്ചേരും.

Story Highlight: Manchester City are in negotiations with Anderlecht for Sergio Gómez