പെനാൽട്ടി രക്ഷിച്ചു മിലാൻ ഗോൾ കീപ്പർ, തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി എ.സി മിലാൻ

ഇറ്റാലിയൻ സീരി എയിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സമനില വഴങ്ങി നിലവിലെ ചാമ്പ്യന്മാരായ എ.സി മിലാൻ. ഇത്തവണ സസുയോളയോട് അവരുടെ മൈതാനത്ത് മിലാൻ ഗോൾ രഹിത സമനില വഴങ്ങുക ആയിരുന്നു. നിരവധി മാറ്റങ്ങളും ആയി മത്സരത്തിന് എത്തിയ മിലാനു പൊരുതികളിച്ച സസുയോളയെ മറികടക്കാൻ ആയില്ല. പന്ത് വലിയ രീതിയിൽ കൈവശം വച്ചെങ്കിലും വലിയ അവസരങ്ങൾ അധികം തുറക്കാൻ മിലാനു ആയില്ല.

22 മത്തെ മിനിറ്റിൽ ഡൊമനിക്കോ ബെറാർഡിയുടെ പെനാൽട്ടി രക്ഷിച്ച മിലാൻ ഗോൾ കീപ്പർ മൈക്ക് മയിഗ്നം അവരെ വലിയ അപകടത്തിൽ നിന്നു രക്ഷിച്ചു. സീനിയർ കരിയറിൽ നേരിട്ട 29 പെനാൽട്ടികളിൽ ഫ്രഞ്ച് കീപ്പർ രക്ഷിക്കുന്ന 9 മത്തെ പെനാൽട്ടി ആയിരുന്നു ഇത്. രണ്ടാം പകുതിയിൽ ബെറാർഡിക്ക് പരിക്കേറ്റത് സസുയോളക്ക് വലിയ തിരിച്ചടിയായി. സമനില വഴങ്ങിയെങ്കിലും നിലവിൽ മിലാൻ തന്നെയാണ് ലീഗിൽ ഒന്നാമത്, സസുയോള പത്താം സ്ഥാനത്തും ആണ്.