ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ബ്രൈറ്റൺ സീസണിലെ അവരുടെ ആദ്യ സൈനിംഗ് പൂർത്തിയാക്കി. ഓസ്ട്രിയൻ ചാമ്പ്യൻമാരായ റെഡ് ബുൾ സാൽസ്ബർഗിൽ നിന്ന് മധ്യനിര താരം ഇനോ മ്വെപു ആണ് ബ്രൈറ്റണിൽ എത്തിയത്. താരം നാലുവർഷത്തെ കരാർ അൽബിയോണിൽ ഒപ്പുവെച്ചു. ടോപ്പ് ഫ്ലൈറ്റിൽ ബ്രൈറ്റന്റെ തുടർച്ചയായി അഞ്ചാം വർഷമാണ് ഇത്. സാംബിയൻ ഇന്റർനാഷണലായ മ്വെപുവിന് റെഡ് ബുൾ ആരാധകർ ‘കമ്പ്യൂട്ടർ’ എന്ന് വിളിപ്പേരു നൽകിയിരുന്നു. താരത്തിന്റെ കളിയിൽ ഉപയോഗിക്കുന്ന ബുദ്ധിയാണ് ഇങ്ങനെ ഒരു വിളിപ്പേരിന് കാരണം.
റെഡ് ബുൾ അരീനയിൽ തന്റെ നാല് വർഷത്തിനിടെ 81 ലീഗ് മത്സരങ്ങൾ കളിച്ച അദ്ദേഹം 11 ഗോളുകൾ നേടി. ഒമ്പത് അസിസ്റ്റുകളും നൽകി. കഴിഞ്ഞ സീസണിൽ സാൽസ്ബർഗിന്റെ ഓരോ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഗെയിമുകളിലും താരം കളിച്ചിരുന്നു. 2017 സെപ്റ്റംബറിൽ അരങ്ങേറ്റം മുതൽ സാംബിയ ദേശീയ ടീമിലെ സ്ഥിര സാനിദ്ധ്യമാണ് അദ്ദേഹം.