അഞ്ചാം ഹാട്രിക്കുമായി പെഡ്രോ മാൻസി, പൂനെ സിറ്റിയെ വീഴ്ത്തി ചെന്നൈ സിറ്റി എഫ്‌സി

സൂപ്പർ കപ്പിൽ ചെന്നൈ സിറ്റി എഫ്‌സിക്ക് തകർപ്പൻ ജയം. ഐഎസ്എൽ ക്ലബായ പൂനെ സിറ്റയെ തകർത്ത് ചെന്നൈ സിറ്റി എഫ്‌സി സൂപ്പർ കപ്പ് ക്വാർട്ടറിൽ. രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ചെന്നൈ സിറ്റിയുടെ വമ്പൻ ജയം. പെഡ്രോ മാൻസിയുടെ ഈ സീസണിലെ അഞ്ചാം ഹാട്രിക്കാണ് ചെന്നൈ സിറ്റിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. മൂന്നു ഗോളുകൾ ഒരുക്കിയതിനു പിന്നാലെ ചെന്നൈ സിറ്റിയുടെ നാലാം ഗോളിന് വഴിയൊരുക്കിയതും മാൻസിയാണ്. സാൻഡ്രോ റോഡ്രിഗസാണ് നാലാം ഗോൾ നേടിയത്.

പൂനെ സിറ്റിക്ക് വേണ്ടി മാഴ്‌സെലിനോ, മാർക്കോ സ്റ്റാൻകോവിച്ച് എന്നിവരാണ് ഗോളടിച്ചത്. നാൽപത് മിനുട്ടോളം 10 പേരുമായി കളിച്ചാണ് ഐ ലീഗ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. ഇയാൻ ഹ്യുമിനെ വീഴ്ത്താൻ ശ്രമിച്ചതിന് 57 ആം മിനുട്ടിൽ ചാൾസ് അനന്ദ്‌രാജ് രണ്ടാം മഞ്ഞക്കാർഡ് കണ്ടു പുറത്തായി. ഇനി ക്വാർട്ടറിൽ നിലവിലെ സൂപ്പർ കപ്പ് ജേതാക്കളായ ബെംഗളൂരു എഫ്‌സിയായാണ് ചെന്നൈ സിറ്റി നേരിടേണ്ടത്. മത്സരം ഏപ്രിൽ നാലിന് നടക്കും.