ഡഗ്ലസ് കോസ്റ്റയെ വിൽക്കാൻ യുവന്റസ് ഒരുങ്ങുന്നു, വാങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്

ബ്രസീലിയൻ താരം ഡഗ്ലസ് കോസ്റ്റയെ വിൽക്കാൻ ഇറ്റാലിയൻ ക്ലബായ യുവന്റസ് ഒരുങ്ങുന്നു‌. പുതിയ താരങ്ങളെ എത്തിക്കേണ്ടത് കൊണ്ടാണ് കോസ്റ്റയെ വിൽക്കാൻ യുവന്റസ് തീരുമാനിച്ചിരിക്കുന്നത്. 29കാരനായ താരം അവസാന മൂന്ന് വർഷമായി യുവന്റസിൽ ഉണ്ട്. യുവന്റസ് ആരാധകർക്ക് ഇഷ്ടമുള്ള താരമാണെങ്കിലും കോസ്റ്റയ്ക്ക് സ്ഥിരമായി കളിക്കാൻ പലപ്പോഴും യുവന്റസിൽ പറ്റിയില്ല. എല്ലാ സീസണിലും കോസ്റ്റ ഭൂരിഭാഗം സമയവും പരിക്കേറ്റ് പുറത്തായിരിക്കും. ഈ സീസണിലും അത് തന്നെയാണ് സംഭവിച്ചത്.

ഇതാണ് താരത്തെ യുവന്റസ് വിൽക്കാൻ ശ്രമിക്കാനുള്ള പ്രധാന കാരണവും. കോസ്റ്റയെ വാങ്ങാൻ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്തുണ്ട്‌‌. വലതു വിങ്ങിൽ കളിക്കാൻ ഒരു താരത്തെ നോക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് കോസ്റ്റയിലും കണ്ണ് വെക്കുന്നുണ്ട് . 30 മില്യൺ എങ്കിലും ലഭിച്ചാൽ മാത്രമെ കോസ്റ്റയെ വിൽക്കു എന്നാണ് ഇപ്പോൾ യുവന്റസിന്റെ നിലപാട്. അത്രയും തുക നൽകാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായേക്കില്ല. പി എസ് ജിയും കോസ്റ്റയ്ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്‌.