അവസാന ഏഴു മത്സരങ്ങളിൽ ഒരു ജയം മാത്രം, റോമയിൽ ജോസെ പതറുന്നു

ഇറ്റാലിയൻ ലീഗ് ക്ലബായ റോമക്ക് ഒരു പരാജയം കൂടെ. ഇന്ന് വെനിസിയ ആണ് റോമയെ ലീഗിൽ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് മൗറീനോയുടെ ടീം ഇന്ന് പരാജയപ്പെട്ടത്. അവസാന മൂന്ന് മത്സരങ്ങളും വിജയിക്കാത്ത റോമ അവസാന ഏഴു മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമെ നേടിയിട്ടുള്ളൂ. ഇന്ന് മൂന്നാം മിനുട്ടിൽ തന്നെ റോമ പിറകിൽ പോയി. കാൾദറ ആണ് വെനിസിയക്ക് ലീഡ് നൽകിയത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഷൊമുരുദോവും ടാമി അബ്രഹാമും നേടിയ ഗോളുകൾക്ക് റോമ 2-1ന് ലീഡ് എടുത്തു.

എന്നാൽ രണ്ടാം പകുതിയിൽ കാര്യങ്ങൾ കൈവിട്ടു പോയി. 65ആം മിനുട്ടിൽ അറാമു വെനിസിയയെ ഒപ്പം എത്തിച്ചു. 74ആം മിനുട്ടിൽ ഒകെരെകെ മൂന്നാം ഗോൾ നേടി ഹോം ടീമിന്റെ വിജയവും ഉറപ്പിച്ചു. വെനിസിയക്ക് വേണ്ടി ഗോൾ കീപ്പർ റൊമേരോ ഇന്ന് ഗംഭീര പ്രകടനം തന്നെ നടത്തി. 19 പോയിന്റുമായി റോമ ഇപ്പോൾ ലീഗിൽ അഞ്ചാം സ്ഥാനത്താണ്.