യുവന്റസ് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് ഉള്ള ശ്രമങ്ങൾ തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ സസുവോളെയെ തോൽപ്പിക്കാൻ യുവന്റസിനായി. ചുവപ്പ് കാർഡ് കിട്ടി പ്രതിസന്ധിയിലായ സസുവോളയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെടുത്തിയത്. സ്കോർ പോലെ അത്ര എളുപ്പമായിരുന്നില്ല യുവന്റസിന്റെ വിജയം. മത്സരത്തിന്റെ 45ആം മിനുട്ടിൽ ഒബിയങാണ് ചുവപ്പ് കണ്ട് സസുവോളെ നിരയിൽ നിന്ന് പുറത്തായത്.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡനിലോ യുവന്റസിന് ലീഡ് നൽകി. പക്ഷെ 58ആം മിനുട്ടിൽ ഡെഫ്രലിലൂടെ യുവന്റസിനെ ഞെട്ടിച്ച് കൊണ്ട് സസുവോളെ സമനില നേടി. കളിയുടെ 82ആം മിനുട്ട് വേണ്ടി വന്നു യുവന്റസിന് ലീഡ് തിരികെ പിടിക്കാൻ. ഫുൾബാക്കായ ഫ്രബോട്ടയുടെ പാസിൽ നിന്ന് റാംസിയാണ് യുവന്റസിന് ലീഡ് തിരികെ നൽകിയത്. കളിയുടെ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോൾ കൂടെ വന്നതോടെ യുവന്റസിന്റെ വിജയം ഉറപ്പായി. 16 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുകയാണ് യുവന്റസ്. മുന്നിൽ ഉള്ള മറ്റു ടീമുകളെക്കാൾ ഒരു മത്സരം കുറവാണ് അവർ കളിച്ചത്.