ലാ മാസിയ പ്രതിഭയെ ടീമിൽ എത്തിച്ച് ബയേൺ

Img 20220728 172923

ബാഴ്‌സലോണ യുവതാരം ആദം അസ്നൗവിനെ ടീമിൽ എത്തിച്ച് ബയേൺ. ബാഴ്‌സ യൂത്ത് ടീമുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ പരാജയപ്പെട്ടത്തിന് പിറകെ ടീം വിടാനുള്ള ഒരുക്കത്തിൽ ആയിരുന്നു പതിനാറുകാരനായ സ്പാനിഷ് താരം. പ്രതിഭാധനനായ താരത്തെ ടീമിൽ നിലനിർത്താൻ ബാഴ്‌സലോണ കഴിവതും ശ്രമിച്ചെങ്കിലും പുതിയ തട്ടകം തേടാൻ അസ്നൗ തീരുമാനിക്കുകയായിരുന്നു. താരവുമായി ദിവസങ്ങളായി ചർച്ച നടത്തി വന്ന ബയേൺ മറ്റ് ടീമുകളെ മറികടന്ന് സ്പാനിഷ് താരത്തെ സ്വന്തമാക്കുന്നതിൽ വിജയിച്ചു.
20220728 172847
ബാഴ്‌സലോണയുടെ യൂത്ത് ടീമായ കാഡറ്റ് എ അംഗമായിരുന്നു ആദം അസ്നൗ. ഇടത് ബാക്ക് സ്ഥാനത്ത് കളിക്കുന്ന താരത്തെ ഇതേ സ്ഥാനത്ത് സീനിയർ ടീമിൽ ഉള്ള ജോർഡി ആൽബയുടെ ഭാവിയിലെ പകരക്കാരൻ ആയിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. സ്പെയിനിന്റെ യൂത്ത് ടീം ദേശിയ ജേഴ്‌സിയും അണിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡും ബറൂസിയയും അടക്കം വമ്പന്മാർ താരത്തിന് പിറകെ ഉണ്ടായിരുന്നു. എങ്കിലും ബയേണിലേക്ക് ചേക്കേറാൻ തന്നെയായിരുന്നു പതിനാറുകാരന്റെ തീരുമാനം. 2025 വരെയുള്ള കരാർ ആണ് താരത്തിന് ബയേണിൽ ഉണ്ടാവുക. അതിന് ശേഷം തന്റെ ആദ്യ പ്രൊഫഷണൽ കരാർ ബയേണിൽ സ്വന്തമാക്കാനുള്ള സാധ്യതയും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.