ഡേവിഡ് ലൂയിസിന് പിന്തുണയുമായി മുൻ ആഴ്‌സണൽ നായകൻ

- Advertisement -

ആഴ്‌സണൽ കരിയറിന്റെ തുടക്കത്തിൽ വളരെ മോശം പ്രകടനങ്ങളുമായി വിമർശനങ്ങൾ ഒരുപാട് കേട്ട ബ്രസീൽ പ്രതിരോധതാരം ഡേവിഡ് ലൂയിസിനു പിന്തുണയുമായി മുൻ ആഴ്‌സണൽ നായകൻ പെർ മെറ്റസാക്കർ രംഗത്ത്. ഇപ്പോൾ ആഴ്‌സണൽ അക്കാദമിയുടെ പരിശീലകൻ കൂടിയായ മുൻ ജർമ്മൻ ലോകകപ്പ് ജേതാവ് ലൂയിസ് തന്റെ ആദ്യ മത്സരങ്ങളിലെ പിഴവ് വരും ദിനങ്ങളിൽ മറികടക്കും എന്നു പ്രത്യാശിച്ചു. ലൂയിസ് മികച്ച പ്രതിരോധതാരം ആണെന്ന് പറഞ്ഞ മെറ്റസാക്കർ ലൂയിസിന്റെ മികവ് ആഴ്‌സണലിന് വരും ദിനങ്ങളിൽ നേട്ടം ആകും എന്നും കൂട്ടിച്ചേർത്തു.

ഈ സീസൺ തുടക്കത്തിൽ ആണ് ഡേവിഡ് ലൂയിസ് ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച് കൊണ്ട് ചെൽസിയിൽ നിന്ന് ആഴ്‌സണലിലേക്ക് കൂട് മാറിയത്. സീസണിലെ രണ്ടാം മത്സരത്തിൽ ബേർൺലിക്ക് എതിരെ അരങ്ങേറ്റം കുറിച്ച ലൂയിസ് കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ലിവർപൂൾ, ടോട്ടനം ടീമുകൾക്ക് എതിരെ വളരെ മോശം പ്രകടനം ആണ് നടത്തിയത്. ലിവർപൂലിനെതിരെ പെനാൽട്ടി അടക്കം വഴങ്ങിയ ലൂയിസിനെതിരെ ഇതിനകം തന്നെ ഒരുവിഭാഗം ആരാധകരും തിരിഞ്ഞിരുന്നു. എന്നാൽ ആഴ്‌സണലിനായി നിരവധി മത്സരങ്ങൾ കളിച്ച മുൻ നായകന്റെ പിന്തുണ അതിനാൽ തന്നെ ലൂയിസിനു വലിയ ആശ്വാസം ആവും നൽകുക.

Advertisement