നീലേശ്വരം അഖിലേന്ത്യാ സെവൻസിലെ കിരീട ഷൂട്ടേഴ്സ് പടന്ന സ്വന്തമാക്കി. ഇന്ന് കലാശ പോരാട്ടത്തിൽ എം ആർ സി എഫ് സി എഡാറ്റുമ്മലിനെ പരാജയപ്പെടുത്തിയാണ് ഷൂട്ടേഴ്സ് കിരീടം നേടിയത്. മുൻ കേരള ബ്ലാസ്റ്റേഴ്സ് താരവും ഇപ്പോൾ ചെന്നൈയിന്റെ താരവതാരവുമായ മുഹമ്മദ് റാഫിയുടെ മികവിൽ ആയിരുന്നു ഷൂട്ടേഴ്സിന്റെ വിജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ഷൂട്ടേഴ്സ് വിജയിച്ച മത്സരത്തിൽ രണ്ട് ഗോളിലും റാഫിയുടെ പങ്ക് ഉണ്ടായിരുന്നു.
കളി തുടങ്ങി 20ആം സെക്കൻഡിൽ പിറന്ന ആദ്യ ഗോളിന്റെ അസിസ്റ്റ് നൽകിയത് റാഫി ആയിരുന്നു. ഷൂട്ടേഴ്സിനെ 2-0ന് മുന്നിൽ എത്തിച്ച രണ്ടാം ഗോൾ നേടിയതും റാഫി ആയിരുന്നു. സീസണിലെ ഷൂട്ടേഴ്സ് പടന്നയുടെ ആദ്യ കിരീടമാണിത്.
സെമിയിൽ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തെ സെമി ഫൈനലിൽ വീഴ്ത്തി ആണ് ഷൂട്ടേഴ്സ് ഫൈനലിലേക്ക് എത്തിയത്. കെ എഫ് സി കാളികാവ്, ജയ തൃശ്ശൂർ, എഫ് സി പെരിന്തൽമണ്ണ, ലിൻഷാ മണ്ണാർക്കാട് എന്നിവരെയും ഷൂട്ടേഴ്സ് കിരീടത്തിലേക്കുള്ള യാത്രയിൽ തോൽപ്പിച്ചു.