റൊണാൾഡോയുടെ സുന്ദര ഫ്രീകിക്ക് തിരികെയെത്തി, യുവന്റസ് കിരീടത്തോട് അടുക്കുന്നു

- Advertisement -

അങ്ങനെ നീണ്ട കാലത്തെ ശ്രമങ്ങൾക്ക് ഒടുവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇറ്റലിയിൽ ആദ്യ ഫ്രീകിക്ക് ഗോൾ. ഇന്ന് നടന്ന ടൂറിൻ ഡാർബിയിൽ ആണ് ക്രിസ്റ്റ്യാനോ ഫ്രീകിക്ക് ഗോൾ കണ്ടെത്തിയത്. ടൊറിനോയെ നേരിട്ട യുവന്റസ് ഇന്ന് 4-1ന്റെ വൻ വിജയം തന്നെ നേടി. വിജയത്തെ മുന്നിൽ നിന്ന് നയിച്ചത് ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെ. ഒരു ഗോളും ഒരു അസിസ്റ്റും പോർച്ചുഗീസ് താരം ഇന്ന് സ്വന്തമാക്കി.

കളി ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഡിബാലോയിലൂടെ ലീഡ് എടുക്കാൻ യുവന്റസിനായി. തുടർച്ചയായ അഞ്ചാം മത്സരത്തിലാണ് ഡിബാല ഗോൾ നേടുന്നത്. ആദ്യ പകുതിയിൽ തന്നെ കൊഡ്രാഡോയിലൂടെ യുവന്റസ് രണ്ടാം ഗോളും നേടി. ആ ഗോൾ ഒരുക്കിയത് റൊണാൾഡോ ആയിരുന്നു. 61ആം മിനുട്ടിൽ ആയിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പഴയ സുന്ദര ഫ്രീകിക്ക് ഗോൾ കാണാൻ കഴിഞ്ഞത്. ഈ ഗോളോടെ റൊണാൾഡോയ്ക്ക് സീരി എയിൽ ഈ സീസണിൽ 25 ഗോളുകളായി.

മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഒരു സെൽഫ് ഗോൾ യുവന്റസിന് നാലാം ഗോളും നൽകി. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിൽ നിന്ന് ബെലോട്ടി ആയിരുന്നു ടൊറീനൊയുടെ ആശ്വാസ ഗോൾ നേടിയത്‌‌. ഈ വിജയത്തോടെ യുവന്റസിന് 30 മത്സരങ്ങളിൽ നിന്ന് 75 പോയന്റായി. രണ്ടാമതുള്ള ലാസിയോക്ക് 68 പോയന്റ് മാത്രമേ ഉള്ളൂ.

Advertisement