കഴിഞ്ഞ ദിവസം സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സ സൂപ്പർ താരം ലയണൽ മെസ്സി ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഈ ചുവപ്പ് കാർഡിന് പിന്നാലെ മെസ്സിക്ക് നാലു മത്സരങ്ങളോളം വിലക്ക് കിട്ടിയേക്കും എന്നാണ് അഭ്യൂഹങ്ങൾ ഉയരുന്നത്. മെസ്സിയുടെ ചുവപ്പ് കാർഡിനെതിരെ അപ്പീൽ പോകില്ല എങ്കിലും മെസ്സിക്ക് 2 മത്സരങ്ങളിലെ വിലക്ക് നൽകാവു എന്നാണ് ബാഴ്സലോണ ആവശ്യപ്പെടുന്നത്.
എന്നാൽ മെസ്സി അറിഞ്ഞ് കൊണ്ട് എതിർ താരത്തെ അടിക്കുന്നതാണ് എന്ന് വ്യക്തമായതിനാൽ മൂന്നോ നാലോ മത്സരത്തിൽ തന്നെ വിലക്ക് കിട്ടിയേക്കും. ബാഴ്സലോണ കരിയറിലെ ലയണൽ മെസ്സിയുടെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. ബാഴ്സലോണയിൽ ഇന്നലത്തേത് മെസ്സിയുടെ 753ആം മത്സരമായിരുന്നു. ഇതുവരെ മെസ്സി ചുവപ്പ് വാങ്ങിയിരുന്നില്ല. മെസ്സിയെ പ്രധാന മത്സരങ്ങൾക്ക് ആകും ബാഴ്സക്ക് നഷ്ടമാവുക. ഒരു കോപ ഡെൽ റേ മത്സരവും മൂന്ന് ലീഗ് മത്സരങ്ങളുമാണ് ഇനു ബാഴ്സക്ക് മുന്നിൽ ഉള്ളത്.