ഡെർബി ഡെൽ സോളിൽ റോമയ്‌ക്കെതിരെ നാലടിച്ച് നാപോളി

സീരി എ യിൽ റോമയ്ക്ക് നാണംകെട്ട തോൽവി. ഒളിമ്പിക് സ്റ്റേഡിയത്തിൽ റോമയെ നാണം കെടുത്തുകയായിരുന്നു നാപോളി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റോമയെ നാപോളി പരാജയപ്പെടുത്തിയത്. മിലിക്, മെർട്ടൻസ്,വെർദി, അമീൻ യൂനുസ് എന്നിവരാണ് നാപോളിക്ക് വേണ്ടി സ്‌കോർ ചെയ്തത്. റോമയുടെ ആശ്വാസ ഗോൾ നേടിയത് ഡിയാഗോ പെരോടിയാണ്‌.

ഡെർബി ഡെൽ സോളിൽ ജയം ലക്ഷ്യമാക്കിയാണ് റോമയിറങ്ങിയത്. ഇന്ന് ജയിച്ചിരുന്നെങ്കിൽ റോമയുടെ യൂറോപ്പ്യൻ പ്രതീക്ഷകൾക്ക് ചിറക് മുളച്ചേനെ. നാലാം സ്ഥാനത്തുള്ള മിലാനെക്കാൾ മൂന്നു പോയന്റ് പിന്നിലാണ് റോമ. എന്നാൽ മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ മിലിക് റോമയെ മുന്നിലെത്തിച്ചു. എന്നാൽ ആദ്യ പകുതിയുടെ അവസാന മിനിറ്റുകളിൽ റോമ സമനില നേടി.

പക്ഷെ രണ്ടാം പകുതിയിൽ കാർലോ അഞ്ചലോട്ടിയുടെ നാപോളി റോമയെ അക്ഷരാർത്ഥത്തിൽ കീഴടക്കി. മൂന്നു ഗോളുകളാണ് രണ്ടാം പകുതിയിൽ റോമയുടെ വലയിലേക്ക് നാപോളി അടിച്ചു കേറ്റിയത്. 2014. നു ശേഷം ആദ്യമായാണ് ഒരു ഹോം മാച്ചിൽ നാല് ഗോളുകൾ റോമ വഴങ്ങുന്നത്. 2014.ൽ ബയേൺ മ്യൂണിക്കിന് ശേഷം ഒളിമ്പിക് സ്റ്റേഡിയത്തിൽ നാല് ഗോളടിക്കുന്നത് നാപോളിയാണ്.