കേരള സബ്ജൂനിയർ ടീമിൽ ഗോകുലം എഫ് സിയുടെ നാലു താരങ്ങൾ

ദക്ഷിണ മേഖല സബ്ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന കേരള ടീമിൽ നാലു ഗോകുലം എഫ് സി താരങ്ങളും. അബി വി എ, അനസ്, മുഹമ്മദ് അർഷാദ്, രാഹുൽ ടി വി എന്നിവരാണ് കേരള ടീമിൽ ഇടം നേടിയത്. ഓഗസ്റ്റ് 12 മുതൽ തെലുംഗാനയിലാണ് മത്സരങ്ങൾ നടക്കുന്നത്.

ഇടുക്കി സ്വദേശിയായ അഭി പ്രതിരോധ നിരക്കാരനാണ്. ഗോകുലം എഫ് സിയുടെ 13 ടീമിന്റെ ഭാഗമാണ്. ഗോകുലത്തിന്റെ വളാഞ്ചേരിയിലെ ക്യാമ്പിൽ ശരീഫ് ഖാന്റെ കീഴിലാണ് അഭി പരിശീലിക്കുന്നത്. വിങ്ബാക്കായ രാഹുൽ ഗോകുലത്തെ കഴിഞ്ഞ അണ്ടർ 13 ഐലീഗിൽ പ്രതിനിധീകരിച്ചിട്ടുണ്ട്. പൊന്നാനി സ്വദേശിയാണ് രാഹുൽ.

മുഹമ്മദ് അർഷാദ് മണ്ണാർക്കാടിൽ നിന്നാണ് കേരള ടീമിൽ എത്തിയിരിക്കുന്നത്. ഡിഫൻസീവ് മിഡായും സെൻട്രൽ മിഡായും കളിക്കാൻ കഴിവുള്ള താരമാണ്. വേങ്ങര സ്വദേശിയായ അനസ് സ്ട്രൈക്കറായും വിങ്ങറായും കളിക്കാൻ കഴിവുള്ള പ്രതിഭയാണ്. അനസും, അർഷാദും രാഹുലും ചേലേമ്പ്രയിൽ കോച്ച് വി പി സുനീറിന്റെ കീഴിലാണ് പരിശീലിക്കുന്നത്.

ഈ താരങ്ങളെ കേരള ടീമിനായി സംഭാവന ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ടെന്നും. താരങ്ങളെ വളർത്തി കൊണ്ടു വരുക എന്നത് ക്ലബിന്റെ പ്രധാന ലക്ഷ്യമാണെന്നും ഗോകുലം എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടർ ബിനോ ജോർജ്ജ് പറഞ്ഞു. ഓഗസ്റ്റ് 12ന് ആന്ധ്രാപ്രദേശിനെ നേരിട്ട് കൊണ്ടാണ് കേരളത്തിന്റെ മത്സരങ്ങൾ ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial