യുവതാരം ഫ്രാൻ ഗാർഷ്യയെ ടീമിലേക്ക് തിരിച്ചെത്തിക്കാൻ റയൽ മാഡ്രിഡ് നീക്കം. നിലവിൽ റയോ വയ്യക്കാനോ താരമായ ഇരുപത്തിമൂന്നുകാരനെ അടുത്ത സീസണിലേക്കാണ് റയൽ നോട്ടമിടുന്നത്. ലെഫ്റ്റ് ബാക്ക് സ്ഥാനത്ത് പന്തു തട്ടുന്ന താരം ടീമിന് കരുത്തേകും എന്ന് തന്നെയാണ് റയലിന്റെ കണക്ക് കൂട്ടൽ. നിലവിൽ ഇതേ സ്ഥാനത്തുള്ള ബെഞ്ചമിൻ മെന്റി അടുത്ത കാലത്ത് അത്ര നല്ല ഫോമിൽ അല്ല. മാഴ്സെലോ ഒഴിച്ചിട്ട് പോയ സ്ഥാനത്ത് ഫ്രാൻ ഗാർഷ്യക്ക് തിളങ്ങാൻ ആയാൽ അത് റയലിന് വലിയ മുതൽകൂട്ടാവും. നിലവിൽ റയോയിൽ താരത്തിന്റെ പ്രകടനവും ടീമിന് പ്രതീക്ഷ നൽകുന്നുണ്ട്.
മാഡ്രിഡ് യൂത്ത് ടീമുകളിലൂടെ വളർന്ന താരം 2020ലാണ് റയോ വയ്യക്കാനോയിലേക്ക് ചേക്കേറുന്നത്. ആദ്യം ലോണിൽ എത്തിയ താരത്തെ പിന്നീട് റയോ സ്വന്തമാക്കി. എന്നാൽ താരത്തിന്റെ പകുതി അവകാശത്തിന് പുറമെ ബൈ ബാക്ക് ക്ലോസ് ആയി പത്ത് മില്യണും റയൽ കരാറിൽ ചേർത്തിരുന്നു. ഇതോടെ അഞ്ച് മില്യൺ യൂറോ മാത്രമാകും ഫ്രാൻ ഗർഷ്യയെ തിരിച്ചെത്തിക്കാൻ റയൽ മുടക്കേണ്ടി വരിക. അടുത്തിടെ മാർകയിൽ നൽകിയ അഭിമുഖത്തിലും റയൽ ജേഴ്‌സി അണിയാനുള്ള തന്റെ സ്വപ്നം താരം വെളിപ്പെടുത്തിയിരുന്നു. ലെവർകൂസൻ അടക്കമുള്ള ടീമുകളും താരത്തിന് പിറകെ വന്നതോടെയാണ് ലെഫ്റ്റ് ബാക്കിന് വേണ്ടിയുള്ള തങ്ങളുടെ നീക്കങ്ങൾ റയൽ ശക്തമാക്കിയത് എന്നാണ് സൂചനകൾ.